സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വരാനിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പരമ്പരയാണ് വരാനിരിക്കുന്നത്. നിലവില്‍ വലിയ നാണക്കേടിലൂടെയാണ് ഇന്ത്യന്‍ ടീം കടന്ന് പോകുന്നത്. നാട്ടില്‍ ന്യൂസീലന്‍ഡിനോട് ടെസ്റ്റ് പരമ്പര തോറ്റെന്ന് മാത്രമല്ല മൂന്ന് മത്സരത്തിലും സമ്പൂര്‍ണ്ണ തോല്‍വിയും ഏറ്റുവാങ്ങി. ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ പ്രകടനമാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് മികവ് കാട്ടാനാവുന്നില്ല.
സ്പിന്നര്‍മാര്‍ക്കെതിരേ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര മൂക്കുംകുത്തി വീഴുന്നതാണ് കാണാനായത്. നിലവില്‍ ആത്മവിശ്വാസം തകര്‍ന്നിരിക്കുന്ന ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ അത്ഭുതം കാട്ടാനാവുമെന്ന് ആരും വിശ്വസിക്കുന്നില്ല. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയെങ്കിലും ഇത്തവണ കാര്യങ്ങള്‍ പ്രയാസമാണെന്ന് പറയാം. വിരാട് കോലിക്ക് ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുണ്ട്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് തിളങ്ങാനാവുമോ?.
കോലിയുടെ കാലം കഴിഞ്ഞുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിമര്‍ശനം നേരിട്ടപ്പോഴെല്ലാം ശക്തമായ തിരിച്ചുവരവ് നടത്താന്‍ കോലിക്കായിരുന്നു. ഇത്തവണ ഓസ്‌ട്രേലിയയില്‍ കോലി മികവ് കാട്ടുമെന്ന് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കോലിക്ക് തിരിച്ചുവരവ് പുത്തരിയല്ല
വിരാട് കോലിയെ എഴുതിത്തള്ളിയ സമയത്തെല്ലാം ശക്തമായ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാവുകയും ചെയ്യും. 2011-12ലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ റണ്‍വേട്ടക്കാരില്‍ മുന്നിലെത്താന്‍ കോലിക്ക് സാധിച്ചു. അഡലെയ്ഡില്‍ 116 റണ്‍സടക്കം നേടി മിന്നിക്കാന്‍ കോലിക്ക് സാധിച്ചു. 2014ലെ ഇംഗ്ലണ്ട് പരമ്പരയില്‍ നാണംകെട്ട പ്രകടനം കാഴ്ചവെച്ച കോലി ഇതേ വര്‍ഷം നടന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ 692 റണ്‍സുമായി കസറി.
ഇതില്‍ നാല് സെഞ്ച്വറിയും ഉള്‍പ്പെടും. 2023ലെ ടെസ്റ്റ് പരമ്പരയില്‍ അഡ്‌ലെയ്ഡില്‍ 186 റണ്‍സുമായി മിന്നിക്കാന്‍ കോലിക്കായി. ഇത്തരത്തില്‍ കോലിയുടെ കാലം കഴിഞ്ഞെന്ന് വിലയിരുത്തിയപ്പോഴെല്ലാം വമ്പന്‍ തിരിച്ചുവരവ് നടത്താന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കോലി ഇത്തവണയും ശക്തമായ തിരിച്ചുവരവ് നടത്തും. ഫോം താല്‍ക്കാലികമാണെങ്കിലും പ്രതിഭ ശാശ്വതമാണ്. കോലിയുടെ ഗംഭീര പ്രകടനം ഓസ്‌ട്രേലിയയില്‍ പ്രതീക്ഷിക്കാം.

ഓസ്‌ട്രേലിയയില്‍ ഗംഭീര റെക്കോഡ്
കോലിയുടെ സമീപകാലത്തെ മോശം പ്രകടനങ്ങള്‍ നോക്കിയാല്‍ പിഴക്കുന്നത് സ്പിന്നര്‍മാര്‍ക്കെതിരേയാണ് പറയാം. സ്പിന്നിനെ കൃത്യമായി മനസിലാക്കാന്‍ പഴയതുപോലെ കോലിക്ക് സാധിക്കുന്നില്ല. എന്നാല്‍ പേസിനെതിരേ ഇപ്പോഴും കസറാന്‍ കോലിക്ക് സാധിക്കും. ഓസ്‌ട്രേലിയയിലെ പേസ് പിച്ചില്‍ കോലിയുടെ മാസ് തിരിച്ചുവരവ് കാണാനായേക്കും. ഒരു ഷോട്ട് കൊണ്ട് പോലും ഫോമിലേക്കെത്താന്‍ കഴിവുള്ള താരമാണ് വിരാട് കോലി.
ഓസ്‌ട്രേലിയയില്‍ കോലിയുടെ റെക്കോഡുകളും മികച്ചതാണെന്നതാണ് എടുത്തു പറയേണ്ടത്. ഓസ്‌ട്രേലിയയില്‍ 25 ടെസ്റ്റ് ഇന്നിങ്‌സ് കളിച്ച കോലിയുടെ ശരാശരി 54.08 ആണ്. 1352 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ ആറ് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 169 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഓസീസില്‍ ഇത്രയും മികച്ച റെക്കോഡ് സ്വപ്‌ന നേട്ടമാണ്. കംഗാരുക്കളുടെ കരുത്തുറ്റ പേസ് നിരയെ ഇത്തവണയും കോലി തകര്‍ക്കുമെന്ന് തന്നെ കരുതാം.
പൊരുതി ജയിക്കാനുള്ള വാശി
വിരാട് കോലിയുടെ പ്രധാന സവിശേഷത വാശിയാണ്. വിട്ടുകൊടുക്കാന്‍ മടിയുള്ള ആക്രമണോത്സകതയുള്ള താരമാണ് കോലി. സമീപകാലത്തെ കോലിയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ അദ്ദേഹം അസ്വസ്തനാണ്. ഇന്ത്യ വലിയ പ്രതിസന്ധി നേരിടുന്ന സമയത്തെല്ലാം മികവ് കാട്ടാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. കോലിയുടെ ടെസ്റ്റിലെ കുതിപ്പ് ആരംഭിക്കുന്നത് 2014-15ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണെന്ന് പറഞ്ഞാലും തെറ്റാവില്ല. വീണ്ടും ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ കരിയര്‍ തിരിച്ചുപിടിക്കാന്‍ കോലിക്ക് തിളങ്ങണം.
നിര്‍ണ്ണായക ഘട്ടത്തില്‍ കോലി തോറ്റുകൊടുക്കാന്‍ തയ്യാറാകില്ലെന്നുറപ്പ്. പേസര്‍മാര്‍ക്കെതിരേ മികച്ച പ്രകടനം നടത്തി ഓസീസില്‍ വലിയ സ്‌കോര്‍ നേടാന്‍ കോലിക്ക് സാധിക്കുമെന്ന് തന്നെ കരുതാം.