കാണ്‍പൂര്‍: ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മഴമൂലം നേരത്തെ നിര്‍ത്തി. ആദ്യ ദിനത്തിന്റെ തുടക്കം മുതല്‍ മഴ ഭീഷണി ഉണ്ടായിരുന്നു. 9.30ന് തുടങ്ങേണ്ട മത്സരം ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയാണ് ചെയ്തത്. 35 ഓവര്‍ മാത്രം മത്സരം നടന്നപ്പോള്‍ ബംഗ്ലാദേശ് 3 വിക്കറ്റിന് 107 റണ്‍സെന്ന നിലയിലാണ്. മൊമിനുല്‍ ഹഖും (40) മുഷ്ഫിഖര്‍ റഹീമുമാണ് (6) ക്രീസില്‍.
ആകാശ് ദീപ് രണ്ടും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ഉച്ച ഭക്ഷണം കഴിഞ്ഞ് മത്സരം ആരംഭിച്ച് 9 ഓവര്‍ പിന്നിട്ടപ്പോഴേക്കും ശക്തമായ മഴയെത്തുകയായിരുന്നു. മഴ കനത്തതോടെ ഇന്ന് മത്സരം നടക്കില്ലെന്ന് ഉറപ്പായി. ഇതോടെയാണ് ആദ്യ ദിനം നേരത്തെ നിര്‍ത്താന്‍ തീരുമാനിച്ചത്. വരുന്ന ദിവസങ്ങളിലും കാണ്‍പൂരില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ മത്സരം സമനിലയാകാനാണ് സാധ്യത കൂടുതല്‍.
തുടക്കത്തില്‍ മികവ് കാട്ടി ആകാശ്
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റേയും ആദ്യ ഓവറുകളിലെ വെല്ലുവിളികളെ മറികടന്നു. സാക്കിര്‍ ഹസനും ഷദമാന്‍ ഇസ്ലാമും ചേര്‍ന്ന് പതിയ നിലയുറപ്പിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ചു. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 26 റണ്‍സില്‍ നില്‍ക്കവെ സാക്കിര്‍ ഹസനെ ആകാശ് ദീപ് യശ്വസി ജയ്‌സ്വാളിന്റെ കൈയിലെത്തിച്ചു. 24 പന്ത് നേരിട്ട താരം അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ജയ്‌സ്വാള്‍ സാക്കിറിനെ മടക്കിയത്.

ഷദ്മാന്‍ ഒരുവശത്ത് പതിയെ റണ്‍സുയര്‍ത്തി. 36 പന്ത് നേരിട്ട് നാല് ഫോറടക്കം നേടാന്‍ താരത്തിനായി. 24 റണ്‍സില്‍ നില്‍ക്കവെ ആകാശ് ദീപ് ഷദ്മാനെ എല്‍ബിയില്‍ കുടുക്കി. അംപയര്‍ ഔട്ട് വിധിച്ചില്ലെങ്കിലും റിവ്യൂവിലൂടെയാണ് ഷദമാന്റെ വിക്കറ്റ് ആകാശ് ദീപ് നേടിയെടുത്തത്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റുകള്‍ മാത്രമായിരുന്നു ബംഗ്ലാദേശിനെ നഷ്ടമായിരുന്നത്.
ക്യാപ്റ്റനെ മടക്കി അശ്വിന്‍
ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. പതിയെ നിലയുറപ്പിച്ച ഷാന്റോ മോശം പന്തുകളെ ബൗണ്ടറിയിലേക്കെത്തിക്കുകയും ചെയ്തു. 57 പന്തില്‍ ആറ് ഫോറടക്കം 31 റണ്‍സെടുത്ത ഷാന്റോയെ അശ്വിന്‍ പുറത്താക്കി. അശ്വിന്റെ പന്തില്‍ ഷാന്റോ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
ഒരു വശത്ത് മൊമിനുല്‍ ഹഖ് പിടിച്ചുനിന്ന് റണ്‍സുയര്‍ത്തി. മുഷ്ഫിഖര്‍ റഹീമും ചേര്‍ന്ന് പതിയെ റണ്‍സുയര്‍ത്തവെയാണ് മഴയെത്തിയത്. ഇതോടെ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ വെളിച്ചക്കുറവ് പ്രശ്‌നമായിരുന്നു. അതുകൊണ്ടുതന്നെ ഫ്‌ളഡ് ലൈറ്റിട്ടാണ് മത്സരം നടന്നത്. വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്ന് ഉറപ്പായതിനാല്‍ മത്സരം സമനിലയില്‍ത്തന്നെ അവസാനിച്ചേക്കും. ഇത് ഇന്ത്യക്ക് തിരിച്ചടിയാണെന്ന് തന്നെ പറയാം.
പ്ലേയിങ് 11
ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ബംഗ്ലാദേശ്-ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (c), മൊമിനുല്‍ ഹഖ്, മുഷ്ഫിഖര്‍ റഹിം, ഷക്കീബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ്, മെഹതി ഹസന്‍ മിറാസ്, ഹസന്‍ മഹമ്മൂദ്, തയ്ജുല്‍ ഇസ്ലാം, ഖാലിദ് അഹമ്മദ്