IND vs AUS: ടി20 തീപാറും, 3-2നു ആ ടീം കിരീടം പൊക്കും!! ജേതാക്കളെ എഐ പറയും
ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള ആവേശകരമായ ഏകദിന പരമ്പര കഴിഞ്ഞതോടെ ഇനി ടി20 പരമ്പര കാത്തിരിക്കുകയാണ് ആരാധകര്‍. അഞ്ചു മല്‍സരങ്ങളുടെ ദൈര്‍ഘ്യമേറിയ പരമ്പരയ്ക്കു ബുധനാഴ്ച കാന്‍ബെറയില്‍ തുടക്കമാവുകയാണ്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ 31, അടുത്ത മാസം 2, 6, 8 തിയ്യതികളും നടക്കും.
അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ മികച്ച തയ്യാറെടുപ്പുകളിലൊന്നായിരിക്കും ഈ പരമ്പര. ഏകദിനത്തിലേറ്റ 1-2ന്റെ പരാജയത്തിനു ടി20യല്‍ കണക്കുതീര്‍ക്കാനുറച്ചായിരിക്കും സൂര്യകുമാര്‍ യാദവിനു കീഴില്‍ ഇന്ത്യയിറങ്ങുക.

മറുഭാഗത്തു മിച്ചെല്‍ മാര്‍ഷിന്റെ ഓസീസ് ടീം ഏകദിനത്തിനു പിന്നാലെ ടി20യിലും പരമ്പര നേട്ടവുമായി ഇന്ത്യക്കു മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ചു അറിയാം.
ഫോമും നേര്‍ക്കുനേര്‍ റെക്കോര്‍ഡും
ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കുമേല്‍ ഓസ്‌ട്രേലിയക്കാണ് ആധിപത്യമെങ്കിലും ടി20യില്‍ ഇതു നേരെ തിരിച്ചാണ്. ടി20യില്‍ കംഗാരുപ്പടയ്ക്കു മേല്‍ മുന്‍തൂക്കം ഇന്ത്യക്കാണെന്നു കണക്കുകള്‍ പറയുന്നു. ഇതുവരെ 32 ടി20കളിലാണ് ഇന്ത്യയും ഓസീസും കൊമ്പുകോര്‍ത്തത്. ഇതില്‍ 20ലും വിജയം ഇന്ത്യക്കാണ്.
11 മല്‍സരങ്ങളാണ് ഓസീസിനു ജയിക്കാനായത്. ഒന്ന് ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അതു മാത്രമല്ല, ഓസ്‌ട്രേലിയക്കെതിരേ അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളിലും വിജയം കൊയ്യാനും ഇന്ത്യക്കു സാധിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി 2023ല്‍ നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ പരമ്പര 2-1നാണ് ഇന്ത്യ കൈക്കലാക്കിയത്.
അതേസമയം, ഫോമിലേക്കു വന്നാല്‍ സൂര്യകുമാര്‍ യാദവ് സ്ഥിരം ക്യാപ്റ്റനായതിനു ശേഷം ടി20യില്‍ ടീം ഇന്ത്യയുടെ പടയോട്ടം തന്നെയാണ് കാണുന്നത്. ഏറ്റവും അവസാനം കളിച്ച ഏഷ്യാ കപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ചാംപ്യന്‍മാരായത്. അതിശക്തമായ ബാറ്റിങ് ലൈനപ്പും ബൗളിങ് നിരയിലും ടി20യില്‍ ഇന്ത്യക്കുണ്ട്.
സൂര്യക്കൊപ്പം അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ തുടങ്ങിയ അഗ്രസീവ് ബാറ്റര്‍മാര്‍ ഇന്ത്യക്കുണ്ട്. ബൗളിങിലാവട്ടെ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെയും സാന്നിധ്യം ഇന്ത്യയെ കൂടുതല്‍ അപകടകാരികളാക്കി മാറ്റുന്നു.
ഓസ്‌ട്രേലിയയാവട്ടെ അവസാനമായി കളിച്ച ടി20കളില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസാനം കളിച്ച ടി20 പരമ്പര തൂത്തുവാരിയാണ് അവരുടെ വരവ്. ടിം ഡേവിഡ് വെറും 37 ബോളില്‍ സെഞ്ച്വറിയും ഈ പരമ്പരയില്‍ അടിച്ചെടുത്തിരുന്നു.
മുന്‍നിരയില്‍ ട്രാവിഡ് ഹെഡും ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷും ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കുമ്പോള്‍ ബൗളിങില്‍ ജോഷ് ഹേസല്‍വുഡും ആദം സംപയും എതിരാളികള്‍ക്കു മൂക്കുകയറിടാനും സഹായിക്കും.

പ്രവചനം
ഇന്ത്യയും ഓസ്‌ട്രേിയയും തമ്മിലുള്ള ടി20 പരമ്പര തീപാറുമെന്നാണ് എഐയുടെ പ്രവചനം. 3-2നു പരമ്പര ഇന്ത്യ ജയിക്കുമെന്നും എഐ ചൂണ്ടിക്കാണിക്കുന്നു. സന്തുലിതമായ ബൗളിങ് ആക്രമണവും ബാറ്റിങ് കരുത്തുമാണ് ഇന്ത്യക്കു നേരിയ മുന്‍തൂക്കം നല്‍കുന്നത്.
ആദ്യത്തെ നാലു മല്‍സരങ്ങള്‍ക്കു ശേഷം ഇരുടീമുകളും 2-2നു ഒപ്പമായിക്കും. എന്നാല്‍ ഗാബയിലെ അവസാന മല്‍സരം ജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കും. ഉയര്‍ന്ന സ്‌കോറുകള്‍ (180 പ്ലസ്) ഈ പരമ്പരയില്‍ പ്രതീക്ഷിക്കാം. കൂടാതെ വളരെ ത്രില്ലിങായ ഫിനിഷിങുകളും പരമ്പരയില്‍ കാണാന്‍ സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications