ഓസ്‌ട്രേലിയക്കെതിരേ ഈ മാസമാരംഭിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കായി എത്തുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര ആശങ്കയിലായിരിക്കുമോയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഓസീസിന്റെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ന്യൂസിലാന്‍ഡുമായുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ തൂത്തുവാരപ്പെട്ട ശേഷമാണ് കരുത്തരായ ഓസീസുമായി ഇന്ത്യന്‍ ടീം കൊമ്പുകോര്‍ക്കുന്നത്. അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടീം ഇന്ത്യ കളിക്കുന്നത്.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെയേറെ നിര്‍ണായകമായ പരമ്പര കൂടിയാണിത്. കാരണം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടണമെങ്കില്‍ ഓസീസിനെതിരേ 4-0ന്റെ മാര്‍ജിനില്‍ ഇന്ത്യക്കു ജയിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ തുടര്‍ച്ചയായി മൂന്നാം തവണയും ഡബ്ല്യുടിസി ഫൈനലിനു ഇന്ത്യക്കു ടിക്കറ്റും ലഭിക്കുകയുള്ളൂ.

ഇന്ത്യന്‍ താരമെങ്കില്‍ എങ്ങനെയാവും?
ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമില്‍ താനും ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും ഓസ്‌ട്രേലിയയിലേക്കു വരുമ്പോഴുള്ള മാനസികാവസ്ഥയെന്നു ഡേവിഡ് വാര്‍ണര്‍ വെളിപ്പെടുത്തി.
ഇന്ത്യയുമായുള്ള ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ ചില അതിശയിപ്പിക്കുന്ന ക്യാച്ചുകളെടുത്തിരുന്നു. അതു അവര്‍ക്കു നല്ല താളം നേടിക്കൊടുക്കുകയും ചെയ്തു. ആ തരത്തിലുള്ള ക്യാച്ചുകളെടുക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ അതു കളിയില്‍ തീര്‍ച്ചയായും മേല്‍ക്കൈ നല്‍കും.
ഇന്ത്യയില്‍ ടെസ്റ്റ് മല്‍സരം ജയിക്കുകയെന്നത് എത്ര കടുപ്പമാണെന്നു എനിക്കറിയാം. ന്യൂസിലാന്‍ഡ് ടീം അവിടെ പുറത്തെടുത്തത് അതിശയിപ്പിക്കുന്ന പ്രകടനമാണ്. ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ അവര്‍ക്കാണെന്നും ഫോക്‌സ് സ്‌പോര്‍ട്‌സിനോടു (Fox Sports) സംസാരിക്കവെ വാര്‍ണര്‍ പറഞ്ഞു.
ഇന്ത്യക്കെതിരേയുള്ള ന്യൂസിലാന്‍ഡിന്റെ വിജയം ഓസ്‌ട്രേലിയയെയും സഹായിക്കും. നാട്ടില്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് അഞ്ചു ടെസ്റ്റുകള്‍ക്കായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്കു വരുന്നത്. മൂന്നു ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരും ഒരു ലോകോത്തര സ്പിന്നറുമുള്ള ടീമാണ് ഓസീസ്. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലാണ് ഞാനെങ്കില്‍ തീര്‍ച്ചയായും ഇവരെ നേരിടാന്‍ നല്ല ഭയമുണ്ടാവുമെന്നും വാര്‍ണര്‍ വിശദമാക്കി.
ഓസീസ് മുന്‍നിര
ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ മുന്‍നിര ബാറ്റര്‍മാര്‍ റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടത് വളരെയധികം പ്രധാനമാണെന്നു ഡേവിഡ് വാര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ഇത്തവണ അദ്ദേഹം ഓസീസ് നിരയിലുണ്ടാവില്ല. വാര്‍ണറുടെ അഭാവം നികത്താന്‍ പകരക്കാരനായി എത്തുന്ന താരത്തിനു കഴിയുമോയെന്നതാണ് പ്രധാന ചോദ്യം.

ഓസ്‌ട്രേലിയന്‍ മുന്‍നിര ഇന്ത്യക്കെതിരേ റണ്ണെടുക്കേണ്ടത് ആവശ്യമാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമുള്‍പ്പെടുന്ന പേസ് നിരയെയാണ് ടെസ്റ്റ് പരമ്പരയില്‍ അവര്‍ക്കു നേരിടേണ്ടത്. ഈ രണ്ടു പേരെയും നന്നായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍ ഓസ്‌ട്രേലിയക്കു വലിയ ടോട്ടല്‍ കുറിക്കാന്‍ കഴിയുമെന്നു ഞാന്‍ കരുതുന്നു.
ഇന്ത്യക്കെതിരേ ഏറ്റവും മികച്ച കളി തന്നെ ഓസീസിനു പുറത്തെടുക്കേണ്ടതായി വരും. ഇന്ത്യക്കെതിരേ നാട്ടില്‍ അവസാനമായി കളിച്ച രണ്ടു ടെസ്റ്റ് പരമ്പരകളിലും ഞങ്ങള്‍ തോറ്റിരുന്നു. അതുകൊണ്ടു തന്നെ ഈ പരമ്പരയില്‍ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടത് ആവശ്യമാണെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ്. സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.