
ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഗംഭീര ജയം. 188 റണ്‍സിനാണ് ആതിഥേയരായ ബംഗ്ലാദേശിനെ 188 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഇന്ത്യ മുന്നോട്ടുവെച്ച 513 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 324 റണ്‍സിന് രണ്ടാം ഇന്നിങ്‌സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ആരംഭിച്ച ബംഗ്ലാദേശിന് മെഹതി ഹസന്‍ മിറാസിനെ (13) ആദ്യം നഷ്ടമായി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. അടിച്ചു തകര്‍ത്ത ഷക്കീബിനെ (84) കുല്‍ദീപ് യാദവ് ക്ലീന്‍ബൗള്‍ഡാക്കിയതോടെ ബംഗ്ലാദേശിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു.
ഇബാദത്ത് ഹുസൈനെ (0) കുല്‍ദീപ് ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചപ്പോള്‍ തയ്ജുല്‍ ഇസ്ലാമിനെ (4) അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇന്ത്യക്കായി അക്ഷര്‍ നാലും കുല്‍ദീപ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. സിറാജും ഉമേഷും അശ്വിനും ഓരോ വിക്കറ്റും പങ്കിട്ടു.
ഇന്ത്യ മുന്നോട്ടുവെച്ച വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് തകര്‍ന്നടിയുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 124 റണ്‍സിന്റെ കൂട്ടുകെട്ടാണ് നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും (67) സാക്കിര്‍ ഹസനും (100) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ സൃഷ്ടിച്ചത്.
ഇതില്‍ അരങ്ങേറ്റക്കാരനായ സാക്കിര്‍ ഹസന്റെ സെഞ്ച്വറി പ്രകടനമാണ് എടുത്തു പറയേണ്ടത്. 224 പന്തുകള്‍ നേരിട്ട് 13 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് താരം കസറിയത്. യുവതാരം ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്ന് തോന്നിച്ചെങ്കിലും ആര്‍ അശ്വിന്‍ സാക്കിറിനെ സ്ലിപ്പില്‍ കോലിയുടെ കൈയിലെത്തിച്ചു.

ആദ്യ വിക്കറ്റ് വീണതോടെ ബംഗ്ലാദേശിന്റെ കൂട്ടത്തകര്‍ച്ചയാണ് പിന്നീട് കണ്ടത്. പിന്നാലെയെത്തിയവരെല്ലാം അതിവേഗം മടങ്ങിയതോടെ ബംഗ്ലാദേശ് പ്രതിസന്ധിയിലാവുകയായിരുന്നു. യാസിര്‍ അലി (5), ലിറ്റന്‍ ദാസ് (19), മുഷ്ഫിഖര്‍ റഹീം (23), നൂറുല്‍ ഹസന്‍ (9) എന്നിവര്‍ക്കൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല.
മൂന്നാം ദിനം ബംഗ്ലാദേശ് ബാറ്റിങ് നിര ഇന്ത്യയെ വിറപ്പിച്ചെങ്കിലും നാലാം ദിനം ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. കുല്‍ദീപ് യാദവിന്റെയും അക്ഷര്‍ പട്ടേലിന്റെയും ആര്‍ അശ്വിന്റെയും സ്പിന്‍ മികവും ഉമേഷ് യാദവിന്റെയും മുഹമ്മദ് സിറാജിന്റെയും പേസ് മികവും ബംഗ്ലാദേശിനെ വിറപ്പിച്ചു.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 404 റണ്‍സാണ് നേടിയത്. ചേതേശ്വര്‍ പുജാരയുടെയും (90) ശ്രേയസ് അയ്യരുടെയും (86) ആര്‍ അശ്വിന്റേയും (58) ഫിഫ്റ്റികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.
റിഷഭ് പന്ത് (46), കുല്‍ദീപ് യാദവ് (40) എന്നിവരും നിര്‍ണ്ണായക റണ്‍സ് ഇന്ത്യക്ക് നേടിക്കൊടുത്തു. ബംഗ്ലാദേശിനായി തയ്ജുല്‍ ഇസ്ലാം, മെഹതി ഹസന്‍ മിറാസ് എന്നിവര്‍ നാല് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ഇബാദത്ത് ഹൊസൈന്‍. ഖാലിദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 150ന് ഓള്‍ഔട്ടായി. കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുകള്‍ നേടിയപ്പോള്‍ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ഉമേഷ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും പങ്കിട്ടു.
മുഷ്ഫിഖര്‍ റഹിം (28), ലിറ്റന്‍ ദാസ് (24), മെഹതി ഹസന്‍ മിറാസ് (25) എന്നിവരാണ് ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സിലെ പ്രധാന സ്‌കോറര്‍മാര്‍. നായകനെന്ന നിലയില്‍ കെ എല്‍ രാഹുല്‍ മികച്ച തീരുമാനങ്ങളിലൂടെ കൈയടി നേടി.

ആദ്യ ഇന്നിങ്‌സില്‍ 254 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 258 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് 513 റണ്‍സിന്റെ വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്നില്‍വെക്കുകയായിരുന്നു.
ശുബ്മാന്‍ ഗില്ലിന്റെയും (110) ചേതേശ്വര്‍ പുജാരയുടെയും (102*) സെഞ്ച്വറി പ്രകടനങ്ങളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കരുത്തായത്. കെ എല്‍ രാഹുല്‍ (23) നിരാശപ്പെടുത്തിയപ്പോള്‍ വിരാട് കോലി (19*) പുറത്താവാതെ നിന്നു.