പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് പെര്‍ത്തില്‍ ആവേശകരമായി പുരോഗമിക്കവെ ഇന്ത്യ ഡ്രൈവിങ് സീറ്റിലാണുള്ളത്. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിനം പുരോഗമിക്കവെ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം അവകാശപ്പെടാം. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും കെ എല്‍ രാഹുലും ചേര്‍ന്ന് നടത്തിയ ഗംഭീര പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചിരിക്കുന്നത്. ജയ്‌സ്വാള്‍ പുറത്താവാതെ 90 റണ്‍സും രാഹുല്‍ പുറത്താവാതെ 62 റണ്‍സുമാണ് നേടിയിരിക്കുന്നത്.
ഇതില്‍ ജയ്‌സ്വാളിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 193 പന്തുകള്‍ നേരിട്ട് ക്ഷമയോടെ കളിച്ച ജയ്‌സ്വാള്‍ ഏഴ് ഫോറും രണ്ട് സിക്‌സുമാണ് പറത്തിയത്. ഇന്ത്യയില്‍ മാത്രമല്ല സെന രാജ്യത്തും താന്‍ പുലിയാണെന്ന് പ്രകടനത്തിലൂടെ തെളിയിക്കുകയാണ് ജയ്‌സ്വാള്‍. ഇതോടൊപ്പം നിരവധി റെക്കോഡുകളും ജയ്‌സ്വാള്‍ നേടിയെടുത്തിട്ടുണ്ട്.
ഇതില്‍ എടുത്തു പറയേണ്ടത് യുവതാരം നേടിയെടുത്ത സിക്‌സര്‍ റെക്കോഡാണ്. മറ്റൊരു ഇന്ത്യന്‍ താരത്തിനും നേടിയെടുക്കാന്‍ സാധിക്കാത്ത വമ്പന്‍ സിക്‌സര്‍ റെക്കോഡാണ് യശ്വസി ജയ്‌സ്വാള്‍ സ്വന്തമാക്കിയതെന്ന് പറയാം.
ഒരു വര്‍ഷം കൂടുതല്‍ ടെസ്റ്റ് സിക്‌സര്‍
ഒരു വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ സിക്‌സര്‍ പറത്തുന്ന താരമെന്ന റെക്കോഡാണ് യശ്വസി ജയ്‌സ്വാള്‍ നേടിയെടുത്തത്. ഈ വര്‍ഷം ടെസ്റ്റില്‍ 34 സിക്‌സുകളാണ് ജയ്‌സ്വാള്‍ നേടിയെടുത്തിരിക്കുന്നത്. മുന്‍ ന്യൂസീലന്‍ഡ് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പേരിലുണ്ടായിരുന്ന 33 സിക്‌സര്‍ റെക്കോഡാണ് ജയ്‌സ്വാള്‍ തകര്‍ത്തത്. 2014ലായിരുന്നു മക്കല്ലത്തിന്റെ നേട്ടം. ബെന്‍ സ്‌റ്റോക്‌സ് 26 സിക്‌സ് 2022ല്‍ നേടിയിരുന്നു.
2005ല്‍ ആദം ഗില്‍ക്രിസ്റ്റ് നേടിയ 22 സിക്‌സറിന്റേയും 2008ല്‍ വീരേന്ദര്‍ സെവാഗ് നേടിയ 22 സിക്‌സറിന്റേയും റെക്കോഡ് നേരത്തെ തന്നെ ജയ്‌സ്വാള്‍ തകര്‍ത്തിരുന്നു. ഇതോടെ ഒരു വര്‍ഷം ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും കൂടുതല്‍ സിക്‌സര്‍ പറത്തുന്ന താരമെന്ന റെക്കോഡ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തം പേരിലാക്കി. ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ പേരിലാണ് ഈ റെക്കോഡ്. 2023ല്‍ 67 സിക്‌സാണ് ഹിറ്റ്മാന്‍ നേടിയത്. 2022ല്‍ സൂര്യകുമാര്‍ യാദവ് പറത്തിയ 68 സിക്‌സറാണ് ടി20യിലെ റെക്കോഡ്.

ഓപ്പണിങ്ങില്‍ റെക്കോഡ് കൂട്ടുകെട്ട്
ഓപ്പണിങ്ങില്‍ റെക്കോഡ് കൂട്ടുകെട്ടാണ് കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്നത്. 2018ന് ശേഷം സെന രാജ്യത്ത് ഇന്ത്യക്കായി ഓപ്പണിങ്ങില്‍ വിക്കറ്റ് നഷ്ടമാവാതെ ഒന്നിലധികം സെഷനുകളില്‍ ബാറ്റ് ചെയ്യുന്ന ആദ്യ താരങ്ങളായി മാറാന്‍ കെ എല്‍ രാഹുലിനും ജയ്‌സ്വാളിനും സാധിച്ചു. കൂടാതെ സെന രാജ്യത്ത് കൂടുതല്‍ പന്ത് നേരിടുന്ന ഓപ്പണിങ് കൂട്ടുകെട്ടായും ഇവര്‍ മാറി.
രാഹുല്‍-ജയ്‌സ്വാള്‍ കൂട്ടുകെട്ട് വസിം ജാഫറും ദിനേഷ് കാര്‍ത്തികും 2007ല്‍ നേരിട്ട 337 പന്തിന്റെ റെക്കോഡാണ് പെര്‍ത്തില്‍ തകര്‍ത്തത്. രോഹിത്തും കെ എല്‍ രാഹുലും ചേര്‍ന്ന് 2021ല്‍ പെര്‍ത്തില്‍ 262 പന്തുകളും നേരിട്ടിട്ടുണ്ട്. ആദ്യ ഇന്നിങ്‌സിലെ തകര്‍ച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവാണ് ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാര്‍ കാഴ്ചവെച്ചത്.
ജയ്‌സ്വാള്‍ എലൈറ്റ് ക്ലബ്ബില്‍
മൂന്നാം ദിനം സെഞ്ച്വറി നേടാമെന്ന പ്രതീക്ഷയോടെയാവും ജയ്‌സ്വാള്‍ ബാറ്റിങ് ആരംഭിക്കുക. രണ്ടാം ദിനം രണ്ട് സിക്‌സര്‍ നേടിയതോടെ എലൈറ്റ് ക്ലബ്ബിലേക്കാണ് ജയ്‌സ്വാള്‍ പേരു ചേര്‍ത്തത്. ഒരു വര്‍ഷം ഇന്ത്യക്കായി 50ലധികം സിക്‌സര്‍ പറത്തുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ജയ്‌സ്വാളിന്റെ വരവ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാമാണ് ഈ പട്ടികയിലെ മറ്റുള്ളവര്‍.