Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യക്കു ഹാപ്പി ന്യൂസ്, ഗാബയില്‍ ഹെഡിനെ ഭയക്കേണ്ട!! ഇതാ കാരണം

ബ്രിസ്ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നിര്‍ണായകമായ മൂന്നാം ടെസ്റ്റിനു ശനിയാഴ്ച ഗാബയില്‍ തുടക്കമാവുകയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.50 മുതലാണ് മല്‍സരം. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പമായതിനാല്‍ തീപാറുന്ന പോരാട്ടം തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രതീക്ഷിക്കാം. പെര്‍ത്തിലെ ഒന്നാമങ്കത്തില്‍ ഇന്ത്യ 295 റണ്‍സിന്റെ വമ്പന്‍ ജയം ആഘോഷിച്ചപ്പോള്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസീസ് തിരിച്ചടിക്കുകയായിരുന്നു.

അഡ്‌ലെയ്ഡ് ഓവലിലെ രണ്ടാം ടെസ്റ്റില്‍ പത്തു വിക്കറ്റിനാണ് കംഗാരുപ്പട ഇന്ത്യയെ വാരിക്കളഞ്ഞത്. ഈ മല്‍സരത്തില്‍ ഇന്ത്യയുടെ കഥ കഴിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് വെടിക്കെട്ട് ഇടംകൈയന്‍ ബാറ്ററായ ട്രാവിസ് ഹെഡാണ്. ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം അടിച്ചെടുത്ത 140 റണ്‍സാണ് മല്‍സരവിധി തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി മാറിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഹെഡിനെ തേടിയെത്തിയിരുന്നു.

ഈ മല്‍സരത്തില്‍ മാത്രമല്ല, ഇന്ത്യക്കു വിവിധ ഫോര്‍മാറ്റുകളില്‍ എല്ലായ്‌പ്പോഴും തലവേദനയായിട്ടുള്ള ഓസീസ് താരമാണ് ഹെഡ്. ഇന്ത്യക്കെതിരേ കളിക്കുമ്പോഴെല്ലാം അദ്ദേഹം തീപ്പൊരി ഇന്നിങ്‌സുകളാണ് കാഴ്ചവയ്ക്കാറുള്ളത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഏകദിന ലോകകപ്പ് ഫൈനല്‍ എന്നിവയിലെല്ലാം സെഞ്ച്വറികളുമായി ഹെഡ് ടീമിന്റെ ഹീറോയായി മാറിയിരുന്നു. രണ്ടിലും പ്ലെയര്‍ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു. എന്നാല്‍ ഗാബയിലെ മൂന്നാമങ്കത്തില്‍ ഹെഡ് ഫ്‌ളോപ്പായി മാറിയേക്കും. ഇതിന്റെ കാരണമറിയാം.

TRAVIS HEAD

ഹെഡിന്റെ ഫോം

മൂന്നാം ടെസ്റ്റിന്റെ വേദിയായ ഗാബയില്‍ ട്രാവിസ് ഹെഡിന്റെ സമീപകാലത്തെ പ്രകടനങ്ങളാണ് ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുന്നത്. ഇവിടെ അവസാനമായി കളിച്ച മൂന്നിങ്‌സുകളിലും അദ്ദേഹം ഫ്‌ളോപ്പായി മാറിയിരുന്നു. ഗോള്‍ഡന്‍ ഡെക്കായാണ് ഹെഡ് ഇവയിലെല്ലം പുറത്തായിട്ടുള്ളത്. ഇവയില്‍ രണ്ടിന്നിങ്‌സുകള്‍ ഈ വര്‍ഷമാണെങ്കില്‍ മറ്റൊന്ന് 2022ലായിരുന്നു.

2022ല്‍ സൗത്താഫ്രിക്കയുമായുള്ള ഗാബ ടെസ്റ്റിലാണ് ഹെഡിന്റെ കഷ്ടകാലം ആരംഭിച്ചത്. അന്നു ഗോള്‍ഡന്‍ ഡെക്കായി താരത്തിനു ക്രീസ് വിടേണ്ടി വരികയായിരുന്നു. അതിനുശേഷം ഈ വര്‍ഷമാണ് വെസ്റ്റ് ഇന്‍ഡീസുമായി ഗാബയില്‍ ഓസീസിനായി ഹെഡ് ടെസ്റ്റില്‍ കളിച്ചത്. രണ്ടിന്നിങ്‌സുകളിലും താരം ബാറ്റിങില്‍ ദുരന്തമായി മാറി. രണ്ടിന്നിങ്‌സുകളിലും ഹെഡ് ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത്.

ഇന്ത്യക്കെതിരായ റെക്കോര്‍ഡ്

ട്രാവിസ് ഹെഡിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേയാണ് അദ്ദേഹം ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയിട്ടുള്ളത്. 51 ടെസ്റ്റുകളില്‍ അദ്ദേഹം സ്‌കോര്‍ ചെയ്ത 3413 റണ്‍സില്‍ 955 റണ്‍സും ഇന്ത്യക്കെതിരേയാണ്. വെറും 12 ടെസ്റ്റുകളിലാണ് ഹെഡ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 47.75 എന്ന മികച്ച ശരാശരിയോടെയാണിത്. രണ്ടു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

TRAVIS HEAD

ടെസ്റ്റില്‍ ഹെഡ് ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയിട്ടുള്ള ടീമുകളിലൊന്നും ഇന്ത്യയാണ്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയും അദ്ദേഹം രണ്ടു വീതം സെഞ്ച്വറികള്‍ കുറിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരേ ഹെഡിന്റെ ഏറ്റവുമുയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ 163 റണ്‍സാണ്.

ഇന്ത്യ മാറ്റം വരുത്തിയേക്കും

അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ തോറ്റ ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യയിറങ്ങുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആറാം നമ്പറിലാണ് കഴിഞ്ഞ മല്‍സരത്തില്‍ ഇറങ്ങിയത്. പക്ഷെ രണ്ടിന്നിങ്‌സുകളിലും അദ്ദേഹം ഫ്‌ളോപ്പായിരുന്നു. അടുത്ത കളിയില്‍ രോഹിത് ഓപ്പണിങിലേക്കു തിരികെയെത്തിയേക്കും. ഇതോടെ കെഎല്‍ രാഹുല്‍ ആറാം നമ്പറിലേക്കു മാറുകയും ചെയ്യും.

ബൗളിങ് ലൈനപ്പിലും ഇന്ത്യ മാറ്റം വരുത്തുമെന്നാണ് സൂചനകള്‍. ആര്‍ അശ്വിനു പകരം വാഷിങ്ടണ്‍ സുന്ദറിനെ തിരികെ വിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ പേസ് ബൗളിങില്‍ ഹര്‍ഷിത് റാണയ്ക്കു പകരം ആകാശ്ദീപിനെ കളിപ്പിക്കാനിടയുണ്ട്.

Story first published: Friday, December 13, 2024, 10:06 [IST]
Other articles published on Dec 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+