ബംഗ്ലാദേശുമായുള്ള ടി20 പരമ്പര തൂത്തുവാരാനൊരുങ്ങുകയാണ് സൂര്യകുമാര്‍ യാദവിന്റെ ടീം ഇന്ത്യ. ആദ്യത്തെ രണ്ടു ടി20 മല്‍സരങ്ങളിലും അഗ്രസീവ് ക്രിക്കറ്റ് കാഴ്ചവച്ച ഇന്ത്യ ആധികാരികമായിട്ടാണ് ജയിച്ചുകയറിയത്. ഇനി മൂന്നാമത്തെയും അവസാനത്തെയും കളിയിലും ഈ ആധിപത്യം കാത്തുസൂക്ഷിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. പല മുന്‍നിര കളിക്കാര്‍ക്കും വിശ്രമം നല്‍കിയതിനാല്‍ യുവതാരങ്ങള്‍ക്കു കഴിവ് തെളിയിക്കാനുള്ള മികച്ച അവസരം തന്നെയായിരുന്നു ഈ പരമ്പര.
ചിലര്‍ ഇതു മുതലാക്കിയപ്പോള്‍ മറ്റു ചിലര്‍ക്കു അതിനു സാധിച്ചതുമില്ല. ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലെ ചില താരങ്ങളുടെ സ്ഥാനവും തെറിച്ചേക്കും. അടുത്ത മാസം നടക്കാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇവരെ പരിഗണിക്കാനും സാധ്യത കുറവാണ്. അങ്ങനെ വന്നാല്‍ ഈ താരങ്ങളെ ഈ വര്‍ഷം ഇനി ദേശീയ ടീമിനോടൊപ്പം കാണാനും കഴിഞ്ഞേക്കില്ല.
കാരണം സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കു ശേഷം മറ്റു വൈറ്റ് ബോള്‍ പരമ്പരകളൊന്നും ഇന്ത്യക്കു ഇനി ശേഷിക്കുന്നില്ല. അടുത്ത മാസമാണ് സൗത്താഫ്രിക്കയില്‍ നാലു ടി20കളുടെ പരമ്പര ഇന്ത്യന്‍ ടീം കളിക്കുന്നത്. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയ്ക്കു ശേഷം ഈ വര്‍ഷം ഇനി കാണാനിടയില്ലാത്തവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

അഭിഷേക് ശര്‍മ
യുവ ഓപ്പണറും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മയണ് ഇന്ത്യന്‍ ടീമിനോടൊപ്പം ഈ വര്‍ഷം ഇനി കാണാന്‍ സാധ്യതയില്ലാത്ത ഒരു താരം. ബംഗ്ലാദേശുമായുള്ള അവസാനത്തെ ടി20യില്‍ കൂടി അദ്ദേഹത്തിനു ടീമിനായി ഓപ്പണ്‍ ചെയ്യാനുള്ള അവസരം ലഭിക്കും. പക്ഷെ അതിനു ശേഷമുള്ള സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ അഭിഷേകിനെ ഇന്ത്യ പരിഗണിച്ചേക്കില്ല.
ഈ പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ അഭിഷേകിനായിട്ടില്ല. ആദ്യ കളിയില്‍ ഏഴു ബോളില്‍ 16 റണ്‍സെുത്ത അദ്ദേഹം നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവുകയായിരുന്നു. ഓപ്പണിങ് പങ്കാളിയായ സഞ്ജു സാംസണുമായുള്ള ആശയക്കുഴപ്പം കാരണമാണ് അദ്ദേഹത്തിനു വിക്കറ്റ് കൈവിടേണ്ടതായി വന്നത്.
രണ്ടാം ടി20യിലാവട്ടെ 11 ബോളില്‍ 15 റണ്‍സാണ് അഭിഷേകിനു കുറിക്കാനായത്. പേസര്‍ തന്‍സിം ഹസന്‍ ഷാക്വിബിനെതിരേ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ അദ്ദേഹം ഇന്‍സൈഡ് എഡ്ജായതിനു ശേഷം ബൗള്‍ഡാവുകയായിരുന്നു. ഇനി മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ കസറിയാലും അഭിഷേകിനു സ്ഥാനം നിലനിര്‍ത്തുക കടുപ്പമായിരിക്കും.
കാരണം അടുത്ത സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്. ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ രണ്ടു പേര്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. ഗില്ലും ജയ്‌സ്വാളും തിരിച്ചെത്തിയാല്‍ അഭിഷേക് ടീമിലെ സ്ഥാനവും പ്രതീക്ഷിക്കേണ്ടതില്ല.
സഞ്ജു സാംസണ്‍
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഇന്ത്യന്‍ ടീമിനൊപ്പം ഈ വര്‍ഷം കാണാനിടയില്ലാത്ത രണ്ടാമത്തെയാള്‍. ബംഗ്ലാദേശുമായുള്ള അവസാന ടി20യില്‍ കൂടി അദ്ദേഹത്തിനു അവസരം നല്‍കുമെന്നു ഉറപ്പായിക്കഴിഞ്ഞു. പക്ഷെ അതിനു ശേഷം ഈ വര്‍ഷം ഇനി സഞ്ജുവിനെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനിടയില്ല. സൗത്താഫ്രിക്കയ്‌ക്കെതിരായ അടുത്ത ടി20 പരമ്പരയില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ ഇന്ത്യ തിരികെ വിളിച്ചേക്കുമെന്നാണ് സൂചനകള്‍.
ബംഗ്ലാദേശിനെതിരേ അദ്ദേഹത്തിനു ഇന്ത്യ വിശ്രമം നല്‍കിയതു കാരണമാണ് സഞ്ജു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായത്. അഭിഷേക് ശര്‍മയെ കൂടാതെ ടീമില്‍ മറ്റു സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിനു ഈ റോളിലേക്കും പ്രൊമോഷന്‍ ലഭിച്ചു. എന്നിട്ടും സഞ്ജു ആദ്യ രണ്ടു കളിയിലും തന്റെ മികവ് പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടു. 29, 10 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്താനുള്ള സാധ്യത തീരെ കുറവാണ്. അദ്ദേഹത്തിനു പകരം യുവതാരം ധ്രുവ് ജുറേലായിരിക്കും ടീമിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായേക്കുക. ഇന്ത്യയുടെ ഭാവി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് അദ്ദേഹം. വൈകാതെ തന്നെ മൂന്നു ഫോര്‍മാറ്റുകളിലും ടീമിലെ സ്ഥിരം സാന്നിധ്യമായി ജുറേല്‍ മാറുമെന്നാണ് അണിയറ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.
തിലക് & ജിതേഷ്
ഓള്‍റൗണ്ടര്‍ തിലക് വര്‍മ, വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ എന്നിവരാണ് ഈ വര്‍ഷം ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനിടയില്ലാത്ത മറ്റു രണ്ടു താരങ്ങള്‍. ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ ഇരുവര്‍ക്കും ഇനിയും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അവസാന മല്‍സരത്തില്‍ തിലകിനെയും ജിതേഷിനെയും പരീക്ഷിക്കാനുള്ള സാധ്യതയും കുറവാണ്.
പരിക്കേറ്റ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കു പകരം അവസാന നിമിഷം ഇന്ത്യന്‍ ടീമിനോടൊപ്പം ചേര്‍ന്ന താരമാണ് തിലക്. പക്ഷെ മധ്യനിരയില്‍ നിതീഷ് കുമാര്‍ റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിങ് എന്നിവരുടെ സാന്നിധ്യം കാരണം തിലകിനു അവസരം ലഭിച്ചില്ല.
ജിതേഷാവട്ടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായായാണ് ടീമിലേക്കു വന്നത്. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പിങിനൊപ്പം ഓപ്പണിങ് റോളും ഏറ്റെടുത്തതോടെ ജിതേഷ് തഴയപ്പെടുകയുംചെയ്തു. സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ തിലകിനും ജിതേഷിനും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്.