മുംബൈ: ഓസ്‌ട്രേലിയക്കെതിരേയുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും യുവതാരം റുതുരാജ് ഗെയ്ക്വാദിനെ തഴഞ്ഞതിനെതിരേ രൂക്ഷവിമര്‍ശനം. ബാക്കപ്പ് ഓപ്പണറായി അദ്ദേഹത്തെ ഉറപ്പായും ഇന്ത്യന്‍ സംഘത്തിലുണ്ടാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ റുതുരാജിനു പകരം പുതുമുഖ ബാറ്ററായ അഭിമന്യു ഈശ്വരനാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്.
ദേശീയ ടീമിനു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ റുതുരാജ് ഇതിനകം കളിച്ചു കഴിഞ്ഞു. പക്ഷെ ടെസ്റ്റ് ടീമിലേക്കു അദ്ദേഹത്തിനു ഇനിയും വിളിയെത്തിയിട്ടില്ല. ഈ ഫോര്‍മാറ്റില്‍ കസറാനുള്ള ബാറ്റിങ് ടെക്‌നിക്കുള്ള താരമായാണ് റുതുരാജ് വിലയിരുത്തപ്പെടുന്നത്. പക്ഷെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റത്തിനായുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പ് നീളുകയാണ്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി റുതുരാജിനെ അടുത്തിടെ നിയമിച്ചിരുന്നു. ഓസീസ് എ ടീമുമായി ചതുര്‍ദിന മല്‍സരമാണ് അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ കളിക്കുന്നത്. കൂടാതെ രോഹിത് ശര്‍മയ നയിക്കുന്ന ഇന്ത്യന്‍ സീനിയര്‍ ടീമുമായ ഒരു സന്നാഹ മല്‍സരവും ഇന്ത്യന്‍ എ ടീം കളിക്കും. ഓസീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ റുതുരാജിനെ ഒഴിവാക്കിയതിനെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദ്യം ചെയ്തിരിക്കുകയാണ്.

റുതുരാജിനെ ഒതുക്കുന്നതാര്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും റുതുരാജ് ഗെയ്ക്വാദിനെ തുടര്‍ച്ചയായി ഒതുക്കുന്നത് ആരാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം. അദ്ദേഹത്തിന്റെ കരിയര്‍ വച്ചു കളിക്കരുതെന്നു ബിസിസിഐയ്ക്കു ആരാധകര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
റുതുരാജ് ഗെയ്ക്വാദിനോടു മാത്രം ഈ തരത്തില്‍ അവഗണന കാണിക്കുന്നത് എന്താണ്? ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിയില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടു. കൂടാതെ സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും റുതുരാജിനു ഇടമില്ല. നേരത്തേ ബംഗ്ലാദേശുമായി നടന്ന ടി20 പരമ്പരയിലും അദ്ദേഹം ഒഴിവാക്കപ്പെട്ടിരുന്നു. ഈ തരത്തില്‍ പ്രതിഭാശാലിയായ ഒരു ക്രിക്കറ്ററുടെ കരിയര്‍ ബിസിസിഐ തകര്‍ക്കരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സഞ്ജു സാംസണായി മാറിയിരിക്കുകയാണ് റുതുരാജ് ഗെയ്ക്വാദ്. ഏറെ പ്രതിഭയുണ്ടായിട്ടും നേരത്തേ ഈ തരത്തില്‍ അവഗിക്കപ്പെട്ട താരം സഞ്ജുവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. പകരം റുതുരാജാണ് പുതിയ ഇരയായി മാറിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിനു വേണ്ടി മൂന്നു ഫോര്‍മാറ്റുകൡ കളിക്കാന്‍ മാത്രമല്ല, ഭാവിയില്‍ നയിക്കാനും ശേഷിയുള്ള താരമാണ് അദ്ദേഹമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.
ഭാവി ക്യാപ്റ്റനും ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരമായും ചൂണ്ടിക്കാണിക്കപ്പെടുന്ന ശുഭമന്‍ ഗില്ലിനേക്കാള്‍ പ്രതിഭാശാലിയായ ക്രിക്കറ്ററാണ് റുതുരാജ് ഗെയ്ക്വാദ്. എന്നിട്ടും അദ്ദേഹത്തിനു മതിയായ അവസരങ്ങള്‍ നല്‍കാന്‍ ബിസിസിഐ തയ്യാറാവുന്നില്ല. മൂന്നു ഫോര്‍മാറ്റുകളിലും റുതുരാജിനെ ഇന്ത്യ കളിപ്പിച്ചേ തീരൂവെന്നും ആരാധകര്‍ കുറിക്കുന്നു.
റുതുരാജ് മികച്ച ഫോമില്‍
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് റുതുരാജ് ഗെയ്ക്വാദ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ 47.2 ശരാശരിയില്‍ 472 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയാണിത്.
നേരത്തേ നടന്ന ദുലീപ് ട്രോഫിയിലും റുതുരാജ് മികച്ച ഫോമിലായിരുന്നു. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും തിളങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചു. റുതുരാജ് നയിച്ച ടീം ടൂര്‍ണമെന്റില്‍ രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്തിരുന്നു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.