IND vs BAN: ബംഗ്ലാദേശിന് പാളിയതെവിടെ? യഥാര്‍ഥ കാരണം ഇതാണ്! വെളിപ്പെടുത്തലുമായി ഷാന്റോ
ഗ്വാളിയോര്‍: ഇന്ത്യക്കെതിരായ ആദ്യ ടി20 പോരാട്ടത്തില്‍ ബംഗ്ലാദേശിന്റെ കനത്ത തോല്‍വിയുടെ യഥാര്‍ഥ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ. ആദ്യ ടി20യില്‍ നേരിട്ട ഏഴു വിക്കറ്റിന്റെ കനത്ത പരാജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിന്റെ പരാജയത്തിനു വളരെ വിചിത്രമായ കാരണമാണ് ഷാന്റോ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മാത്രമല്ല വിജയത്തിന്റെ ക്രെഡിറ്റ് ഇന്ത്യക്കു നല്‍കാനും അദ്ദേഹം തയ്യാറായില്ല.
ഈ പരമ്പരയ്ക്കു മുമ്പ് ഇന്ത്യയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി അഗ്രസീവ് ക്രിക്കറ്റ് തന്നെ പുറത്തെടുക്കുമെന്നും ഷാന്റോ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തേ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു മുമ്പും ഇന്ത്യക്കു ഇതേ രീതിയിലുള്ള മുന്നറിയിപ്പ് അദ്ദേഹം നല്‍കിയിട്ടുണ്ട്. പക്ഷെ രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി ബംഗ്ലാദേശിനെ ഇന്ത്യ നാണംകെടുത്തുകയായിരുന്നു.

നന്നായി തുടങ്ങിയില്ല
ആദ്യ ടി20യില്‍ ബാറ്റിങിനു അയക്കപ്പെട്ട ശേഷം ബംഗ്ലാദേശ് ടീമിനു നന്നായി തുടങ്ങാന്‍ സാധിച്ചില്ലെന്നും ഇതു വലിയ തിരിച്ചടിയായി മാറിയെന്നുമാണ് നജ്മുല്‍ ഹുസൈന്‍ ഷാന്റോ ചൂണ്ടിക്കാണിക്കുന്നത്. കളിയിലെ ടേണിങ് പോയിന്റും ഇതാണെന്നും പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുക്കുന്നതില്‍ ബംഗ്ലാദേശ് ടീം പരാജയപ്പെട്ടതായും അദ്ദേഹം പറയുന്നു.
ഈ മല്‍സരത്തില്‍ ഞങ്ങള്‍ നന്നായി തുടങ്ങിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. ടി20യില്‍ ആദ്യത്തെ ആറോവറുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. പക്ഷെ ഞങ്ങള്‍ക്കു നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല. പോസിറ്റീവ് ക്രിക്കറ്റ് കളിക്കുകയെന്നതായിരുന്നു നേരത്തേയുള്ള പ്ലാന്‍. പക്ഷെ വ്യക്തമായ പ്ലാന്‍ ഇല്ലാത്ത തരത്തിലായിരുന്നു കളിക്കളത്തില്‍ ഞങ്ങള്‍ കാണപ്പൈട്ടത്. അടുത്ത മല്‍സരത്തില്‍ കൃത്യമായ ഒരു പ്ലാന്‍ ഞങ്ങള്‍ തയ്യാറാക്കേണ്ടത് ആവശ്യമാണെന്നും ഷാന്റോ വിശദമാക്കി.
പവര്‍പ്ലേയില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിനെ ബാക്ക്ഫൂട്ടിലാക്കാന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. ആറോവറില്‍ വെറും 39 റണ്‍സ് മാത്രമേ അവര്‍ക്കു നേടാനായുള്ളൂ. ആദ്യ ഓവറിലെ അവസാന ബോളില്‍ തന്നെ ലിറ്റണ്‍ ദാസിനെ (4) അര്‍ഷ്ദീപ് സിങ് മടക്കി. മൂന്നാം ഓവറിലെ ആദ്യ ബോളില്‍ പര്‍വേസ് ഹുസൈനെ (8) പുറത്താക്കി അര്‍ഷ്ദീപ് വീണ്ടും ബംഗ്ലാദശിനെ ഞെട്ടിക്കുകയായിരുന്നു.
സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ അഞ്ചാം ഓവറിലാണ് ബംഗ്ലാദേശ് കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തത്. 15 റണ്‍സ് ഈ ഓവറില്‍ അടിച്ചെടുക്കാന്‍ അവര്‍ക്കു സാധിച്ചു. രണ്ടു ഫോറും ഒരു സിക്‌സറുമടക്കമാണിത്. അരങ്ങേറ്റ മല്‍സരം കളിച്ച യുവ പേസര്‍ മായങ്ക് യാദവാണ് പവര്‍പ്ലേയിലെ അവസാന ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. എന്നാല്‍ ഈ ഓവര്‍ മെയ്ഡനാക്കി മാറ്റിയ അദ്ദേഹം ബംഗ്ലാദേശിനെ ഞെട്ടിക്കുകയും ചെയ്തു.

സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യണം
ബംഗ്ലാദേശ് താരങ്ങള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ആദ്യ ടി20യില്‍ ഇതിനു സാധിക്കാതെ പോയത് ടീമിനു ക്ഷീണമായിട്ടുണ്ടെന്നും നജ്മുല്‍ ഹുസൈന്‍ ഷാന്‍റോ വ്യക്തമാക്കി. മല്‍സരം പരാജയപ്പെട്ടെങ്കിലും ടീമിനെ സംബന്ധിച്ച് ചില പോസ്റ്റീവുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കുന്നതില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്. ടി20 ക്രിക്കറ്റെന്നാല്‍ വെറും വലിയ ഷോട്ടുകളടിക്കുക മാത്രമല്ല. വിക്കറ്റുകള്‍ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ നമുക്കു മികച്ച സ്‌കോറും കണ്ടെത്താന്‍ സാധിക്കും. ഞങ്ങള്‍ ഈ മല്‍സരത്തില്‍ മതിയായ റണ്‍സ് നേടിയില്ല'.
റിഷാദ് (റിഷാദ് ഹുസൈന്‍) നന്നായി ബൗള്‍ ചെയ്തു. ഫിസും (മുസ്തഫിസുര്‍ റഹ്മാന്‍) മികച്ച പ്രകടനം നടത്തി. പക്ഷെ ഞങ്ങള്‍ക്കു മതിയായ റണ്‍സുണ്ടായിരുന്നില്ലെന്നും ഷാന്റോ കൂട്ടിച്ചേര്‍ത്തു. അതേസമയം, പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ബുധനാഴ്ച രാത്രി ഏഴു മുതല്‍ ഡല്‍ഹിയില്‍ നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications