കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 233 റണ്‍സില്‍ ബംഗ്ലാദേശ് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 9 വിക്കറ്റിന് 285 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. 52 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് സമനിലയ്ക്കായി വിക്കറ്റ് കാത്ത് കളിക്കുകയാണ്. ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്നപ്പോള്‍ രണ്ടും മൂന്നും ദിവസം പൂര്‍ണ്ണമായും മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നു.
അതുകൊണ്ടുതന്നെ അതിവേഗത്തില്‍ റണ്‍സുയര്‍ത്തി വിജയം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. മൂന്ന് ഓവറില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇന്ത്യ ടെസ്റ്റില്‍ വേഗത്തില്‍ 100, 200, 250 എന്നിങ്ങനെയുള്ള ടീം റെക്കോഡുകളെല്ലാം സ്വന്തമാക്കി. മത്സരത്തില്‍ ഇന്ത്യയുടെ പേസറായ ആകാശ് ദീപ് 5 പന്തില്‍ 12 റണ്‍സാണ് നേടിയത്. രണ്ട് സിക്‌സുകള്‍ ആകാശ് ദീപ് പറത്തി. മത്സരത്തില്‍ ആകാശ് ദീപിന്റെ സിക്‌സുകള്‍ വൈറലായിരിക്കുകയാണ്. ഇതിനൊരു കാരണമുണ്ട്. അത് എന്താണെന്ന് നോക്കാം.
കോലി സമ്മാനിച്ച ബാറ്റുമായി വെടിക്കെട്ട്
ആകാശ് ദീപിന് മത്സരത്തിന് മുമ്പ് വിരാട് കോലി തന്റെ എംആര്‍എഫ് ബാറ്റ് സമ്മാനിച്ചിരുന്നു. ഇതിന്റെ ചിത്രം ഉള്‍പ്പെടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കോലിക്ക് ആകാശ് ദീപ് നന്ദിയും പറഞ്ഞിരുന്നു. ഇന്ന് ഇന്ത്യക്കായി ബാറ്റ് ചെയ്യാന്‍ ആകാശ് എത്തിയത് വിരാട് കോലി സമ്മാനിച്ച ബാറ്റുമായാണ്. ഷക്കീബ് അല്‍ ഹസന്റെ പന്തില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പറത്താന്‍ ആകാശ് ദീപിന് സാധിച്ചു. കോലിയുടെ ബാറ്റുമായി ഇറങ്ങിയ ആകാശിന്റെ വെടിക്കെട്ട് എല്ലാവരും ആസ്വദിച്ചുവെന്ന് തന്നെ പറയാം.
വിരാട് കോലി ആകാശിന്റെ ബാറ്റിങ് കണ്ട് ഉറക്കെ ചിരിച്ചുകൊണ്ടാണ് ആസ്വദിച്ചത്. ഗൗതം ഗംഭീറും ആകാശിന്റെ ഷോട്ടിനെ കൈയടിച്ചാണ് പ്രോത്സാഹിപ്പിച്ചത്. രോഹിത് ശര്‍മ വിരാട് കോലിയെ ചൂണ്ടിയാണ് ആകാശിന്റെ ഷോട്ടുകള്‍ക്ക് കൈയടിച്ചത്.
എന്തായാലും ആകാശിന്റെ വെടിക്കെട്ട് എല്ലാ ഇന്ത്യന്‍ താരങ്ങളും പരിശീലകനും ഡ്രസിങ് റൂമിലിരുന്ന് നന്നായി ആസ്വദിച്ചുവെന്ന് തന്നെ പറയാം. എന്തായാലും ബൗളിങ്ങില്‍ മാത്രമല്ല ബാറ്റുകൊണ്ടും തനിക്ക് നിര്‍ണ്ണായ പ്രകടനം നടത്താനാവുമെന്ന് ആകാശ് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ വെടിക്കെട്ട് ഷോ
രണ്ട് ദിവസം പൂര്‍ണ്ണമായും നഷ്ടമായതിനാല്‍ത്തന്നെ വിജയത്തിനായി ഇന്ത്യക്ക് കടന്നാക്രമിച്ച് കളിക്കേണ്ടത് അത്യാവശ്യമായിരുന്നു. വിജയം മുന്നില്‍ക്കണ്ട് ഇന്ത്യ ആദ്യ പന്ത് മുതല്‍ ആക്രമിച്ചാണ് കളിച്ചത്. യശ്വസി ജയ്‌സ്വാള്‍ ഹാട്രിക് ബൗണ്ടറിയോടെ കസറിയപ്പോള്‍ രോഹിത് ശര്‍മ തുടര്‍ച്ചയായി രണ്ട് പന്തുകളും സിക്‌സര്‍ പറത്തിയാണ് തുടങ്ങിയത്. ആദ്യത്തെ 3 ഓവറിനുള്ളില്‍ 50 റണ്‍സ് പിന്നിട്ട ഇന്ത്യ 10.1 ഓവറില്‍ 100 റണ്‍സും പിന്നിട്ടു.
ഇന്ത്യ എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും കടന്നാക്രമിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയാണ് ഇറക്കിയത്. രോഹിത് 11 പന്തില്‍ 23 റണ്‍സ് നേടിയപ്പോള്‍ ജയ്‌സ്വാള്‍ 51 പന്തില്‍ 12 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 72 റണ്‍സ് നേടിയാണ് പുറത്തായത്. ശുബ്മാന്‍ ഗില്‍ 39 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റിഷഭ് പന്തിന് 9 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. വിരാട് കോലി 35 പന്തില്‍ 47 റണ്‍സെടുത്തു. ഫിഫ്റ്റിക്കരികെ കോലിയെ ഷക്കീബ് അല്‍ ഹസന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. കെ എല്‍ രാഹുല്‍ 43 പന്തില്‍ 68 റണ്‍സും നേടി.
സ്പിന്നില്‍ കോലി പതറുന്നു
ബംഗ്ലാദേശിനെതിരേ കോലി ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധിച്ച കാര്യങ്ങളിലൊന്ന് സ്പിന്നിനെതിരായ പ്രകടനമായിരുന്നു. കോലി സ്പിന്നിനെതിരേ പതറാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അവസാന ശ്രീലങ്കന്‍ പരമ്പരയിലും കോലിക്ക് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കാലിടറിയിരുന്നു. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരേയും ഷാക്കീബിന് മുന്നില്‍ ക്ലീന്‍ബൗള്‍ഡായാണ് കോലി പുറത്തായത്. കോലി സ്പിന്നിനെ നേരിടാന്‍ കൂടുതല്‍ പദ്ധതികള്‍ മെനയണമെന്ന് തന്നെ പറയാം.