ഗ്വാളിയോര്‍: ബംഗ്ലാദേശുമായുള്ള ഒന്നാം ടി20യില്‍ ഗംഭീര വിജയം കൊയ്തിരിക്കുകയാണ് സൂര്യകുമാര്‍ യാദവിന്റെ ടീം ഇന്ത്യ. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ മിന്നുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം തന്നെയാണ് കളിക്കളത്തില്‍ കണ്ടത്. ഈ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്.
മലയാളി താരം സഞ്ജു സാംസണിനെ സംബന്ധിച്ചും ഇതു ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്ന മല്‍സരം തന്നെയാണ്. കാരണം ആദ്യം വിക്കറ്റിനു പിന്നിലും പിന്നീട് ബാറ്റിങിലും തിളങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചു. ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച സഞ്ജു 19 ബോളില്‍ ആറു ഫോറടക്കം 29 റണ്‍സ് സ്‌കോര്‍ ചെയ്താണ് മടങ്ങിയത്.
എന്നിട്ടും സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം സഞ്ജുവിനെതിരേ വിമര്‍ശനങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ റണ്ണൗട്ടില്‍ സഞ്ജുവാണ് തെറ്റുകാരനെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനു പിന്നിലുള്ള കാരണമെന്താണെന്നു നോക്കാം.

പുതിയ ഓപ്പണിണ് ജോടി
ആദ്യ ടി20യില്‍ പുതിയ ഓപ്പണിങ് ജോടികളായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നു മികച്ച തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. 128 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ വളരെ അഗ്രസീവായി തന്നെ ഇരുവരും ബാറ്റ് ചെയ്തു. 12 ബോളില്‍ 25 റണ്‍സ് അടിച്ചെടുത്ത് ഈ ജോടി മുന്നേറവെയാണ് നിര്‍ഭാഗ്യകരമായ രീതിയില്‍ അഭിഷേക് റണ്ണൗട്ടായത്. ഏഴു ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 16 റണ്‍സാണ് താരം നേടിയത്.
പേസര്‍ ടസ്‌കിന്‍ അഹമ്മദെറിഞ്ഞ രണ്ടാം ഓവറിലെ അവസാനത്തെ ബോളിലായിരുന്നു ഇത്. സഞ്ജുവാണ് സ്‌ട്രൈക്ക് നേരിട്ടത്. ആംഗിള്‍ ചെയ്ത് അകത്തേക്കു വന്ന ഗുഡ്‌ലെങ്ത് ബോളാണ് ടസ്‌കിന്‍ പരീക്ഷിച്ചത്. ഷോര്‍ട്ട് മിഡ് വിക്കറ്റ് ഏരിയയിലേക്ക് സഞ്ജു ഇതു കളിക്കുകയും ചെയ്തു. സിംഗിളിനായി രണ്ടടി മുന്നോട്ടു വച്ചതിനു ശേഷം അപകടം മനസ്സിലാക്കിയ സഞ്ജു ഇതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.
പക്ഷെ ക്രീസിന്റെ മറുവശത്ത് അഭിഷേക് അപ്പോഴേക്കും സിംഗിളിനായി അല്‍പ്പദൂരം മുന്നിലേക്കു ഓടിക്കഴിഞ്ഞിരുന്നു. എന്നാല്‍ സഞ്ജു സിംഗിള്‍ വേണ്ടെന്നു തീരുമാനിച്ചതോടെ അഭിഷേക് ആശയക്കുഴപ്പത്തിലായി. ഇതിനിടെ തൗഹിദ് റിദോയ് ബോള്‍ ഫീല്‍ഡ് ചെയ്ത ശേഷം അതിവേഗം നോണ്‍സ്‌ട്രൈക്കറുടെ എന്‍ഡിലുള്ള വിക്കറ്റും തെറിപ്പിച്ചു. അഭിഷേക് തിരികെ ക്രീസിലേക്കു എത്തുമ്പോഴേക്കും അതു സംഭവിച്ചു കഴിഞ്ഞിരുന്നു. ഇതോടെ അഭിഷേക് നിരാശനായി ക്രീസ് വിട്ടപ്പോള്‍ ക്രീസിന്റെ മറുവശത്ത് സഞ്ജു ഞെട്ടലോടെ നില്‍പ്പുണ്ടായിരുന്നു.
യഥാര്‍ഥത്തില്‍ അവിടെ ഒരു സിംഗിളിനുള്ള പഴുതില്ലായിരുന്നു. ഈ കാരണത്താലാണ് ഷോട്ട് കളിച്ച് അല്‍പ്പം മുന്നോട്ടു കയറിയ ശേഷം ഫീല്‍ഡറെ കണ്ട് സഞ്ജു പിന്‍മാറിയത്. പക്ഷെ അഭിഷേക് ബോള്‍ ശ്രദ്ധിക്കാതെ വെറും സഞ്ജുവിന്റെ കോള്‍ മാത്രമേ നോക്കിയുള്ളൂ. ഈ കാരണത്താല്‍ അദ്ദേഹത്തിനു സ്വന്തം വിക്കറ്റും നഷ്ടപ്പെടുത്തേണ്ടി വന്നു.

സഞ്ജു തന്നെ വില്ലന്‍
അഭിഷേക് ശര്‍മയുടെ റണ്ണൗട്ടില്‍ സഞ്ജു സാംസണാണ് തെറ്റുകാരനെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. സിംഗിളിനായി ആദ്യം കോള്‍ ചെയ്തത് സഞ്ജുവാണെന്നും ഈ കാരണത്താലാണ് അഭിഷേക് അതിനു ശ്രമിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
അഭിഷേക് ശര്‍മ പുറത്തായതല്ല, സഞ്ജു സാംസണ്‍ റണ്ണൗട്ടാക്കിയതാണ്. എന്തിനായിരുന്നു സിംഗിളിനായി അദ്ദേഹം കോള്‍ ചെയ്തത്? ഷോട്ട് കളിച്ച ശേഷം തന്നെ അവിടെ ഫീല്‍ഡറുണ്ടെന്നും സിംഗിള്‍ കിട്ടില്ലെന്നും സഞ്ജു കണ്ടതാണ്.
എന്നിട്ടും എന്തിനാണ് അദ്ദേഹം അല്‍പ്പം മുന്നോട്ടു വന്ന് അഭിഷകിനെ ആശയക്കുഴപ്പത്തിലാക്കിയത്? ഷോട്ട് കളിച്ചയുടന്‍ സിംഗിള്‍ വേണ്ടെന്നു സഞ്ജു ആംഗ്യം കാണിച്ചിരുന്നെങ്കില്‍ അഭിഷേക് ഒരിക്കലും റണ്ണൗട്ടാവുമായിരുന്നില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
സഞ്ജു സാംസണിന്‍െ ഭാഗത്താണ് തെറ്റ്. കാരണം അതു അദ്ദേഹത്തിന്റെ കോളായിന്നു. സിംഗിളില്ലെന്നു സഞ്ജുവിന് അറിയാം. എന്നിട്ടും അത്തരമൊരു ശ്രമം നടത്തിയത എന്തിനാണെന്നും ആരാധകര്‍ ചോദിക്കുന്നു