
ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പേരുകേട്ട ടോപ് ഓഡര്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. കെ എല്‍ രാഹുല്‍ (22) ശുബ്മാന്‍ ഗില്‍ (20) വിരാട് കോലി (1) എന്നിവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി.
പരിമിത ഓവറില്‍ മോശം ഫോമില്‍ കളിച്ച് വിമര്‍ശനം നേരിട്ട റിഷഭ് പന്ത് ഭേദപ്പെട്ട പ്രകടനം നടത്തി കൈയടി നേടിയിരിക്കുകയാണ്. ഏകദിന ശൈലിയില്‍ കളിച്ച റിഷഭ് 45 പന്തില്‍ 46 റണ്‍സാണ് നേടിയത്. ഇതില്‍ 6 ഫോറും 2 സിക്‌സും ഉള്‍പ്പെടും. 102.22 സ്‌ട്രൈക്കറേറ്റിലാണ് റിഷഭ് തല്ലിക്കളിച്ചത്.
വെടിക്കെട്ട് പ്രകടനത്തോടെ റിഷഭ് ചില റെക്കോഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി വേഗത്തില്‍ 50 സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡാണ് റിഷഭ് സ്വന്തമാക്കിയത്. വീരേന്ദര്‍ സെവാഗുള്‍പ്പെടെയുള്ള പ്രമുഖരെയാണ് റിഷഭ് മറികടന്നത്.

കൂടാതെ എംഎസ് ധോണിക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4000 റണ്‍സ് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിലേക്കെത്താനും റിഷഭിനായി. ധോണി മാത്രമായിരുന്നു ഇതിന് മുമ്പ് വരെ 4000 അന്താരാഷ്ട്ര റണ്‍സുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്നതാണ് കൗതുകം.
ധോണി കരിയറില്‍ 535 അന്താരാഷ്ട്ര മത്സരം കളിച്ചപ്പോള്‍ 44.75 ശരാശരിയില്‍ നേടിയത് 17902 റണ്‍സാണ്. ഇതില്‍ 15 സെഞ്ച്വറിയും 108 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ടെസ്റ്റില്‍ വളരെ നേരത്തെ തന്നെ കളി നിര്‍ത്താന്‍ ധോണി തീരുമാനിച്ചു. പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനായിരുന്നു ഇത്.
റിഷഭ് മൂന്ന് ഫോര്‍മാറ്റിലും സജീവമായി കളിക്കുന്ന താരമാണ്. ഇന്ത്യക്കായി ഇതുവരെ 128 മത്സരം കളിച്ച റിഷഭ് 33.78 ശരാശരിയില്‍ നേടിയത് 4021 റണ്‍സാണ്. 159 റണ്‍സാണ് റിഷഭിന്റെ ഉയര്‍ന്ന സ്‌കോര്‍. ആറ് സെഞ്ച്വറിയും 15 ഫിഫ്റ്റിയും റിഷഭ് നേടിയിട്ടുണ്ട്.
സമീപകാലത്തെ റിഷഭിന്റെ പരിമിത ഓവറിലെ പ്രകടനങ്ങള്‍ വളരെയധികം വിമര്‍ശനം നേരിട്ടിരുന്നു. സഞ്ജു സാംസണിനെപ്പോലെയുള്ള മികച്ച താരങ്ങള്‍ പുറത്തിരിക്കുമ്പോഴും ടീം മാനേജ്‌മെന്റ് റിഷഭിനെ കൂടുതല്‍ പിന്തുണക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.

പരിമിത ഓവറിലെ റിഷഭിന്റെ സ്ഥാനം ഇപ്പോള്‍ ചോദ്യമുയര്‍ത്തുന്നു. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമായി ഇപ്പോഴും റിഷഭ് തുടരുകയാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് റിഷഭ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ മികവുണ്ട്.
ഇതിനോടകം എംഎസ് ധോണിയുടെ നിരവധി റെക്കോഡുകള്‍ റിഷഭ് തകര്‍ത്തിട്ടുണ്ട്. പ്രായം 24 മാത്രമായ റിഷഭിന് മുന്നില്‍ ഇനിയും അവസരങ്ങളേറെ. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ റിഷഭിന് സാധിക്കുമെന്നുറപ്പ്.
വിരമിക്കുമ്പോഴേക്കും ധോണിയുടെ പേരിലുള്ള ടെസ്റ്റിലെ ഒട്ടുമിക്ക റെക്കോഡും റിഷഭ് മറികടന്നേക്കും. എന്നാല്‍ മിന്നല്‍ വേഗ സ്റ്റംപിങ്ങും ധോണിയുടെ മാത്രമായ ശൈലികളും എത്ര ശ്രമിച്ചാലും മറ്റാര്‍ക്കും അനുകരിക്കാനാവില്ലെന്നതാണ് വസ്തുത.