യുഎഇയില്‍ ഈ മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ പോയ ചില നിര്‍ഭാഗ്യവാന്‍മാരുണ്ട്. സമീപകലത്തെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഇവര്‍ക്കു നേരെ അജിത് അഗാക്കര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി കണ്ണടയ്ക്കുകയായിരുന്നു.
ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിക്കു നേരിടേണ്ടി വരികയും ചെയ്തു. എങ്കിലും ഏഷ്യാ കപ്പ് മിസ്സായെന്നു കരുതി ഇവര്‍ക്കു ടി20 ടീമിലേക്കുള്ള വാതില്‍ പൂര്‍ണമായി അടഞ്ഞെന്നു പറയാന്‍ കഴിയില്ല.
നവംബറില്‍ ഓസ്‌ട്രേലിയക്കെതിരേ അവരുട നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടി20 പരമ്പരയില്‍ ഇവര്‍ക്കു വിളിയെത്തിയേക്കുകയും ചെയ്യും. ഓസീസ് പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധ്യതയുള്ള ഈ താരങ്ങള്‍ ആരൊക്കെയാണനെന്നു നമുക്കു പരിശോധിക്കാം.

ആര്‍ക്കെല്ലാം കോളെത്തും?
ഓസ്‌ട്രേലിയയുമായുള്ള അഞ്ചു ടി20കളുടെ ദൈര്‍ഘ്യമേറിയ പരമ്പരയിലൂടെ ഇന്ത്യന് ടി20 ടീമിലേക്കു തിരിച്ചെത്തിയേക്കാവുന്ന ആദ്യത്തെയാള്‍ യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹത്തിനു ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ സ്ഥാനം ലഭിക്കാതെ പോയത്.
അവസാനത്തെ മൂന്നു പരമ്പരകളില്‍ ഓപ്പണ്‍ ചെയ്ത മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെയും ലോക ഒന്നാം നമ്പര്‍ പദവിയിലേക്കുയര്‍ന്ന അഭിഷേക് ശര്‍മയെയും ഏഷ്യാ കപ്പിലും ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം മറ്റൊരു ഓപ്പണറായി യുവ താരം ശുഭ്മന്‍ ഗില്ലും ടീമിലേക്കു മടങ്ങിയെത്തി.
ഗില്ലിനു വൈസ് ക്യാപ്റ്റന്‍സി കൂടി നല്‍കേണ്ടതിനാലാണ് ജയ്‌സ്വാള്‍ ഒഴിവാക്കപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ ജയ്‌സ്വാളായിരുന്നു ടീമില്‍ എത്തേണ്ടിയിരുന്നത്. കാരണം ടി20യില്‍ ഗില്ലിനേക്കാള്‍ മികച്ച് റെക്കോര്‍ഡും പ്രഹരഷശേഷിയുമെല്ലാം ജയ്‌സ്വാളിനാണ്. ഓസ്‌ട്രേലിയുയമായുള്ള അടുത്ത പരമ്പരയില്‍ അദ്ദേഹത്തെ ഉറപ്പായും നമുക്കു ഓപ്പണിങില്‍ കാണാം.
ജയ്‌സ്വാള്‍ കഴിഞാല്‍ ടി20 ടീമിലേക്കു മടങ്ങിയെത്താനിടയുള്ള അടുത്തയാള്‍ മധ്യനിരയിലെ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാണ്. ഐപിഎല്ലിലടക്കം സമീപകാലത്തു കളിച്ചിട്ടുള്ള എല്ലാ ഫോര്‍മാറ്റുകളിലും തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിയത്. എന്നിട്ടും ഏഷ്യാ കപ്പില്‍ ശ്രേയസിനെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.
ഓസീസ് പര്യടനം ടി20 ടീമിലേക്കുള്ള ശ്രേയസിന്റെ മടങ്ങിവരവിനു വേദിയായേക്കും. നേരത്തേ മോശം സ്‌ട്രൈക്ക് റേറ്റും ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസും കാരണം ടി20യിലെ സ്ഥാനം നഷ്ടമായ താരമാണ് അദ്ദേഹം. പക്ഷെ ശ്രേയസ് ഇപ്പോള്‍ ഈ രണ്ടു ദൗര്‍ബല്യങ്ങളും പരിഹരിച്ചു കഴിഞ്ഞു. കഴിഞ്ഞ ഐലിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി അതിവേഗം സ്‌കോര്‍ ചെയ്യാനും അദ്ദേഹത്തിനായിരുന്നു.
ശ്രേയസിനു ടി20യില്‍ വീണ്ടും അവസരം നല്‍കൂയെന്നു ക്രിക്കറ്റ് പണ്ഡിതരും മുന്‍ താരങ്ങളുമെല്ലാം ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനാല്‍ അദ്ദേഹത്തെ വീണ്ടും ടി20യില്‍ പരീക്ഷിക്കാനുള്ള ഏറ്റവും നല്ല വേദി കൂടിയായിരിക്കും ഓസ്‌ട്രേലിയ. ഷോര്‍ട്ട് ബോള്‍ വെല്ലുവിളി ശ്രേയസ് അതിജീവിക്കുമോയെന്നും ഈ പരമ്പരയിലൂടെ അറിയാം.

സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ് ഓസീസ് പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തിയേക്കാവുന്ന മൂന്നാമത്തെയാള്‍. നിലവിലെ ടി20 ലൈനപ്പ് നോക്കുമ്പോള്‍ അഞ്ച്- ആറ് സ്ഥാനങ്ങില്‍ ബാറ്റ് ചെയ്യാന്‍ മികവുള്ള വിക്കറ്റ് കീപ്പറെയാണ് ഇന്ത്യക്കു ആവശ്യം.
സഞ്ജു സാംസണിനു ഈ റോളില്‍ മോശം റെക്കോര്‍ഡാണുള്ളത്. ഏഷ്യാ കപ്പില്‍ ഈ പൊസിഷനില്‍ കളിപ്പിച്ചാല്‍ അദ്ദേഹം ഫ്‌ളോപ്പായേക്കുകയും ചെയ്യും. ഏഷ്യാ കപ്പില്‍ സഞ്ജു നിരാശപ്പെടുത്തിയാല്‍ രാഹുലിനെ ഓസ്‌ട്രേലിയയില്‍ ഇന്ത്യ മധ്യനിരയില്‍ പരീക്ഷിച്ചേക്കും.
കഴിഞ്ഞ ഐപിഎല്ലില്‍ ഇന്ത്യന്‍കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് അദ്ദേഹമാണ്. ഇതു രാഹുലിന്റെ മടങ്ങിവരവിനു പ്ലസ് പോയിന്റാവുന്ന ഘടകവുമാണ്.
ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ് ഏഷ്യാ കപ്പില്‍ തിരിച്ചുവിളിക്കപ്പെടാനിടയുള്ള മറ്റൊരാള്‍. കുറച്ചു കാലമായി ടി20 ടീമിന്റെ ഭാഗമല്ല അദ്ദേഹം. മോശം ഇക്കോണമി റേറ്റാണ് സിറാജിനു തിരിച്ചടിയായത്. പക്ഷെ ഏറെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിനു ഇനിയും ടി20യില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താനുള്ള ശേഷിയുണ്ട്.