ചെന്നൈ: ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഗംഭീര വിജയത്തോടെ തന്നെ തുടങ്ങിയിരിക്കുകയാണ്. തികച്ചും ഏകപക്ഷീയമായ ചെന്നൈ ടെസ്റ്റില്‍ വെറും നാലര ദിവസം കൊണ്ടാണ് ബംഗ്ലാ കടുവകളെ രോഹിത് ശര്‍മയും സംഘവും വാരിക്കളഞ്ഞത്. 280 റണ്‍സിന്റെ മിന്നുന്ന വിജയമാണ് ചെപ്പോക്കില്‍ ഇന്ത്യ കൊയ്തത്. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ കാണ്‍പൂരിലാണ് രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ്.
പാകിസ്താനുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ നയിച്ച ബംഗ്ലാദേശ് ടീം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയിലെത്തിയത്. ഇവിടെയും അത്തരമൊരു അദ്ഭുതജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു അവര്‍. എന്നാല്‍ ബംഗ്ലാ ടീമിനെ സ്വപ്‌നലോകത്തു നിന്നും താഴേക്കു ഇറക്കിയിരിക്കുകയാണ് ടീം ഇന്ത്യ.
എന്നാല്‍ ബംഗ്ലാദേശ് ടീമിനെ പൂര്‍ണമായി എഴുതിത്തള്ളുന്നത് അപകടമായിരിക്കും. രണ്ടാം ടെസ്റ്റില്‍ ശക്തമായി തിരിച്ചുവരാനുള്ള ശേഷി ഇപ്പോഴും അവര്‍ക്കുണ്ട്. മൂന്നു കാര്യങ്ങള്‍ ക്ലിക്കായാല്‍ അടുത്ത ടെസ്റ്റില്‍ ബംഗ്ലാദേശിനെ ഇന്ത്യ ഭയക്കണം. ഇവ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

സ്പിന്നര്‍മാരുടെ പ്രകടനം
ചെന്നൈ ടെസ്റ്റില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ബംഗ്ലാദശിനു ആഗ്രഹിച്ചതു പോലെയൊരു തുടക്കം നല്‍കിയെങ്കിലും സ്പിന്നര്‍മാര്‍ക്കു പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല. തുടക്കത്തില്‍ പതറിയ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നതും ഇതു തന്നെയാണ്. ബംഗ്ലാ ടീമിലെ സ്പിന്‍ ജോടികളായ മെഹ്ദി ഹസന്‍ മിറാസും ഷാക്വിബുല്‍ ഹസനും 29 ഓവറുകളാണ് ആദ്യ ഇന്നിങ്‌സില്‍ ബൗള്‍ ചെയ്തത്. ഇവയില്‍ 127 റണ്‍സ് വിട്ടുകൊടുത്ത അവര്‍ക്കു വീഴ്ത്താനായത് ഒരേയൊരു വിക്കറ്റ് മാത്രമാണ്.
രണ്ടു പേര്‍ക്കുമെതിരേ ഇന്ത്യയുടെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും 4.37 റണ്‍റേറ്റില്‍ റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ബൗളിങില്‍ അശ്വിന്‍ - ജഡജേ ജോടി ആദ്യ ഇന്നിങ്‌സില്‍ 21 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളും വീഴ്ത്തി. രണ്ടാമിന്നിങ്‌സില്‍ പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്കു കൂടുതല്‍ ആനുകൂല്യം ലഭിച്ചപ്പോഴും ഇതു മുതലാക്കാന്‍ ഷാക്വിബ്- മിറാസ് ജോടിക്കായില്ല. 4.79 ഇക്കോണമി റേറ്റില്‍ റണ്‍സ് വിട്ടുകൊടുത്ത ഇരുവര്‍ക്കും കൂടി രണ്ടു വിക്കറ്റുകളേ ലഭിച്ചുള്ളൂ.
മറുഭാഗത്ത് അശ്വിനും ജഡേജയും ചേര്‍ന്ന് ഒമ്പതു വിക്കറ്റുകളാണ് കടപുഴക്കിയത്. രണ്ടാം ടെസ്റ്റിന്റെ വേദിയായ കാണ്‍പൂരിലെ പിച്ച് സ്പിന്നര്‍മാരെ വളരെയധികം തുണയ്ക്കുന്നതാണ്. അതുകൊണ്ടുതന്നെ മിറാസ്- ഷാക്വിബ് ജോടി ഇവിടെ ഉജ്ജ്വലമായി പന്തെറിഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു അതു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും.
മധ്യനിര ഫോമിലാവണം
മധ്യനിര ബാറ്റിങ് ദയനീയമായി പരാജയപ്പെട്ടതാണ് ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനു ക്ഷീണമായ രണ്ടാമത്തെ കാര്യം. പ്രതീക്ഷിച്ചതു പോലെയുള്ള പ്രകടനങ്ങള്‍ മധ്യനിര, ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ നിന്നും ബംഗ്ലാദേശ് ടീമിനു ലഭിച്ചില്ല. നേരത്തേ പാകിസ്താനുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാ ടീമിന്റെ അവിസ്മരണീയ വിജയത്തിനു കാരണം മധ്യനിരയുടെ ഉജ്ജ്വല പ്രകടനമായിരുന്നു. പക്ഷെ ഇന്ത്യക്കെതിരേ അവര്‍ നനഞ്ഞ പടക്കമായി മാറി.
ഷാക്വിബുല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം, മെഹ്ദി ഹസന്‍ മിറാസ്, ലിറ്റണ്‍ ദാസ് തുടങ്ങി മികച്ച താരങ്ങള്‍ ബംഗ്ലാദേശിന്റെ മധ്യനിരയിലുണ്ട്. പക്ഷെ ഇന്ത്യക്കു കാര്യമായ വെല്ലുവിളി സൃഷ്ടിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ മധ്യനിര മികച്ച ഇന്നിങ്‌സുകളുമായി തിരിച്ചുവരാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ ബംഗ്ലാദേശിനെ ചെറിയ ടോട്ടലില്‍ ഒതുക്കുക കടുപ്പമായിരിക്കും.

ഷാക്വിബ് സ്റ്റാറാവാണം
ബംഗ്ലാദേശ് ടീമിന്റെ നിലവിലെ ഏറ്റവും വലിയ മാച്ച് വിന്നറാണ് ഷാക്വിബുല്‍ ഹസന്‍. ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കാറുണ്ട്. ഇന്ത്യക്കു വേണ്ടി ചെന്നൈ ടെസ്റ്റില്‍ ആര്‍ അശ്വിന്‍ നടത്തിയതു പോലെയൊരു ഓള്‍റൗണ്ട് പ്രകടനം പുറത്തെടുക്കാന്‍ ഷാക്വിബിനാവും.
ആദ്യ ടെസ്റ്റില്‍ 32, 25 എന്നിങ്ങനെയായിരുന്നു രണ്ടിന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. മാത്രമല്ല ബൗളിങിലും ഷാക്വിബ് വന്‍ ദുരന്തമായി മാറി. രണ്ടിന്നിങ്‌സുകളിലും ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനു വീഴ്ത്താനായില്ല.
ഇത്ര ദയനീയ പ്രകടനം ഏറെ അനുഭവസമ്പത്തുള്ള ഷാക്വിബില്‍ നിന്നും ടീം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ആദ്യ ടെസ്റ്റിലെ നിരാശ മായ്ച്ച് രണ്ടാം ടെസ്റ്റില്‍ ഷാക്വിബ് തിരിച്ചുവന്നാല്‍ ബംഗ്ലാദേശ് ടീം കൂടുതല്‍ അപകടകാരികളായി മാറും.