ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍ ഹീറോയായി മാറിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷിച്ച പ്രകടനം നടത്താനാവാത്ത സഞ്ജു സാംസണ്‍ മൂന്നാം മത്സരത്തില്‍ 47 പന്തില്‍ 111 റണ്‍സ് നേടിയാണ് മിന്നിച്ചത്. 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ മിന്നല്‍ സെഞ്ച്വറി. 236.17 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു തകര്‍ത്തടിച്ചത്. ഒരോവറില്‍ നാല് തുടര്‍ ഫോറും അഞ്ച് തുടര്‍ സിക്‌സുകളും ഉള്‍പ്പെടെ മിന്നല്‍ ബാറ്റിങ്ങാണ് സഞ്ജു പുറത്തെടുത്തത്.
ഇന്ത്യ ഓപ്പണിങ്ങിലേക്കെത്തിച്ചതോടെ സഞ്ജുവിന്റെ പ്രകടന നിലവാരം വളരെയധികം മുന്നോട്ട് പോയിരിക്കുകയാണ്. വീരേന്ദര്‍ സെവാഗിനോടും രോഹിത് ശര്‍മയോടും താരതമ്യം ചെയ്യുന്ന തരത്തിലേക്ക് സഞ്ജുവിന്റെ ഓപ്പണറെന്ന നിലയിലെ സെഞ്ച്വറി പ്രകടനം മാറിയിരിക്കുകയാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഹിറ്റ്മാന്‍ പട്ടം രോഹിത് ശര്‍മക്കാണ്. എന്നാല്‍ രോഹിത് ശര്‍മ ടി20യില്‍ നിന്ന് കളമൊഴിഞ്ഞതിനാല്‍ ഇനി ഹിറ്റ്മാന്‍ പട്ടം ചേരുന്നത് സഞ്ജുവിനാണ്. കാരണങ്ങളിതാ
അനായാസം സിക്‌സര്‍ പറത്താനുള്ള കഴിവ്
രോഹിത് ശര്‍മക്ക് ഹിറ്റ്മാന്‍ പട്ടം ചാര്‍ത്തിക്കൊടുക്കാനുള്ള പ്രധാന കാരണം അനായാസം സിക്‌സര്‍ പറത്താനുള്ള കഴിവായിരുന്നു. ബൗളറുടെ ടൈമിങ്ങിനെ ഉപയോഗിച്ച് അപാര ടൈമിങ്ങില്‍ ബാറ്റ് ചെയ്യുന്ന താരമാണ് രോഹിത്. പലപ്പോഴും നിന്നിടത്ത് നിന്ന് വമ്പന്‍ സിക്‌സര്‍ പറത്താന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഇത് രോഹിത്തിന്റെ കൈകരുത്തിന്റെ ഫലമല്ല. മറിച്ച് അദ്ദേഹത്തിന് ലഭിച്ച കഴിവിന്റെ ഫലമാണെന്ന് പറയാം. അനായാസമായി സിക്‌സറിലേക്ക് പന്ത് പായിക്കാന്‍ രോഹിത്തിന് സാധിച്ചതുപോലെ സഞ്ജുവിനും സാധിക്കുന്നു.
സഞ്ജുവിന്റെ സിക്‌സര്‍ നേടാനുള്ള കഴിവ് അധികമാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത രീതിയിലാണ്. സഞ്ജു കൈക്കരുത്തിനെ കൂടുതല്‍ പ്രയോജനപ്പെടുത്തിയാണ് കളിക്കുന്നതെങ്കിലും പലപ്പോഴും അനായാസമായിത്തന്നെ സിക്‌സര്‍ നേടാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും അനായാസം സിക്‌സര്‍ പറത്തുന്ന താരമാണ് സഞ്ജു സാംസണ്‍. ഓപ്പണര്‍ റോളില്‍ പവര്‍പ്ലേ മുതലാക്കി സിക്‌സര്‍ മഴ പെയ്യിക്കാന്‍ സഞ്ജുവിന് സാധിക്കും.

വിക്കറ്റ് പോകുമോയെന്ന് ഭയമില്ലാത്ത ശൈലി
രോഹിത് ശര്‍മ ഇന്ത്യയുടെ നായകനാണെങ്കിലും ആക്രമണോത്സകതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ കടന്നാക്രമിച്ച് കളിക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും ഏത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ഇതേ വെടിക്കെട്ട് ശൈലിയെ രോഹിത് ശര്‍മ പിന്തുണച്ചിരുന്നു. അതേ ശൈലികൊണ്ടാണ് രോഹിത് ഇത്രയും മികച്ച കരിയര്‍ പടുത്തുയര്‍ത്തിയത്. ഇതേ നിലപാടാണ് സഞ്ജുവിന്റേതും.
വിക്കറ്റ് പോകുമോയെന്ന് ഭയക്കാതെ ടീമിനായി കടന്നാക്രമിച്ച് കളിക്കാന്‍ സഞ്ജു മടികാട്ടുന്നില്ല. സഞ്ജുവിന്റെ കരിയറിലെ നിര്‍ണ്ണായക സമയത്ത് ആക്രമണോത്സകത കൈവിട്ട് കരിയര്‍ കെട്ടിപ്പടുക്കാന്‍ പലരും ഉപദേശിച്ചിരുന്നു. എന്നാല്‍ സഞ്ജു ഇത് ചെവിക്കൊള്ളാതെ തന്റെ ആക്രമണ ശൈലിയെ മുറുകെപ്പിടിച്ചാണ് മുന്നോട്ട് പോകുന്നത്. ഭയമില്ലാത്ത രോഹിത്തിന്റെ അതേ ശൈലിയാണ് സഞ്ജുവും കരിയറില്‍ പിന്തുടരുന്നതെന്ന് പറയാം.
സ്പിന്നിനേയും നന്നായി നേരിടും
മിക്ക ബാറ്റ്‌സ്മാന്‍മാരുടേയും പ്രശ്‌നം പേസിനെതിരേ കസറുമ്പോഴും സ്പിന്നിനെതിരേ പതറുന്നുവെന്നതാണ്. എന്നാല്‍ സഞ്ജു സാംസണും രോഹിത് ശര്‍മയും സ്പിന്നിനേയും നന്നായി നേരിടുന്നവരാണ്. രോഹിത് കൂടുതലും സ്വീപ് ഷോട്ടുകളിലൂടെയാണ് സ്പിന്നര്‍മാര്‍ക്കെതിരേ റണ്‍സുയര്‍ത്തുന്നത്. എന്നാല്‍ സഞ്ജു സാംസണ്‍ തന്റെ ഫുട് വര്‍ക്കുകളിലൂടെ സ്പിന്നര്‍മാരെ കടന്നാക്രമിക്കുന്ന താരമാണ്.
പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ രോഹിത്തിനെപ്പോലെ സഞ്ജുവിനും സാധിക്കുന്നുണ്ട്. നിലവിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണെന്ന് തന്നെ പറയാം. അടുത്ത ഹിറ്റ്മാന്‍ വിശേഷണത്തിന് ഏറ്റവും അര്‍ഹന്‍ നിലവില്‍ സഞ്ജു സാംസണാണ്. ഏകദിനത്തിലും സഞ്ജുവിനെ ഇന്ത്യക്ക് ഓപ്പണറായി പരിഗണിക്കാവുന്നതാണ്.