ഹൊബാട്ട്: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താത്തിയതിനെതിരേ വന്‍ ആരാധകരോഷം. സഞ്ജുവിനു പകരം ജിതേഷ് ശര്‍മയാണ് ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു വന്നത്.
മെല്‍ബണിലെ തൊട്ടുമുമ്പത്തെ കളിയില്‍ തോല്‍വിയേറ്റു വാങ്ങിയ ടീമില്‍ മുന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സഞ്ജുവിനെ കൂടാതെ സ്റ്റാര്‍ സ്പിന്നറായ കുല്‍ദീപ് യാദവ്, പേസര്‍ ഹര്‍ഷിത് റാണ എന്നിവരും ടീമിനു പുറത്തായി. പകരം വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ് എന്നിവരെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു.

ഗംഭീറിനു വിമര്‍ശനം
ഓസ്‌ട്രേലിയക്കെതിരായ ഈ പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും സഞ്ജു സാംസണ്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. പക്ഷെ മഴയെ തുടര്‍ന്നു ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടതിനാല്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാനുമായില്ല. മെല്‍ബണിലെ രണ്ടാമത്തെ കളിയില്‍ ബാറ്റിങ് ഏറെ ദുഷ്‌കരമായ സാഹചര്യത്തില്‍ സഞ്ജുവിനെ മൂന്നാം നമ്പറിലേക്കും ഇന്ത്യ പ്രമൊട്ട് ചെയ്യുകയായിരുന്നു.
പക്ഷെ ഈ അവസരം മുതലെടുത്ത് മികച്ചൊരു ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിനായില്ല. നാലു ബോളില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് സഞ്ജു ക്രീസ് വിടുകയായിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ കളിയില്‍ അദ്ദേഹത്തിനു സ്ഥാനവും നഷ്ടമായിരിക്കുകയാണ്. ബാറ്റിങില്‍ കൃത്യമായ ഒരു റോള്‍ നല്‍കാതെ നിരന്തരം മാറ്റിക്കൊണ്ടിരുന്നതു കാരണമാണ് സഞ്ജുവിനു തിളങ്ങാന്‍ കഴിയാതെ പോയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സോഷ്യല്‍ മീഡിയയില്‍ കോച്ച് ഗൗതം ഗംഭീറിനെ ആരാധകര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സഞ്ജു സാംസംണല്ല, യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ടീമിനു പുറത്താവേണ്ടയാള്‍, അത് ശുഭ്മന്‍ ഗില്ലാണ്. ടി20യില്‍ ഓപ്പണറായി മൂന്നു സെഞ്ച്വറികളടിച്ച താരമാണ് സഞ്ജു. പക്ഷെ ഗില്ലിന് എന്താണ് എടുത്തു കാണിക്കാനുള്ളത്?
ഗൗതം ഗംഭീര്‍ വലിയ ചതിയാണ് സഞ്ജു സാംസണിനോടു കാണിച്ചിരിക്കുന്നത്. ടീമില്‍ വേണ്ടത്ര അവസരങ്ങള്‍ നല്‍കുമെന്നു നേരത്തേ ഉറപ്പു പറഞ്ഞയാളാണ് അദ്ദേഹം. പക്ഷെ ശുഭ്മന്‍ ഗില്ലിനെ വളര്‍ത്താന്‍ സഞ്ജുവിനെ ഗംഭീര്‍ ഒതുക്കിയിരിക്കുകയാണ്. ടി20യില്‍ മോശം റെക്കോര്‍ഡായിട്ടും ഗില്ലിനു ഈ തരത്തില്‍ പിന്തുണ നല്‍കുന്നത് ശരിയല്ല.
ശുഭ്മന്‍ ഗില്ലിനെ ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെടുത്തുന്നതിനായി ആദ്യം യശസ്വി ജയ്‌സ്വാളിനെ ഒഴിവാക്കി. ഓപ്പണറായി മൂന്നു സെഞ്ച്വറികളടിച്ച സഞ്ജു സാംസണിനെയും ഇപ്പോള്‍ ഗില്ലിനായി തഴഞ്ഞിരിക്കുകയാണ്. ഗൗതം ഗംഭീര്‍, സൂര്യകുമാര്‍ യാദവ് നിങ്ങള്‍ക്കു നാണമില്ലേ?

സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ നിന്നുമൊഴിവാക്കിയതെന്നു മനസ്സിലാവലുന്നില്ല. മൂന്നു സെഞ്ച്വറികളടിച്ചിട്ടും തന്റെ ഓപ്പണിങ് റോള്‍ ത്യജിക്കേണ്ടി വന്നയാളാണ് അദ്ദേഹം. ഇപ്പോള്‍ ടീം മാനേജ്‌മെന്റ് ബാറ്റിങ് ലൈനപ്പില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തി സഞ്ജുവിന്റെ താളം പൂര്‍ണമായി നഷ്ടപ്പെടുത്തിയ ശേഷം ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
ഓസ്ട്രേലിയ- മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചെല്‍ ഓവന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു ഷോര്‍ട്ട്, ഷോണ്‍ അബോട്ട്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, നഥാന്‍ എല്ലിസ്, മാത്യു ക്യുനെമാന്‍.