Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ശ്രേയസിന്റെ ക്യാച്ച് അബോട്ട് കൈയിലാക്കി, പക്ഷെ നോട്ടൗട്ട്! ഇത് ഒത്തുകളി? വിവാദം

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ ആക്രമണ ക്രിക്കറ്റാണ് കാഴ്ചവെച്ചത്. റുതുരാജ് ഗെയ്ക്‌വാദിനെ (8) തുടക്കത്തിലേ നഷ്ടമായെങ്കിലും ശുബ്മാന്‍ ഗില്ലിന്റെയും (104) ശ്രേയസ് അയ്യരുടേയും (105) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യക്ക് ഗംഭീര സ്‌കോര്‍ നല്‍കിയത്. പരിക്കിന് ശേഷം തിരിച്ചുവന്ന ശ്രേയസ് അയ്യര്‍ക്ക് മികച്ചൊരു പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ മൂന്നാം നമ്പറിലെത്തിയ ശ്രേയസ് തകര്‍പ്പന്‍ സെഞ്ച്വറിയോടെ ലോകകപ്പിന് മുമ്പ് പ്രതീക്ഷ കാത്തിരിക്കുകയാണ്. ഇതിനിടെ ശ്രേയസിന്റെ പുറത്താകലുമായി ബന്ധപ്പെട്ട് വിവാദം പുകയുകയാണ്. സീന്‍ അബോട്ടാണ് ശ്രേയസിനെ പുറത്താക്കിയത്. 31ാം ഓവറിന്റെ അഞ്ചാം പന്തില്‍ ശ്രേയസ് അയ്യര്‍ സിക്‌സിന് ശ്രമിച്ചപ്പോള്‍ മാത്യു ഷോര്‍ട്ടിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍ ഇതേ ഓവറിന്റെ മൂന്നാം പന്തില്‍ ശ്രേയസ് അയ്യരുടെ വിക്കറ്റുമായി ബന്ധപ്പെട്ട് ഒരു ആശയക്കുഴപ്പമുണ്ടായി.

അബോട്ടിന്റെ പന്തില്‍ ശ്രേയസിന്റെ ഷോട്ട് റിട്ടേണ്‍ ക്യാച്ചായി അബോട്ടിന്റെ കൈയിലേക്ക്. തകര്‍പ്പന്‍ ഡൈവിലൂടെ താരം പന്ത് കൈയിലാക്കുകയും ഓസ്‌ട്രേലിയ വിക്കറ്റ് ആഘോഷം ആരംഭിക്കുകയും ചെയ്തു. ഔട്ടാണെന്ന് ചിന്തിച്ച് ശ്രേയസ് അയ്യരും ഡ്രസിങ് റൂമിലേക്ക് നടന്നു. എന്നാല്‍ ക്യാച്ചിന്റെ കാര്യത്തില്‍ സംശയം ഉയര്‍ന്നതോടെ തേര്‍ഡ് അംപയറുടെ പരിശോധനക്ക് വിട്ടു. ഇതില്‍ അബോട്ട് പന്ത് കൈയിലാക്കിയെങ്കിലും കൈകുത്തിയപ്പോള്‍ പന്തു നിലത്ത് ടെച്ച് ചെയ്തിരുന്നുവെന്ന് വ്യക്തമായി.

ഇതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിച്ചു. ശ്രേയസ് ബൗണ്ടറി ലൈനിനരികെയെത്തി നില്‍ക്കുകയും കെ എല്‍ രാഹുല്‍ പാഡണിഞ്ഞ് മൈതാനത്തേക്കിറങ്ങുകയും ചെയ്ത ശേഷമാണ് ഇത്തരമൊരു നാടകീയ സംഭവം ഉണ്ടാവുന്നത്. ഇപ്പോഴിതാ ക്യാച്ച് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അത് ഔട്ടാണെന്നും പൂര്‍ണ്ണമായും പന്ത് കൈയിലൊതുക്കിയിരുന്നുവെന്നുമാണ് ഓസീസ് ആരാധകര്‍ വാദിക്കുന്നത്. തേര്‍ഡ് അംപയര്‍ ഇന്ത്യക്ക് പിന്തുണ നല്‍കുന്നുവെന്നാണ് ഓസീസ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

shreyas iyer

എന്നാല്‍ നിയമപ്രകാരം ക്യാച്ചിന്റെ ആക്ഷന്‍ പൂര്‍ത്തിയാകുന്നതുവരെ പിച്ചില്‍ പന്തുതൊടാന്‍ പാടില്ല. അബോട്ട് പന്ത് കൈയിലൊതുക്കിയെങ്കിലും പന്ത് പിടിച്ച് വീഴുമ്പോള്‍ അബദ്ധത്തില്‍ പന്ത് നിലത്ത് മുട്ടുകയായിരുന്നു. കൈക്കുള്ളില്‍ പന്തൊതുക്കാന്‍ താരത്തിന് സാധിക്കാതെ പോയതിനാലാണ് ഈ വിക്കറ്റ് നിഷേധിക്കപ്പെട്ടത്. തിരിച്ചുവന്ന് തൊട്ടടുത്ത പന്തില്‍ ശ്രേയസ് ബൗണ്ടറി നേടിയെങ്കിലും അതിന്റെ അടുത്ത പന്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു.

90 പന്ത് നേരിട്ടാണ് ശ്രേയസ് 105 റണ്‍സ് നേടിയത്. 11 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് ശ്രേയസ് തകര്‍ത്താടിയത്. ശുബ്മാന്‍ ഗില്ലുമായി 200 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും ശ്രേയസിനായി. ഇന്ത്യക്കായി മൂന്നാം നമ്പറില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് ശ്രേയസ്. വിരാട് കോലിക്ക് ശേഷം മൂന്നാം നമ്പറില്‍ ശ്രേയസ് സ്ഥാനം ഉറപ്പിക്കുകയാണെന്ന് പറയാം.

11 ഇന്നിങ്‌സ് മൂന്നാം നമ്പറില്‍ ബാറ്റുചെയ്ത് രണ്ട് തവണ മാത്രമാണ് അദ്ദേഹം ഫ്‌ളോപ്പായത്. 9, 88, 65, 54, 63, 44, 80, 49, 82, 3, 101 എന്നിങ്ങനെയാണ് ശ്രേയസിന്റെ മൂന്നാം നമ്പറിലെ പ്രകടനം. ലോകകപ്പില്‍ ശ്രേയസ് അയ്യര്‍ക്ക് പ്ലേയിങ് 11ല്‍ സ്ഥാനം കൊടുക്കാന്‍ ടീം മാനേജ്‌മെന്റിനെ നിര്‍ബന്ധിപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം. ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസീസ് ടീമുകള്‍ക്കെതിരേയാണ് ശ്രേയസിന്റെ സെഞ്ച്വറി പ്രകടനമെന്നത് താരത്തിന്റെ മികവ് എടുത്തുകാട്ടുന്നതാണ്.

ശുബ്മാന്‍ ഗില്‍ ഈ വര്‍ഷത്തെ ഏഴാം സെഞ്ച്വറിയാണ് നേടിയെടുത്തത്. 35 ഏകദിന ഇന്നിങ്‌സില്‍ നിന്ന് കൂടുതല്‍ റണ്‍സ്, ഏകദിനത്തില്‍ വേഗത്തില്‍ ആറ് സെഞ്ച്വറി തുടങ്ങി പല വമ്പന്‍ റെക്കോഡുകളും സ്വന്തം പേരിലാക്കാന്‍ ഗില്ലിനായി. ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Sunday, September 24, 2023, 17:26 [IST]
Other articles published on Sep 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+