
ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ഡ്രൈവിങ് സീറ്റിലാണുള്ളത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 404 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 133 റണ്‍സെന്ന നിലയിലാണ്.
മത്സരത്തിന്റെ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടി മുഹമ്മദ് സിറാജ് ബംഗ്ലാദേശിനെ ഞെട്ടിച്ചു. മൂന്ന് വിക്കറ്റുകളാണ് രണ്ടാം ദിനം സിറാജ് അക്കൗണ്ടിലാക്കിയത്. ഇതിനിടെ ബംഗ്ലാദേശ് താരം ലിറ്റന്‍ ദാസുമായി സിറാജ് കൊമ്പുകോര്‍ക്കുകയും ചെയ്തത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ലിറ്റന്‍ ദാസ് മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെ സ്ലോ ബോളുമായി സിറാജിന്റെ തന്ത്രം. എന്നാല്‍ മനോഹരമായി സിറാജിന്റെ പന്ത് ലിറ്റന്‍ പ്രതിരോധിച്ചു. ഇതില്‍ പ്രകോപിതനായി സിറാജ് ദാസിനെ സ്ലെഡ്ജ് ചെയ്യുകയായിരുന്നു.
എന്നാല്‍ സിറാജ് പറഞ്ഞത് വ്യക്തമായി കേള്‍ക്കാത്ത ലിറ്റന്‍ ദാസ് എന്താണ് പറഞ്ഞതെന്ന് ഒന്നുകൂടി പറയൂവെന്ന് സിറാജിനോട് ആംഗ്യം കാട്ടി. ചെവിയില്‍ കൈവെച്ചായിരുന്നു ലിറ്റന്‍ സിറാജിനെ തിരിച്ച് പ്രകോപിച്ചത്.
ദാസ് നിലയുറപ്പിച്ച് മുന്നേറുന്നത് തടയാനും ശ്രദ്ധ തെറ്റിക്കാനുമുള്ള സിറാജിന്റെ തന്ത്രം ഫലിച്ചു. കൊമ്പുകോര്‍ത്തതിന്റെ തൊട്ടടുത്ത പന്തിലെ സിറാജിന്റെ ഇന്‍സ്വിങ്ങറില്‍ ദാസ് ക്ലീന്‍ബൗള്‍ഡായി. വിക്കറ്റ് നഷ്ടമായി മടങ്ങുമ്പോള്‍ ചെവിയില്‍ കൈവെച്ച് വീണ്ടും ദാസിനെ സിറാജ് പരിഹസിച്ചു.
സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്തിരുന്ന വിരാട് കോലിയും സിറാജിന്റെ ആഘോഷത്തോടൊപ്പം ചേര്‍ന്നപ്പോള്‍ സ്ലെഡ്ജിങ് വൈറലായി. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലും സിറാജ് സ്ലെഡ്ജ് ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

30 പന്തുകളില്‍ 24 റണ്‍സാണ് ദാസ് നേടിയത്. അഞ്ച് ബൗണ്ടറികളാണ് ദാസ് നേടിയത്. ഉമേഷിനെ ഒരേവറില്‍ മൂന്ന് ബൗണ്ടറിയടക്കം നേടിയ ദാസ് ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്ന് തോന്നിക്കവെയാണ് രക്ഷകനായി സിറാജെത്തിയത്.
ഒരു കാലത്ത് ഇന്ത്യയുടെ തല്ലുകൊള്ളി ബൗളറെന്ന വിശേഷണം നേടിയ സിറാജ് ഇപ്പോള്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ കൈയടി നേടുകയാണ്. അവസാന എട്ട് അന്താരാഷ്ട്ര മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് സിറാജ് നേടിയത്.
ന്യൂബോളിലും ഡെത്ത് ഓവറിലും ഇന്ത്യക്കായി സിറാജ് മികവ് കാട്ടുന്നു. ഇപ്പോള്‍ ടെസ്റ്റില്‍ കൂടാതെ ഏകദിനത്തിലും സിറാജിന് വലിയ പരിഗണന ലഭിക്കുന്നുണ്ട്. 2023ലെ ഏകദിന ലോകകപ്പില്‍ സിറാജും ഇന്ത്യന്‍ ടീമിലുണ്ടാവാന്‍ സാധ്യത കൂടുതല്‍.
എന്നാല്‍ ടി20യില്‍ വലിയ മികവ് അവകാശപ്പെടാന്‍ സിറാജിനാവില്ല. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം കളിച്ചുവളര്‍ന്ന സിറാജ് തല്ലുകൊള്ളി ബൗളറാണെന്ന് തന്നെ പറയാം. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ബൗളറാണ് സിറാജ്. എന്നാല്‍ തെറ്റുകളില്‍ നിന്ന് പഠിച്ച് മുന്നേറാന്‍ സിറാജിനാവുന്നുണ്ട്.

ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ പേസര്‍മാര്‍ നല്‍കിയ മികച്ച തുടക്കം സ്പിന്നര്‍ കുല്‍ദീപ് യാദവും ഏറ്റെടുത്തു. നാല് വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയത്. ചൈനാമാന്‍ സ്പിന്നറുടെ ഗൂഗ്ലിയിലാണ് ബംഗ്ലാദേശിന്റെ മധ്യനിര കറങ്ങി വീണത്.
മൂന്നാം ദിനം തുടക്കത്തിലേ ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കി വമ്പന്‍ ലീഡ് സ്വന്തമാക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ സ്വപ്‌നം കാണുന്ന ഇന്ത്യക്ക് ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരേണ്ടത് അത്യാവശ്യമാണ്.