മുംബൈ: ഇന്ത്യ-ബംഗ്ലാദേശ് മൂന്ന് മത്സര ടി20 പരമ്പര ആറാം തീയ്യതി ആരംഭിക്കുകയാണ്. ഗ്വാളിയോറില്‍ നടക്കുന്ന ആദ്യ മത്സരത്തിന് മുമ്പ് ശക്തമായ പടയൊരുക്കത്തിലാണ് ഇന്ത്യ. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, ശിവം ദുബെ, റിങ്കു സിങ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ടി20 ടീമില്‍ മൂന്ന് പുതുമുഖങ്ങളാണുള്ളത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ ഇതേ മികവ് ടി20യിലും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
ബംഗ്ലാദേശിനെക്കാളും മികച്ച ടീം കരുത്ത് ഇന്ത്യക്കാണ്. അതുകൊണ്ട് തന്നെ ഇന്ത്യ പരമ്പര തൂത്തുവാരുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയുടെ ടി20 ടീമിലെ ചില താരങ്ങള്‍ക്ക് പരമ്പര വളരെ നിര്‍ണ്ണായകമാണ്. മോശം ഫോമിലൂടെ കടന്ന് പോകുന്ന ഇവര്‍ക്ക് ദേശീയ ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ ബംഗ്ലാദേശ് ടി20 പരമ്പര മുതലാക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഇത്തരത്തില്‍ ബംഗ്ലാദേശ് ടി20 പരമ്പര നിര്‍ണ്ണായകമായ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ശിവം ദുബെ
ഇന്ത്യ മധ്യനിരയില്‍ വിശ്വാസം അര്‍പ്പിക്കുന്ന താരമാണ് ശിവം ദുബെ. മീഡിയം പേസ് ഓള്‍റൗണ്ടറായ ദുബെ ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷവും ഇന്ത്യയുടെ ടി20 ടീമില്‍ സജീവമാണ്. ബാറ്റുകൊണ്ട് ഭേദപ്പെട്ട് നില്‍ക്കുന്ന താരത്തെ ബൗളിങ്ങില്‍ വിശ്വസിക്കുക പ്രയാസമാണ്. തല്ലുകൊള്ളി ബൗളറാണ് അദ്ദേഹമെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. നിലവില്‍ മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യക്കുള്ളതിനാലാണ് ദുബെ ടീമില്‍ തുടരുന്നത്.
ഇന്ത്യ നിതീഷ് കുമാര്‍ റെഡ്ഡിയെ ടീമിലേക്കെത്തിച്ചത് ദുബെക്കുള്ള റെഡ് സിഗ്നലാണ്. ബംഗ്ലാദേശ് പരമ്പരയില്‍ ദുബെ നിരാശപ്പെടുത്തുകയും നിതീഷ് തിളങ്ങുകയും ചെയ്താല്‍ ദുബെയുടെ ഇന്ത്യന്‍ ടീമിലെ സീറ്റ് നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്. നിതീഷ് കുമാര്‍ മീഡിയം പേസറായ ഓള്‍റൗണ്ടറാണ്. ഐപിഎല്ലില്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ മിന്നിച്ച താരത്തിന് ഇതേ മികവ് കാട്ടാനായാല്‍ ദുബെയുടെ ചീട്ടുകീറാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

സഞ്ജു സാംസണ്‍
ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ടീമില്‍ സഞ്ജുവുണ്ടായിരുന്നു. രണ്ട് മത്സരത്തില്‍ ഡെക്കിന് പുറത്തായ സഞ്ജു വിക്കറ്റ് കീപ്പറെന്ന നിലയിലും നിരാശപ്പെടുത്തി. ഈ സാഹചര്യത്തിലും സഞ്ജുവിന് ബംഗ്ലാദേശിനെതിരേ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റോളില്‍ വിളി നല്‍കിയിരിക്കുകയാണ്. സഞ്ജുവിനെ ഓപ്പണറാക്കി കളിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നാണ് വിവരം. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് ടി20 പരമ്പര വളരെ നിര്‍ണ്ണായകമാണ്.
ഫ്‌ളോപ്പായാല്‍ സഞ്ജുവിനെ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞേക്കും. ജിതേഷ് ശര്‍മയെ വിക്കറ്റ് കീപ്പര്‍ റോളില്‍ ഇന്ത്യ തിരിച്ചുവിളിച്ചിട്ടുണ്ട്. ഇഷാന്‍ കിഷനും ദ്രുവ് ജുറേലും ടി20 ടീമില്‍ അവസരം കാത്ത് പുറത്ത് നില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് പരമ്പരയില്‍ തിളങ്ങേണ്ടതായുണ്ട്. നിരാശപ്പെടുത്തിയാല്‍ ഇനിയൊരു അവസരം ലഭിക്കുക സഞ്ജുവിന് പ്രയാസമാണെന്ന് നിസംശയം പറയാം.
അര്‍ഷ്ദീപ് സിങ്
ഇന്ത്യന്‍ ടീമില്‍ പ്രധാന ഇടം കൈയന്‍ പേസറായി ഉള്‍പ്പെടുത്തിയിരിക്കുന്നത് അര്‍ഷ്ദീപ് സിങ്ങിനെയാണ്. ടി20യില്‍ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം അര്‍ഷ്ദീപ് നടത്തിയിട്ടുണ്ടെങ്കിലും ടീമിന്റെ അഭിവാജ്യ ഘടകമാണ് അര്‍ഷ്ദീപെന്ന് പറയാറായിട്ടില്ല. ഇന്ത്യ ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരെക്കൂടി ടി20യില്‍ വളര്‍ത്താന്‍ ശ്രമിക്കുകയാണ്.
ഈ സാഹചര്യത്തില്‍ അര്‍ഷ്ദീപ് സിങ്ങിന് ബംഗ്ലാദേശ് ടി20 പരമ്പര വളരെ നിര്‍ണ്ണായകമാണ്. ജസ്പ്രീത് ബുംറ തിരിച്ചുവരുമ്പോഴും അര്‍ഷ്ദീപിന് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ ടി20 പരമ്പരയില്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്.