For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്, കറക്കിവീഴ്ത്തി കുല്‍ദീപ്, ഇന്ത്യ ഡ്രൈവിങ് സീറ്റില്‍

ഏഴാം വിക്കറ്റില്‍ ശ്രേയസും അശ്വിനും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്

1

ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. ആദ്യ ഇന്നിങ്‌സില്‍ 404 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം കളനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 133 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയെക്കാള്‍ 271 റണ്‍സിന് പിന്നിലാണ് ബംഗ്ലാദേശ്.

മെഹതി ഹസന്‍ മിറാസും (16) ഇബാദോത്ത് ഹൊസൈനുമാണ് (13) ക്രീസില്‍. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ആധിപത്യമാണ് കണ്ടത്. ആദ്യ പന്തില്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ മുഹമ്മദ് സിറാജ് റിഷഭ് പന്തിന്റെ കൈയിലെത്തിച്ചു. തുടക്കത്തിലേറ്റ പ്രഹരത്തില്‍ നിന്ന് മോചിതരാവാന്‍ ബംഗ്ലാദേശിന് സാധിച്ചില്ല.

മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ യാസിര്‍ അലിയെ (17 പന്തില്‍ 4) ഉമേഷ് യാദവ് ക്ലീന്‍ബൗള്‍ഡാക്കി. എക്‌സ്ട്രാ ബൗണ്‍സ് പന്തില്‍ ബാറ്റ് വെച്ച് യാസിര്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശ് വിക്കറ്റുകള്‍ വീണു.

അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച ലിറ്റന്‍ ദാസിനെ (30 പന്തില്‍ 24) മുഹമ്മദ് സിറാജ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഓപ്പണര്‍ സാക്കിര്‍ ഹസനെ (45 പന്തില്‍ 20) വലിയ സ്‌കോര്‍ നേടാന്‍ അനുവദിക്കാതെ സിറാജ് മടക്കി.

ഓഫ്‌സൈഡിലെത്തിയ പന്തില്‍ ബാറ്റ് വെച്ച് സാക്കിര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ബംഗ്ലാദേശ് നായകനും അനുഭവസമ്പന്നനുമായ ഷക്കീബ് അല്‍ഹസനെ (3) നിലയുറപ്പിക്കും മുമ്പെ കുല്‍ദീപ് സ്ലിപ്പില്‍ കോലിയുടെ കൈയിലെത്തിച്ചു.

അല്‍പ്പനേരം പിടിച്ചുനിന്ന നൂറുല്‍ ഹസനെ (16) കുല്‍ദീപിന്റെ പന്തില്‍ അപ് ഫീല്‍ഡര്‍ ശുബ്മാന്‍ ഗില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. ഒരുവശത്ത് പിടിച്ചുനിന്ന മുഷ്ഫിഖര്‍ റഹീമിനെ (28) കുല്‍ദീപ് യാദവ് എല്‍ബിയില്‍ കുടുക്കി. തയ്ജുല്‍ ഇസ് ലാമിനെ (0) അക്കൗണ്ട് തുറക്കും മുമ്പെ കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡും ചെയ്തു.

1

അതേ സമയം ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 404 റണ്‍സാണ് നേടിയത്. ആര്‍ അശ്വിന്‍ (58), കുല്‍ദീപ് യാദവ് (40) എന്നിവര്‍ രണ്ടാം ദിനം നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്കെത്തിച്ചത്.

ചേതേശ്വര്‍ പുജാര (90) ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ ശ്രേയസ് അയ്യരും (86) ഗംഭീര പ്രകടനം കാഴ്ചവെച്ചു. ബംഗ്ലാദേശിനായി തയ്ജുല്‍ ഇസ് ലാമും മെഹതി ഹസന്‍ മിറാസും നാല് വിക്കറ്റുകള്‍ പങ്കിട്ടു. ഇബാദോത്ത് ഹൊസൈനും ഖാലിദ് അഹമ്മദും ഓരോ വിക്കറ്റും വീഴ്ത്തി.

ആറ് വിക്കറ്റിന് 278 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ശ്രേയസ് അയ്യരെയാണ് ആദ്യം നഷ്ടമായത്. 192 പന്തില്‍ 10 ബൗണ്ടറിയടക്കം 86 റണ്‍സ് നേടിയ ശ്രേയസിനെ ഇബദോത്ത് ഹൊസൈന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.

ശ്രേയസ് മടങ്ങിയതോടെ ഇന്ത്യ 350നുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ചെങ്കിലും എട്ടാം വിക്കറ്റിലെ ആര്‍ അശ്വിന്‍-കുല്‍ദീപ് യാദവ് കൂട്ടുകെട്ട് ഇന്ത്യയെ മാന്യമായ നിലയിലേക്കെത്തിച്ചു. 113 പന്തുകള്‍ നേരിട്ട് 2 വീതം സിക്സും ഫോറും ഉള്‍പ്പെടെ 58 റണ്‍സ് നേടിയ അശ്വിനെ മെഹതി ഹസന്‍ മിറാസ് പുറതാക്കുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റിന് 385 എന്ന മികച്ച സ്‌കോറിലേക്കെത്തിയിരുന്നു.

എട്ടാം വിക്കറ്റില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് അശ്വിന്‍ മടങ്ങിയത്. മെഹതി ഹസനെ ക്രീസില്‍ നിന്ന് കയറിക്കളിക്കാനുള്ള അശ്വിന്റെ ശ്രമം പിഴച്ചപ്പോള്‍ സ്റ്റംപിങ്ങിലൂടെ പുറത്തായി. തൊട്ട് പിന്നാലെ കുല്‍ദീപ് യാദവിനെ (40) തയ്ജുല്‍ ഇസ്ലാം എല്‍ബിയില്‍ കുടുക്കി. 114 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ ഗംഭീര ഇന്നിങ്സാണ് കുല്‍ദീപ് വാലറ്റത്ത് കാഴ്ചവെച്ചത്.

അവസാനക്കാരനായ മുഹമ്മദ് സിറാജ് (4) വമ്പന്‍ ഷോട്ടിന് ശ്രമിച്ച് മെഹതി ഹസന് ക്യാച്ച് നല്‍കിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് 133.5 ഓവറില്‍ 404 റണ്‍സില്‍ അവസാനിച്ചു. ഉമേഷ് യാദവ് (15) പുറത്താവാതെ നിന്നു.

ആദ്യ ദിനം ചേതേശ്വര്‍ പുജാരയും (90) ഇന്ത്യക്കായി ഫിഫ്റ്റി നേടി. റിഷഭ് പന്തും (46) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ബംഗ്ലാദേശിനായി തയ്ജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മെഹതി ഹസന്‍ മിറാസ് രണ്ടും ഖാലിദ് അഹമ്മദ് ഒരു വിക്കറ്റും നേടി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുല്‍ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. തുടക്ക് മുതല്‍ ആക്രമണ ശൈലി ഇന്ത്യയുടെ ഓപ്പണര്‍മാര്‍ കാട്ടി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 41 റണ്‍സെത്തിയപ്പോഴേക്കും ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.

മോശം ഷോട്ട് കളിച്ച് യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. 40 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 20 റണ്‍സെടുത്ത ഗില്‍ തയ്ജുല്‍ ഇസ്ലാമിനെ സ്വീപ് ഷോട്ടിന് ശ്രമിച്ചപ്പോള്‍ ഗ്ലൗസില്‍ കൊണ്ട് പന്തുയര്‍ന്നു. യാസിര്‍ അലിക്ക് അനായാസ ക്യാച്ച്.

അധികം വൈകാതെ ഓപ്പണറും നായകനുമായ കെ എല്‍ രാഹുലിനെയും ഇന്ത്യക്ക് നഷ്ടമായി. 54 പന്തുകള്‍ നേരിട്ട് 3 ബൗണ്ടറി ഉള്‍പ്പെടെ 22 റണ്‍സെടുത്ത രാഹുലിനെ ഖാലിദ് അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തിനെ ബൗണ്ടറി കടത്താനുള്ള രാഹുലിന്റെ ശ്രമം സൈഡ് എഡ്ജില്‍ തട്ടി പ്ലേ ഡൗണില്‍ കലാശിക്കുകയായിരുന്നു.

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയാണ് വിരാട് കോലി ക്രീസിലേക്കെത്തിയെങ്കിലും നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ 1 റണ്‍സെടുത്ത കോലിയെ തയ്ജുല്‍ ഇസ്ലാം എല്‍ബിയില്‍ കുടുക്കുകയായിരുന്നു. തയ്ജുലിന്റെ പന്തിലെ അപ്രതീക്ഷിത ടേണ്‍ കോലിക്ക് കൃത്യമായി മനസിലാക്കാവാനെ പോയതോടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

1

കോലി തീരുമാനം റിവ്യൂ ചെയ്തെങ്കിലും തേര്‍ഡ് അംപയറുടെ പരിശോധനയില്‍ വിക്കറ്റാണെന്ന് വ്യക്തമാവുകയായിരുന്നു. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ച്വറിക്ക് പിന്നാലെയാണ് കോലിയുടെ ഫ്ളോപ്പ് ഷോ.

വന്‍ തകര്‍ച്ചയിലേക്ക് ഇന്ത്യ പോകുമെന്ന് തോന്നിച്ചെങ്കിലും ചേതേശ്വര്‍ പുജാരയുടെയും റിഷഭ് പന്തിന്റെയും കൂട്ടുകെട്ട് ഇന്ത്യക്ക് കരുത്തായി. അതിവേഗത്തില്‍ ബാറ്റുവീശിയ റിഷഭ് 45 പന്തില്‍ 6 ഫോറും 2 സിക്സും ഉള്‍പ്പെടെ 46 റണ്‍സ് നേടി മടങ്ങി.

മെഹതി ഹസന്‍ മിറാസിന്റെ പന്തില്‍ ബാക് ഫൂട്ട് ഷോട്ടിന് ശ്രമിച്ച റിഷഭിന് പിഴച്ചു. പന്ത് സൈഡ് എഡ്ജായി നേരെ സ്റ്റംപിലേക്ക്. 102.22 സ്ട്രൈക്കറേറ്റില്‍ കളിച്ച റിഷഭിന്റെ ഇന്നിങ്സ് ദൗര്‍ഭാഗ്യകരമായി അവസാനിക്കുകയായിരുന്നു.

നാലാം വിക്കറ്റില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് റിഷഭും പുജാരയും ചേര്‍ന്ന് സൃഷ്ടിച്ചത്. പിന്നീടൊത്തുചേര്‍ന്ന ശ്രേയസ് അയ്യര്‍-പുജാര കൂട്ടുകെട്ട് നിലയുറപ്പിച്ചതോടെ ഇന്ത്യ സ്‌കോര്‍ബോര്‍ഡുയര്‍ത്തി. പുജാരയെ കീപ്പര്‍ നൂറുല്‍ ഹസനും ശ്രേയസിന്റെ അനായാസ ക്യാച്ച് ഇബാദോത്ത് ഹൊസൈന്‍ വിട്ടുകളഞ്ഞതും ഇന്ത്യക്ക് അനുഗ്രഹമായി.

ഇതിനിടെ ഇബാദോത്ത് ഹൊസൈന്റെ പന്ത് ശ്രേയസ് അയ്യരുടെ സ്റ്റംപില്‍ കൊണ്ടു. എന്നാല്‍ വെയ്ല്‍സ് വീഴാത്തതിനാല്‍ ശ്രേയസ് ഭാഗ്യത്തിന് രക്ഷപെടുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ പുജാരയെ ഇന്ത്യക്ക് നഷ്ടമായി.

203 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറി ഉള്‍പ്പെടെ 90 റണ്‍സെടുത്ത പുജാരയുടെ തകര്‍പ്പന്‍ ഇന്നിങ്സിന് തയ്ജുല്‍ ഇസ്ലാമാണ് അവസാനമിട്ടത്. തയ്ജുലിന്റെ പന്തില്‍ പുജാരക്ക് ടൈമിങ് തെറ്റിയപ്പോള്‍ സ്റ്റംപ് തെറിച്ചു. ശ്രേയസുമൊത്ത് 149 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് പുജാരയുടെ മടക്കം.

പിന്നാലെയെത്തിയ അക്ഷര്‍ പട്ടേലിന്റെ ബാറ്റിലുരസി അപ് ഫീല്‍ഡറിന്റെ കൈയില്‍ പന്തെത്തി. ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും അംപയര്‍ ഔട്ട് വിളിച്ചില്ല. എന്നാല്‍ റിവ്യൂ ചെയ്യാന്‍ തയ്യാറാകാതിരുന്ന ബംഗ്ലാദേശ് നിര്‍ണ്ണായക വിക്കറ്റാണ് നഷ്ടപ്പെടുത്തിയത്.

അക്ഷര്‍ ലഭിച്ച അവസരത്തിലെല്ലാം റണ്‍സുയര്‍ത്തി. ആദ്യ ദിനത്തിന്റെ അവസാന പന്തില്‍ അക്ഷറിനെ (25 പന്തില്‍ 13) മെഹതി ഹസന്‍ എല്‍ബിയില്‍ കുരുക്കി. ഇതോടെ ആദ്യ ദിനം ആറ് വിക്കറ്റ് 278 എന്ന നിലയിലാണ് ഇന്ത്യ അവസാനിപ്പിച്ചത്.

പ്ലേയിങ് 11: ഇന്ത്യ- കെ എല്‍ രാഹുല്‍ (ര), ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്

ബംഗ്ലാദേശ്- സക്കീര്‍ ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, യാസിര്‍ അലി, മുഷ്ഫിഖര്‍ റഹിം, ഷക്കീബ് അല്‍ ഹസന്‍ (ര), ലിറ്റന്‍ ദാസ്, നൂറുല്‍ ഹസന്‍, മെഹതി ഹസന്‍ മിറാസ്, തയ്ജുല്‍ ഇസ്ലാം, ഖലീദ് അഹമ്മദ്, ഇബാദത്ത് ഹൊസൈന്‍.

Story first published: Thursday, December 15, 2022, 6:52 [IST]
Other articles published on Dec 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+