പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ ആദ്യ മത്സരം നാളെ പെര്‍ത്തില്‍ ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ പരമ്പരയാണ് ഇത്തവണ ഓസ്‌ട്രേലിയയില്‍ കാത്തിരിക്കുന്നത്. ഓസീസില്‍ നാല് മത്സരങ്ങള്‍ ജയിക്കാനാവാത്ത പക്ഷം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനാവില്ല. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളികളാണ് മുന്നിലുള്ളതെന്ന് പറയാം. നാട്ടില്‍ ന്യൂസീലന്‍ഡിനോട് 3-0ന്റെ തോല്‍വി നേരിട്ട ക്ഷീണവും ഇന്ത്യക്കുണ്ട്.
പെര്‍ത്ത് ഇന്ത്യയെ സംബന്ധിച്ച് മികച്ച റെക്കോഡുള്ള പിച്ചല്ല. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും പ്രതീക്ഷകളേറെയാണ്. എന്നാല്‍ അന്നത്തെ സാഹചര്യവുമായി വളരെയധികം വ്യത്യാസം ഇന്നത്തെ ഇന്ത്യന്‍ ടീമിനുണ്ടെന്ന് പറയാം. എങ്കിലും ചില യുവതാരങ്ങളിലാണ് ഇന്ത്യ പ്രതീക്ഷവെക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍.
ഇത്തവണ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനെന്ന് എല്ലാവരും വിലയിരുത്തുന്ന താരമാണ് ജയ്‌സ്വാള്‍. ഇപ്പോഴിതാ പെര്‍ത്തില്‍ കന്നി അങ്കത്തിന് ഇറങ്ങുന്ന ജയ്‌സ്വാള്‍ വിരാട് കോലി നല്‍കിയ പ്രധാന ഉപദേശം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
പദ്ധതികളില്‍ വിശ്വസിച്ച് മുന്നോട്ട് പോകണം
യശ്വസി ജയ്‌സ്വാള്‍ സമീപകാലത്തായി മികച്ച ഫോമിലാണുള്ളത്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഇടം കൈയന്‍ ഓപ്പണറാണ് ജയ്‌സ്വാള്‍. ഏത് സാഹചര്യത്തിലും ഏത് ശൈലിയിലും കളിക്കാന്‍ താരത്തിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ ജയ്‌സ്വാളില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യ വെക്കുന്നത്. പക്ഷെ ഇന്ത്യയില്‍ കാട്ടുന്ന മികവ് വിദേശത്ത് കാട്ടാന്‍ ജയ്‌സ്വാളിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയേണ്ട കാര്യമാണ്.
'സീനിയര്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വിരാട് കോലിയോടെ സംസാരിക്കാറുണ്ട്. എങ്ങനെയാണ് മൂന്ന് ഫോര്‍മാറ്റിലും ഇതുപോലെ തിളങ്ങുന്നതെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നുമാണ് ഞാന്‍ ചോദിച്ചത്. അതിന് വിരാട് ഭായ് പറഞ്ഞത് അച്ചടക്കമുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂയെന്നാണ്. പദ്ധതികളിലും ദിന ചര്യകളിലും വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല.
അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്. എന്റെ ശീലങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയിലുള്ള കാര്യങ്ങളും ചെയ്ത് പഠിക്കുകയെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതാണ് ഓരോ ദിവസവും എന്നെ മെച്ചപ്പെടുത്തുന്നത്. എന്റെ മുന്നൊരുക്കങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്' ജയ്‌സ്വാള്‍ പറഞ്ഞു.

പെര്‍ത്ത് ടെസ്റ്റിനായുള്ള മുന്നൊരുക്കം ഇങ്ങനെ
പെര്‍ത്ത് ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കുന്നില്ല. അതുകൊണ്ടുതന്നെ ഓപ്പണറെന്ന നിലയില്‍ വലിയ ഉത്തരവാദിത്തമാണ് ജയ്‌സ്വാളിന് മുന്നിലുള്ളത്. ഓസീസില്‍ അനുഭവസമ്പത്തില്ലെന്നത് താരത്തിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് തന്നെ പ്രതീക്ഷിക്കാം. എന്തായാലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ജയ്‌സ്വാളിന് സാധിക്കാതെ പോയാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ജയ്‌സ്വാള്‍ മികച്ച മുന്നൊരുക്കങ്ങളോടെയാണ് ഇത്തവണ ഇറങ്ങുന്നത്.
'എല്ലാ സജ്ജീകരണങ്ങളോടെയാണ് ഞാന്‍ നെറ്റ്‌സില്‍ പരിശീലിക്കുന്നത്. ഇത്തരം വലിയ മത്സരങ്ങള്‍ക്ക് മുമ്പായി മികച്ച മുന്നൊരുക്കം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ നന്നായി ഭക്ഷണം കഴിക്കാനും ആവശ്യത്തിന് ഉറങ്ങാനും ശ്രമിക്കാറുണ്ട്. ഇത്തവണയും മികച്ച മുന്നൊരുക്കത്തോടെയാണ് വരുന്നത്. പ്രതീക്ഷയുണ്ട്' ജയ്‌സ്വാള്‍ പറഞ്ഞു.
ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പം
ഇന്ത്യയുടെ താരനിര ശക്തമാണ്. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം. രോഹിത്തിന്റെ അഭാവത്തോടൊപ്പം പേസ് നിരയില്‍ മുഹമ്മദ് ഷമിയുടെ അഭാവവും ഇന്ത്യക്ക് തലവേദനയാണ്. വിരാട് കോലി മോശം ഫോമിലാണുള്ളത്. റിഷഭ് പന്തിന് എത്രത്തോളം മികവ് കാട്ടാന്‍ സാധിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയണം. കെ എല്‍ രാഹുലും മോശം ഫോമിലാണുള്ളത്. ഇതെല്ലാം ഇന്ത്യയെ പരമ്പരയില്‍ നിന്ന് പിന്നോട്ടടിക്കുന്ന കാര്യമാണ്.