കറാച്ചി: പാകിസ്താനെതിരേ അവരുടെ തട്ടകത്തില്‍ ടെസ്റ്റ് പരമ്പര നേടി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. രണ്ട് മത്സര പരമ്പര ബംഗ്ലാദേശ് തൂത്തുവാരുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും അച്ചടക്കം കാട്ടിയ ബംഗ്ലാദേശ് നിര പാകിസ്താനെ അവരുടെ മടയില്‍ ഒന്നുമല്ലാതെ ആക്കിക്കളഞ്ഞു. ഇനി ബംഗ്ലാദേശിന് മുന്നിലുള്ളത് ഇന്ത്യക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ തീയ്യതി പ്രഖ്യാപിച്ച് കഴിഞ്ഞു.
അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ബംഗ്ലാദേശിന് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യയേയും വീഴ്ത്തണം. പാകിസ്താനെ അവരുടെ മടയില്‍ വീഴ്ത്തിയത് ബംഗ്ലാദേശിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശ് നായകനായ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ. വലിയ ആത്മവിശ്വാസത്തോടെയാണ് ബംഗ്ലാദേശ് വരുന്നതെന്നാണ് നായകന്‍ പറയുന്നത്.
'ഇന്ത്യക്കെതിരായ അടുത്ത പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. പാകിസ്താനെതിരായ ജയം വളരെയധികം ആത്മവിശ്വാസം നല്‍കുന്നു. അനുഭവസമ്പന്നരായ താരങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇത് ഇന്ത്യയില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. മെഹതി ഹസന്‍ മിറാസ് അത്ഭുത പ്രകടനമാണ് നടത്തിയത്. എത്ര മനോഹരമായാണ് അവന്‍ പന്തെറിഞ്ഞത്. പാക് സാഹചര്യത്തില്‍ അഞ്ച് വിക്കറ്റുകള്‍ അവന്‍ നേടി. വലിയ പ്രതീക്ഷ നല്‍കുന്ന മെഹതി ഇന്ത്യക്കെതിരേയും ഇതേ പ്രകടനം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാകിസ്താനെതിരായ പരമ്പര നേട്ടത്തിന്റെ സന്തോഷം എത്രത്തോളമാണെന്ന് വാക്കുകളിലൂടെ പറയാനാവില്ല. താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നതും എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുത്ത് തങ്ങളുടെ ജോലി നന്നായി ചെയ്തു. വലിയ അത്ഭുതകരമായ കാര്യമാണിത്. പേസര്‍മാരുടെ സ്ഥിരതയും ഞങ്ങളുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. പ്ലേയിങ് 11ല്‍ ഇല്ലാത്ത നാല് താരങ്ങള്‍ പുറത്തുനിന്ന് ഞങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസവും ഈ സമയത്ത് മറക്കാനാവില്ല.

ഈ വിജയ സംസ്‌കാരം തുടരാനാവുമെന്ന് തന്നെ കരുതുന്നു' ഷാന്റോ പറഞ്ഞു. ബംഗ്ലാദേശിന്റെ സ്പിന്‍ കരുത്ത് അതി ശക്തമാണ്. ഇന്ത്യന്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ബംഗ്ലാദേശിന്റെ സ്പിന്നര്‍മാരെ ഇന്ത്യ കരുതിയിരിക്കണം. ഇന്ത്യയുടെ സമീപകാലത്തെ സ്പിന്നിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. രോഹിത് ശര്‍മ ഒഴികെ മറ്റെല്ലാവരും സ്പിന്നില്‍ പതറുന്നതാണ് കാണാനാവുന്നത്.
അവസാന ശ്രീലങ്ക പരമ്പരയില്‍ ഇത് പ്രകടമായിരുന്നു. വിരാട് കോലിയും കെ എല്‍ രാഹുലും ശ്രേയസ് അയ്യരുമെല്ലാം ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പതറി. അതുകൊണ്ടുതന്നെ ഇന്ത്യ ബംഗ്ലാദേശ് ബൗളര്‍മാരെ കരുതിത്തന്നെ ഇറങ്ങണം. വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള സ്പിന്‍ ബൗളര്‍മാര്‍ ബംഗ്ലാദേശിനൊപ്പമുണ്ട്. ഇതിനെ അവഗണിച്ച് ഇന്ത്യ അമിത ആത്മവിശ്വാസം കാട്ടിയാല്‍ തിരിച്ചടി ലഭിക്കാന്‍ സാധ്യതയുണ്ട്.
ബംഗ്ലാദേശ് ഇന്ത്യയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. രോഹിത് ശര്‍മയും സംഘവും ഇടവേളക്ക് ശേഷമാണ് ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. എന്നാല്‍ ഇന്ത്യയെ പാകിസ്താനെ തോല്‍പ്പിച്ച പോലെ തോല്‍പ്പിക്കാമെന്നത് ബംഗ്ലാദേശിന്റെ സ്വപ്‌നമാണെന്ന് പറയാം. പാകിസ്താന്‍ പരമ്പര തോല്‍ക്കാനുള്ള പ്രധാന കാരണം ടീമിലെ പടലപ്പിണക്കമാണ്. താരങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത പ്രകടനത്തില്‍ പ്രതിഫലിച്ചിരുന്നു. ഇത് പാകിസ്താന്റെ തോല്‍വിക്ക് കാരണമായി.
ഇന്ത്യ ബംഗ്ലാദേശിനെതിരേ ദുര്‍ബലമായ ടീമിനെ ഇറക്കാന്‍ സാധ്യതയില്ല. പരിശീലകനായ ഗൗതം ഗംഭീര്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാവും ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ ബംഗ്ലാദേശിനെതിരേ ഇറക്കുകയെന്നാണ് വിവരം. ഇന്ത്യയുടെ യുവനിരയായാലും ശക്തമായ നിരയായിരിക്കും ഉണ്ടാവുക. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മുന്നില്‍ക്കണ്ടും ഡബ്ല്യുറ്റിസി ഫൈനല്‍ സ്വപ്‌നം കണ്ടുമാവും ഇന്ത്യ ഇറങ്ങുക. അതുകൊണ്ടുതന്നെ ബംഗ്ലാദേശിന് എളുപ്പമാവില്ല.