ചെന്നൈ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ബാറ്റിങില്‍ കുരുക്കാനുള്ള പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് ടീം. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ തങ്ങള്‍ക്കു ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയുള്ള താരം ഹിറ്റ്മാനാണെന്നു അവര്‍ക്കു നന്നായി അറിയാം. സമീപകാലത്തെ അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനം തന്നെയാണ് കാരണം. ഏറ്റവും അവസാനമായി ശ്രീലങ്കയുമായി കളിച്ച ഏകദിന പരമ്പരയിലെ ടോപ്‌സ്‌കോററും രോഹിത്തായിരുന്നു.
ബംഗ്ലാദേശ് ടീം തയ്യാറാക്കിയ കെണിയില്‍ രോഹിത് കുരുങ്ങുമോയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്. അദ്ദേഹത്തിന്റെ ചില ദൗര്‍ബല്യങ്ങള്‍ മുതലാക്കാന്‍ തന്നെയാണ് നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീമിന്റെ ശ്രമം. രോഹിത്തിനു വേണ്ടി അവരുടെ മൂന്നു പ്ലാനുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ആദ്യത്തെ പ്ലാന്‍ ഇങ്ങനെ
ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവു നന്നായി പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ സാാധിക്കുന്ന താരങ്ങളിലൊരാളാണ് രോഹിത് ശര്‍മ. ഷോര്‍ട്ട് പിച്ച് ബോളുകളെ അദ്ദേഹം പലപ്പോഴും വളരെ അനായാസം ഗ്യാലറിയിലേക്കു പറത്തുന്നത് നമ്മള്‍ കാണുകയും ചെയ്തിട്ടുള്ളതാണ്. ഷോര്‍ട്ട് പിച്ച് ബോളുകള്‍ രോഹിത്തിനു ഒരു ദൗര്‍ബല്യമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഇതു അദ്ദേഹത്തെ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.
ചില മല്‍സരങ്ങളില്‍ ഇത്തരം ബോളുകള്‍ക്കെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച ശേഷം അദ്ദേഹം ക്യാച്ച് സമ്മാനിച്ച് മടങ്ങുന്നത് നമ്മള്‍ കണ്ടിട്ടുള്ളതുമാണ്. ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡറെ നിര്‍ത്തിയാണ് രോഹിത്തിനെ എതിര്‍ ടീം ഈ കെണിയില്‍ കുരുക്കാറുള്ളത്. ബംഗ്ലാദേശ് ടീമില്‍ രോഹിത്തിനെ ഷോര്‍ട്ട് ബോളില്‍ കുരുക്കാനുള്ള ദൗത്യം ടസ്‌കിന്‍ അഹമ്മദിനായിരിക്കും. ബൗളിങിലെ തന്റെ വേഗത കൊണ്ട് ഇന്ത്യന്‍ നായകന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ അദ്ദേഹത്തിനു സാധിക്കും.
അടുത്ത പ്ലാന്‍ അറിയാം
വളരെ മികച്ച രീതിയില്‍ സ്വീപ്പ് ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് രോഹിത് ശര്‍മ. സമീപകാലത്തെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം നോക്കിയാല്‍ സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ അനായാസം സ്വീപ്പ് ഷോട്ടുകള്‍ കളിക്കാറുണ്ടെന്നു കാണാം. നേരത്തേ സ്വീപ്പ് ഷോട്ടുകളെ അധികം ആശ്രയിച്ചിരുന്ന താരമല്ല രോഹിത്. എന്നാല്‍ ഇപ്പോള്‍ തന്റെ ആവനാഴിയിലേക്കു അദ്ദേഹം ഇതും കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.
എന്നാല്‍ സ്വീപ്പ് ഷോട്ടുകള്‍ എല്ലായ്‌പ്പോഴും പ്രതീക്ഷിച്ച ഫലം നല്‍കണമെന്നില്ല. ബോളിനു കുറുകെ സ്വീപ്പ് ഷോട്ടിനു ശ്രമിച്ചാല്‍ അതു പുറത്താവലിനു വഴിയൊരുക്കും. രോഹിത്തിനെക്കൊണ്ട് ഈ പിഴവ് ചെയ്യിക്കാന്‍ നിര്‍ബന്ധിതനാക്കുകയെന്നതാണ് ബംഗ്ലാദേശിന്റെ പ്ലാന്‍.
റണ്ണെടുക്കാന്‍ പഴുതു നല്‍കാതെ രോഹിത്തിനെ സമ്മര്‍ദ്ദത്തിലാക്കിയ ശേഷം ഈ തരത്തിലുള്ള ഷോട്ട് കളിക്കാന്‍ പ്രേരിപ്പിക്കാനാണ് അവര്‍ പ്ലാന്‍ ചെയ്യുന്നത്. രണ്ടു എന്‍ഡുകളിലും സ്പിന്നര്‍മാരെ കൊണ്ടുവന്ന് രോഹിത്തിനെ പിടിച്ചുകെട്ടിയാല്‍ ഈ പ്ലാന്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ.

അവസാനത്തെ പ്ലാന്‍
ഈ രണ്ടു പ്ലാനുകളും വിജയിച്ചില്ലെങ്കില്‍ മറ്റൊരു പ്ലാന്‍ കൂടി ബംഗ്ലാദേശ് ഒരുക്കിയിട്ടുണ്ട്. തുടര്‍ച്ചയായി ഫുള്‍ ലെങ്ത്ത് ബോളുകള്‍ പരീക്ഷിക്കുകയെന്നതാണ് ഈ തന്ത്രം. സമീപകാലത്തു രോഹിത് ശര്‍മയെ പലപ്പോഴും ഇതു കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നു കാണാം. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കവെ എതിര്‍ ടീമുകള്‍ അദ്ദേഹത്തെ പലപ്പോഴും കുരുക്കിയത് ഈ തന്ത്രത്തിലൂടെയാണ്.
ഇത്തരം ബോളുകള്‍ക്കെതിരേ ഷോട്ടിനു ശ്രമിച്ച് മിഡ് ഓണ്‍, മിഡ് ഓഫ് ഏരിയകളില്‍ ക്യാച്ച് സമ്മാനിച്ച് രോഹിത് പുറത്താവുന്നത് പല തവണ കണ്ടിട്ടുണ്ട്. ബംഗ്ലാദേശ് ബൗളര്‍മാരും ഈ കെണിയില്‍ അദ്ദേഹത്തെ കുരുക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഈ മൂന്നു കെണിയില്‍ നിന്നും രക്ഷപ്പെട്ടാല്‍ രോഹിത്തില്‍ നിന്നും വലിയൊരു സെഞ്ച്വറി തന്നെ ആദ്യ ടെസ്റ്റില്‍ നമുക്കു പ്രതീക്ഷിക്കാം.