ചെന്നൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ഈ മാസം 19ന് തുടക്കം കുറിക്കാനിരിക്കെ വമ്പന്‍ മുന്നറിയിപ്പുമായി ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ ഷൊരിഫുല്‍ ഇസ്ലാം. ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ടീം ജയിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ കാരണവും തുറന്നു പറഞ്ഞിരിക്കുകയാണ് ബംഗ്ലാ പേസര്‍.
വലിയൊരു ഇടവേളയ്ക്കു ശേഷം റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള ഇന്ത്യയുടെ മടങ്ങിവരവ് കൂടിയാണ് ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര. ഈ വര്‍ഷം ഒരേയൊരു ടെസ്റ്റ് പരമ്പരയില്‍ മാത്രമേ ഇന്ത്യ കളിച്ചിട്ടുള്ളൂ. ജനുവരി-മാര്‍ച്ച് മാസങ്ങളിലായി നാട്ടില്‍ ഇംഗ്ലണ്ടുമായാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ ഏറ്റുമുട്ടിയത്. പരമ്പര 4-1നു ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

തയ്യാറെടുപ്പ് തുടങ്ങി ബംഗ്ലാ ടീം
ഇന്ത്യന്‍ പര്യടനത്തിനു മുന്നോടിയായി ബംഗ്ലാദേശ് ടീം തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. മിര്‍പൂരിലാണ് ബംഗ്ലാ ടീമിന്റെ പരിശീലന ക്യാംപ് നടക്കുന്നത്. ഇന്ത്യയില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പര മാത്രമല്ല, അതിനു ശേഷം അടുത്ത മാസം മൂന്നു ടി20കളുടെ പരമ്പരയിലും ഇന്ത്യന്‍ ടീം കളിക്കുന്നുണ്ട്.
മിര്‍പൂരിലെ ക്യാംപിനു ശേഷമാണ് ബംഗ്ലാദേശ് ടീം ഇന്ത്യയിലേക്കേു യാത്ര തിരിക്കുക. അവസാനമായി പാകിസ്താനെ അവരുടെ നാട്ടില്‍ നാണംകെടുത്തി ടെസ്റ്റ് പരമ്പര 2-0നു സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീം.
ആദ്യ ടെസ്റ്റ് ജയിക്കും
ഇന്ത്യക്കെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ ബംഗ്ലാദേശ് ടീം മേല്‍ക്കൈ നേടുമെന്നാണ് ഷൊരിഫുല്‍ ഇസ്ലാമിന്റെ മുന്നറിയിപ്പ്. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ വിജയം തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനു വേണ്ടിയാവും ടീം ശ്രമിക്കുക.
പാകിസ്താനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിനു ശേഷമാണ് കൂടുതല്‍ ഫ്രഷായി ഞങ്ങളെത്തുന്നത്. ടീമിലെ എല്ലാവരും വലിയ ആത്മവിശ്വാസത്തില്‍ തന്നെയാണ്. ഇന്ത്യയുമായുള്ള പരമ്പരയില്‍ ഇതു ഉപയോഗിക്കാന്‍ തന്നെയായിരിക്കും ടീം ശ്രമിക്കുകയെന്നും ഷൊരിഫുല്‍ വ്യക്തമാക്കി.
ഇന്ത്യ അനുഭവസമ്പത്തുള്ള ടീം
പാകിസ്താന്‍ ക്രിക്കറ്റ് ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ അനുഭവസമ്പത്തുള്ള ടീമാണ് ഇന്ത്യയുടേത്. മാത്രമല്ല കൂടുതല്‍ വലിയ ടീം കൂടിയാണ് അവര്‍. വമ്പന്‍ ടീമുകള്‍ക്കെതിരേ ഞങ്ങള്‍ക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞാല്‍ ബംഗ്ലാദേശ് ടീമിനെ കൂടുതല്‍ ആരാധകര്‍ പിന്തുടരുമെന്നും കൂടുതല്‍ പേര്‍ തങ്ങളുടെ മല്‍സരങ്ങള്‍ കാണുമെന്നും ഷൊരിഫുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടെസ്റ്റില്‍ ഇന്ത്യക്കെതിരേയുള്ള ഓവറോള്‍ റെക്കോര്‍ഡ് ബംഗ്ലാദേശിന് ഒട്ടും സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. ടെസ്റ്റില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല, 13 ടെസ്റ്റുകളിലാണ് ഇതുവരെ ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇവയില്‍ 11ലും വിജയം ഇന്ത്യക്കായിരുന്നു. രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.
2022ലായിരുന്നു ഇന്ത്യയും ബംഗ്ലാദേശും അവസാനമായി ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടിയത്. അന്നു രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 188 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്.
പക്ഷെ രണ്ടാം ടെസ്റ്റില്‍ അത്ര ആധികാരികമായിരുന്നില്ല ഇന്ത്യയുടെ പ്രകടനം. റണ്‍ചേസില്‍ അല്‍പ്പമൊന്നു പതറിയ ഇന്ത്യന്‍ ടീം മൂന്നു വിക്കറ്റിന്റെ ത്രില്ലിങ് വിജയമാണ് സ്വന്തമാക്കിയത്. കെഎല്‍ രാഹുലായിരുന്നു ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത്.