ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചിരിക്കുകയാണ് ആകാശ് ദീപ്. ഇന്ത്യക്ക് ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കാന്‍ 246 റണ്‍സ് വേണമായിരുന്നു. എന്നാല്‍ 213 റണ്‍സിന് ഇന്ത്യയുടെ ഒമ്പത് വിക്കറ്റുകളും വീണു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ഹീറോയായി മാറിയത് ആകാശ് ദീപാണ്. 31 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 27 റണ്‍സോടെ പുറത്താവാതെ നില്‍ക്കുന്ന ആകാശ് ദീപ് ഇന്ത്യയുടെ പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു.
10 റണ്‍സോടെ ജസ്പ്രീത് ബുംറയും ഒപ്പമുണ്ട്. ഇവരുടെ കൂട്ടുകെട്ടാണ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ബൗണ്ടറി പായിച്ചാണ് ആകാശ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷപെടുത്തിയത്. പിന്നാലെ വമ്പനൊരു സിക്‌സര്‍ പറത്താനും ആകാശിനായി. പേസറുടെ വമ്പന്‍ സിക്‌സറിനെ കൈയടികളോടെയാണ് സഹ താരങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ ഏറ്റവും സന്തോഷിച്ചത് വിരാട് കോലിയാണെന്ന് പറയാം.
ആവേശത്തോടെ ഡ്രസിങ് റൂമിലെ ചില്ലിലൂടെ സിക്‌സര്‍ നോക്കിക്കണ്ട കോലി സന്തോഷത്തോടെ തുള്ളിച്ചാടി കൈയടിക്കുകയും ചെയ്തു. കോലി ഇത്രത്തോളം ആവേശത്തോടെ ഈ സിക്‌സര്‍ ആഘോഷിക്കാന്‍ കാരണമുണ്ട്. അത് എന്താണെന്ന് നോക്കാം.
ആകാശ് ഉപയോഗിക്കുന്നത് കോലിയുടെ ബാറ്റ്
ഇന്ത്യയുടെ യുവ പേസറാണ് ആകാശ് ദീപ്. ആര്‍സിബിയിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ ആകാശ് ബൗളറെന്നതോടൊപ്പം ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യുന്ന താരം കൂടിയാണ്. ആകാശ് ഇപ്പോള്‍ ഉപയോഗിക്കുന്ന ബാറ്റ് എംആര്‍എഫിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ളതാണ്. സത്യത്തില്‍ എംആര്‍എഫിന് ആകാശുമായി കരാറില്ല. എന്നാല്‍ എങ്ങനെയാണ് ആകാശ് എംആര്‍എഫ് ബാറ്റ് ഉപയോഗിക്കുന്നത്. ആകാശിന്റെ ബാറ്റ് വിരാട് കോലി അദ്ദേഹത്തിന് സമ്മാനിച്ചതാണ്.
കോലി നല്‍കിയ ബാറ്റുപയോഗിച്ചാണ് ആകാശ് ദീപ് മിന്നിക്കുന്നത്. ഇതാണ് കോലിയെ കൂടുതല്‍ സന്തോഷവാനാക്കുന്നത്. കോലി തനിക്ക് ബാറ്റ് സമ്മാനിച്ച കാര്യം നേരത്തെ തന്നെ ആകാശ് ദീപ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം കോലിയുടെ ബാറ്റ് ഉപയോഗിച്ചാണ് ആകാശ് കളിക്കുന്നത്. ഇപ്പോള്‍ കമ്മിന്‍സിനെ സിക്‌സര്‍ പറത്തിയതും കോലിയുടെ ബാറ്റുകൊണ്ടാണ്. ഇതാണ് കോലി അത്രത്തോളം സന്തോഷിക്കാന്‍ കാരണം.

ഇന്ത്യയുടെ രക്ഷകനായി ആകാശ്
ആകാശ് ദീപിന്റെ പ്രകടനമില്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് ഗാബയില്‍ നാണംകെടേണ്ടി വന്നേനെ. ഇപ്പോള്‍ നേരിയ പ്രതീക്ഷയെങ്കിലും ഇന്ത്യക്കുണ്ടെന്ന് പറയാം. മഴയും വെളിച്ചക്കുറവും ഇടക്കിടെ എത്തുന്നുമുണ്ട്. ഇത് സമനില പ്രതീക്ഷ സജീവമാക്കുന്നത്. കെ എല്‍ രാഹുല്‍ 84 റണ്‍സോടെ ടോപ് ഓഡറില്‍ ഇന്ത്യക്കായി മിന്നിച്ചു. മധ്യനിരയില്‍ നിര്‍ണ്ണായകമായ 77 റണ്‍സോടെ രവീന്ദ്ര ജഡേജയും ഇന്ത്യക്കായി ശോഭിച്ചു. എന്നാല്‍ ഇന്ത്യ ഫോളോ ഓണ്‍ കുരുക്കില്‍ വീഴുമെന്നാണ് എല്ലാവരും കരുതിയത്.
പക്ഷെ ആകാശ് ദീപ് മികച്ച പ്രകടനത്തോടെ അവസരത്തിനൊത്തുയര്‍ന്നു. അവസാനക്കാരനായി ബാറ്റ് ചെയ്യാനെത്തിയാണ് ആകാശ് ദീപ് ഇത്തരമൊരു പ്രകടനം കാഴ്ചവെച്ചതെന്ന് പറയാം. ഇപ്പോഴും ക്രീസില്‍ തുടരുന്ന ആകാശ് അവസാന ദിനം എത്രനേരം ബാറ്റുചെയ്യുമെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ നിലവില്‍ ഓസീസിനെക്കാള്‍ 193 റണ്‍സിന് പിന്നിലാണ്. അവസാന ദിനം ഇന്ത്യക്ക് ഈ ലീഡ് എത്രത്തോളം കുറക്കാനാവുമെന്നതാണ് കണ്ടറിയേണ്ടത്.
സമനില പ്രതീക്ഷയില്‍ ഇന്ത്യ
ഗാബ ടെസ്റ്റ് തോല്‍ക്കുമെന്ന് തോന്നിച്ചിടത്തുനിന്ന് ചെറിയ പ്രതീക്ഷയിലേക്ക് ഇന്ത്യ എത്തിയിരിക്കുകയാണ്. ജയം അസാധ്യമാണെങ്കിലും സമനില നേടിയെടുക്കാനുള്ള അവസരം ഇപ്പോള്‍ ഇന്ത്യക്ക് മുന്നിലുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് കരുത്തുകാട്ടാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഇപ്പോള്‍ ഓസീസ് സമ്മര്‍ദ്ദത്തിലാണ്.
പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് പാതിവഴിയില്‍ പരിക്കേറ്റ് മടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഈ ദൗര്‍ബല്യം മുതലാക്കാം. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കൈയിലാണ് എല്ലാം. എന്തായാലും നിലവില്‍ ഇന്ത്യ വലിയ തിരിച്ചുവരവ് പ്രതീക്ഷയിലാണ്.