IND vs BAN: ടെസ്റ്റ് വിട്ടേക്ക്, ടി20യില്‍ ഇന്ത്യയെ തകര്‍ക്കും!! വീണ്ടും ബംഗ്ലാ ക്യാപ്റ്റന്റെ ഭീഷണി
ഗ്വാളിയോര്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരപ്പെട്ടെങ്കിലും ടി20 പരമ്പരയില്‍ ഇതിനു പകരം വീട്ടുമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ. ഇതു രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പ് നല്‍കുന്നത്. നേരത്തേ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പും ഇന്ത്യയെ വീഴ്ത്തുമെന്നു ഷാന്റോ വീമ്പിളക്കിയിരുന്നു. എന്നാല്‍ പൊരുതാന്‍ പോലുമാവാതെയാണ് ടെസ്റ്റ് പരമ്പരയില്‍ അവരെ ഇന്ത്യ വാരിക്കളഞ്ഞത്.
ഞായറാഴ്ച രാത്രി ഗ്വാളിയോറിലാണ് ടി20 പരമ്പരയിലെ ആദ്യ മല്‍സരം നടക്കാനിരിക്കുന്നത്. ടെസ്റ്റ് പരമ്പര നേടിയ ടീമില്‍ നിന്നും തികച്ചും വ്യത്യസ്തമായ ടീമിനെയാണ് ടി20യില്‍ ഇന്ത്യ അണിനിരത്തുന്നതത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ യുവതാരങ്ങള്‍ക്കാണ് മുന്‍തൂക്കം. ചില പുതുമുഖങ്ങളും പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

ടി20 പരമ്പര ജയിക്കാന്‍ ശ്രമിക്കും
ഇന്ത്യക്കെതിരേയുള്ള ടി20 പരമ്പരയില്‍ വിജയിക്കാന്‍ തന്നെയായിരിക്കും ബംഗ്ലാദേശ് ടീമിന്റെ ശ്രമമെന്നു ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ വ്യക്തമാക്കി. ആദ്യ പോരാട്ടത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സത്യസന്ധമായി പറയുകയാണെങ്കില്‍ പരമ്പര നേടാന്‍ തന്നെയാണ് ഞങ്ങളുടെ ശ്രമം. അഗ്രസീവ് ക്രിക്കറ്റ് കളിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവസാനത്തെ ടി20 ലോകകപ്പ് നോക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കു സെമി ഫൈനലില്‍ കളിക്കാനുള്ള നല്ല അവസരമുണ്ടായിരുന്നു. പക്ഷെ അതിനു കഴിഞ്ഞില്ല'.
എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടേത് പുതിയ ടീമാണ്. മുഴുവന്‍ താരങ്ങളും ഇന്ത്യയുമായുള്ള ടി20 പരമ്പരയില്‍ മികച്ച ക്രിക്കറ്റ് കളിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഷാന്റോ വ്യക്തമാക്കി.
ടെസ്റ്റിലെ തോല്‍വി
ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിലേറ്റ തിരിച്ചടികളെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നു നജ്മുല്‍ ഹുസൈന്‍ ഷാന്റോ പറഞ്ഞു. ടെസ്റ്റ് പരമ്പരയില്‍ ഞങ്ങള്‍ ഏറ്റവും മികച്ച ക്രിക്കറ്റല്ല കളിച്ചിട്ടുള്ളതെന്നു എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ നേരത്തേ എന്താണ് ചെയ്തത് എന്നതിനെക്കുറിച്ചു ഞങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുകയും ചെയ്യുന്നില്ല.
മുന്നോട്ടു പോകവെ ഞങ്ങളെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട ടി20 പരമ്പരയാണ് തുടങ്ങാനിരിക്കുന്നത്. ടെസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ടി20യെന്നത് തീര്‍ത്തും വ്യത്യസ്തമായ ഗെയിമാണ്. ആ പ്രത്യേക ദിവസം നന്നായി കളിക്കുന്നത് ഏതു ടീമാണോ അവര്‍ക്കു ഈ ഫോര്‍മാറ്റില്‍ വിജയിക്കാന്‍ സാധിക്കുമെന്നും ഷാന്റോ കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് പരമ്പരയുമായി താരതമ്യം ചെയ്യുമ്പോള്‍ ടി20യില്‍ ഇന്ത്യക്കു തികച്ചും വ്യത്യസ്തമായ ടീമാണെങ്കില്‍ ബംഗ്ലാദേശിനു അങ്ങനെയല്ല. ടെസ്റ്റ് പരമ്പരയുടെ ഭാഗമായിരുന്ന അഞ്ചു കളിക്കാര്‍ ടി20യിലും അവരുടെ ടീമിന്റെ ഭാഗമമാണ്.

ഗ്വാളിയോറിലെ പിച്ച്
ആദ്യ ടി20 പോരാട്ടം പുതിയ ഗ്രൗണ്ടിലായതിനാല്‍ ഇവിടുത്തെ പിച്ച് എങ്ങനെയായിരിക്കുമെന്നു വലിയ ധാരണയില്ലെന്നു നജ്മുല്‍ ഷാന്റോ പറഞ്ഞു. ആദ്യടി20 നടക്കുന്ന ഗ്രൗണ്ട് തീര്‍ത്തും വ്യത്യസ്തമാണ്. ഇവിടുത്തെ വിക്കറ്റ് എങ്ങനെയായിരിക്കുമെന്നു ഞങ്ങള്‍ക്കു യാതൊരു ഐഡിയയുമില്ല.
എങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ കുറച്ച് പരിശീലന സെഷനുകളില്‍ ഞങ്ങള്‍ പങ്കെടുത്തിരുന്നു. ഈ വിക്കറ്റ് എങ്ങനെയാവുമെന്നു മനസ്സിലാക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇവിടുത്തെ പ്രതലം എങ്ങനെയായിരിക്കുമെന്നറിയില്ല. പക്ഷെ അന്താരാഷ്ട്ര ടീമെന്ന നിലയില്‍ കഴിയുന്നത്രയും വേഗത്തില്‍ ഞങ്ങള്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടത് ആവശ്യമാണ്.
ടി20യില്‍ എന്തും സംഭവിക്കാം. ഒരു പ്രത്യേക ദിവസത്തെ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയെല്ലാം നന്നായി വരികയാണെങ്കില്‍ ആ ടീമിനു വിജയിക്കാന്‍ സാധിക്കും. ടീമിലെ വലിയ താരങ്ങളോ, പുതിയ താരങ്ങളോ, പ്രായമേറിയ താരങ്ങളോയൊന്നുമല്ല ഇവിടെ പ്രധാനം. അതുകൊണ്ടു തന്നെ ആ പ്രത്യേക ദിവസം ഞങ്ങള്‍ നന്നായി കളിക്കേണ്ടത് ആവശ്യമാണെന്നും ഷാന്റോ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications