കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ അവിശ്വസനീയ ജയം നേടിയെടുത്തിരിക്കുകയാണ്. മഴമൂലം രണ്ടര ദിവസം മാത്രം നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ആദ്യ മത്സരം 280 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ട് മത്സരവും ജയിച്ചതോടെ രണ്ട് മത്സര പരമ്പര തൂത്തുവാരി. ബംഗ്ലാദേശ് പാകിസ്താനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തെറിഞ്ഞ് ടെസ്റ്റ് പരമ്പര തൂത്തുവാരിയാണ് ഇന്ത്യയിലേക്കെത്തിയത്. ഇന്ത്യയേയും തോല്‍പ്പിക്കുമെന്ന് വെല്ലുവിളി നടത്തിയാണ് ബംഗ്ലാദേശ് വന്നത്.
എന്നാല്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ നാണംകെട്ട തോല്‍വിയോടെ തല കുനിക്കേണ്ടി വന്നു. പാകിസ്താനെ തളച്ച പോരാട്ട വീര്യംകൊണ്ടെത്തിയ ബംഗ്ലാദേശിന് ഇന്ത്യയില്‍ ഒന്ന് പൊരുതാന്‍ പോലുമായില്ലെന്നതാണ് എടുത്ത് പറയേണ്ടത്. ഇപ്പോഴിതാ വമ്പന്‍ തോല്‍വിക്ക് പിന്നാലെ എന്തുകൊണ്ടാണ് ബംഗ്ലാദേശ് ഇത്തരത്തില്‍ നാണംകെട്ട് തോറ്റതെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ബംഗ്ലാദേശ് പരിശീലകനായ ചന്ദിക ഹതുരസിന്‍ഹ. പാകിസ്താനിലെ തന്ത്രം ഇന്ത്യയില്‍ നടക്കാത്തതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യയുടെ ആക്രമണം വേറെ ലെവല്‍
പ്രകടനം വിലയിരുത്തുമ്പോള്‍ ഞങ്ങളുടെ തോല്‍വി വളരെയധികം വേദനിപ്പിക്കുന്നു. ഇന്ത്യയുടേത് പോലെ ഇത്തരത്തിലൊരു സമീപനം ടെസ്റ്റില്‍ മുമ്പ് കണ്ടിട്ടില്ല. രോഹിത് ശര്‍മയും സംഘവും എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു. ഞങ്ങള്‍ക്ക് വേഗത്തില്‍ ആ അപ്രതീക്ഷിത നീക്കത്തോട് പൊരുത്തപ്പെടാനായില്ല. ബംഗ്ലാദേശിന്റെ ബാറ്റിങ്ങാണ് വളരെയധികം നിരാശപ്പെടുത്തിയത്. അവസാന പരമ്പരയില്‍ ചില താരങ്ങള്‍ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം മികച്ച പ്രകടനങ്ങള്‍ ഉണ്ടായില്ല.
ഇന്ത്യയുടെ ബാറ്റിങ് പ്രകടനം ഉയര്‍ന്ന നിലവാരത്തിലുള്ളതായിരുന്നു. ഇന്ത്യക്കെതിരായ ഈ തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ട്. ഇന്ത്യ ഏറ്റവും മികച്ച ടീമാണ്. ഇന്ത്യയില്‍ ഇന്ത്യക്കെതിരേ ടെസ്റ്റ് കളിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എത്രത്തോളം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ഇപ്പോള്‍ മനസിലായി' ബംഗ്ലാദേശ് കോച്ച് പറഞ്ഞു. ബംഗ്ലാദേശിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത് ഇന്ത്യയുടെ ആക്രമണോത്സക ബാറ്റിങ്ങാണ്.

ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ട്
ക്ലാസിക് ശൈലിയില്‍ കളിക്കേണ്ട ടെസ്റ്റില്‍ ബാറ്റിങ് വെടിക്കെട്ടാണ് ഇന്ത്യ കാഴ്ചവെച്ചത്. ബംഗ്ലാദേശിനെ ഒന്നാം ഇന്നിങ്‌സില്‍ 233 റണ്‍സിന് പുറത്താക്കിയത് നാലാം ദിനത്തിന്റെ രണ്ടാം സെക്ഷനിലാണ്. ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്നപ്പോള്‍ രണ്ടും മൂന്നും ദിവസം മത്സരങ്ങള്‍ നടന്നേയില്ല. രണ്ടര ദിവസം മാത്രമാണ് മത്സരം നടന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ നാലാം ദിനം കടന്നാക്രമിച്ചു. 9 വിക്കറ്റിന് 285 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.
52 റണ്‍സ് ലീഡ് വഴങ്ങിയ ബംഗ്ലാദേശിനെ രണ്ടാം ഇന്നിങ്‌സില്‍ 146 റണ്‍സിലൊതുക്കിയ ഇന്ത്യ 95 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്ന് ഏഴ് വിക്കറ്റിന്റെ വിജയം നേടിയെടുക്കുകയായിരുന്നു. ബാസ് ബോള്‍ ശൈലിയെ വെല്ലുന്ന ബാറ്റിങ് വെടിക്കെട്ടാണ് ഇന്ത്യന്‍ ടീം കാഴ്ചവെച്ചത്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ വിജയങ്ങളിലൊന്നായിരുന്നു ബംഗ്ലാദേശിനെതിരേ കാണ്‍പൂരില്‍ നേടിയെടുത്തതെന്ന് പറയാം.
ബംഗ്ലാദേശിന് വലിയ നാണക്കേട്
പാകിസ്താനെ അവരുടെ തട്ടകത്തില്‍ നാണംകെടുത്തിയ ബംഗ്ലാദേശിന് ഇന്ത്യയിലേക്കെത്തിയപ്പോള്‍ ഒന്നുമെത്താനായില്ല. മത്സരത്തിന് മുമ്പ് ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ പാകിസ്താന് ശേഷം ഇന്ത്യയാണെന്നടക്കം വെല്ലുവിളി നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ബംഗ്ലാദേശിന് സാധിക്കാതെ വന്നുവെന്ന് മാത്രമാണ് വലിയ തോല്‍വിയാണ് ടീമിന് നേരിട്ടിരിക്കുന്നതെന്ന് പറയാം. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരായ വെല്ലുവിളികളുടെ പേരില്‍ ഇപ്പോള്‍ നിരവധി ട്രോളുകളാണ് ബംഗ്ലാദേശിനെതിരേ ഉയരുന്നത്.