ഐസിസി ടൂര്‍ണമെന്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര റെക്കോര്‍ഡുണ്ടായിട്ടും രോഹിത് ശര്‍മയെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു നിന്നും നീക്കിയതിനെതിരേ മുഹമ്മദ് കൈഫ്. 2027ലെ ഐസിസി ഏകദിന ലോകകപ്പിനു മുന്നോടിയായാണ് ഹിറ്റ്മാനെ മാറ്റി പകരം യുവതാരം ശുഭ്മന്‍ ഗില്ലിന നായകസ്ഥാനം ഏല്‍പ്പിച്ചിരിക്കുന്നത്.
അടുത്ത ലോകകപ്പ് വരെയെങ്കിലും ഏകദന ടീമിന്റെ നായകസ്ഥാനത്തു രോഹിത്തിനെ തുടരാന്‍ അനുവദിക്കാമായിരുന്നുവെന്ന അഭിപ്രായമാണ് കൈഫിനുള്ളത്. ഈ വര്‍ഷമാദ്യം നടന്ന ഐസിസി ചാംപ്യന്‍സ ട്രോഫിയിലാണ് രോഹിത് അവസാനമായി ടീമിനെ നയിച്ചത്. ഇതില്‍ കിരീടം ചൂടാനും ഇന്ത്യക്കായിരുന്നു.

ഒരു വര്‍ഷം കൂടി നല്‍കാമായിരുന്നില്ലേ?
രോഹിത് ശര്‍മ തന്റെ കരിയറിന്റെ വലിയൊരു ഭാഗം ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയിട്ടും ഒരു വര്‍ഷം കൂടി നായകസ്ഥാനത്തു തുടരാന്‍ അനുവദിക്കാമായിരുന്നില്ലേയെന്നാണ് കൈഫിന്റെ ചോദ്യം. ഇന്ത്യന്‍ ക്രിക്കറ്റിനു തന്റെ 16 വര്‍ഷങ്ങളാണ് രോഹിത് ശര്‍മ നല്‍കിയത്. എന്നിട്ടും അദ്ദേഹത്തിനു നായകനായി ഒരു വര്‍ഷം കൂടി നല്‍കാന്‍ കഴിഞ്ഞില്ലേ?
ഐസിസി ടൂര്‍ണമെന്റുകളില്‍ 16 മല്‍സരങ്ങളിലാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ കളിച്ചത്. ഇതില്‍ 15ലും ടീം വിജയം കൊയ്യുകയും ചെയ്തു. തോറ്റത് ഒന്നില്‍ മാത്രമാണ്. ഇതാവട്ടെ 202ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേയുമായിരുന്നു.
ദുബായില്‍ ഈ വര്‍ഷം ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്കു നേടിത്തരാന്‍ രോഹിത് സഹായിച്ചു. അദ്ദേഹത്തിന്റെ കീഴിവല്‍ 2024ലെ ടി20 ലോകകപ്പുള്‍പ്പെടെയുള്ള ട്രോഫികളും ഇന്ത്യ നേടിയതായി കൈഫ് ചൂണ്ടിക്കാട്ടി.
ഈ വര്‍ഷമാദ്യം നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ ഫൈനലില്‍ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. അന്നു കലാശക്കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും രോഹിത് ശര്‍മയായിരുന്നുവെന്നു കൈഫ് ഓര്‍മിപ്പിച്ചു.
ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നാലു വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. രോഹിത്തിനു കീഴില്‍ ടീമിന്റെ തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടനേട്ടമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസില്‍ വച്ച് സൗത്താഫ്രിക്കയെ വീഴ്ത്തി ടി20 ലോകകപ്പും ഇന്ത്യ കൈക്കലാക്കിയിരുന്നു.
ഇത്ര തിരക്കെന്തിന്?
ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാവാന്‍ ശുഭ്മന്‍ ഗില്‍ അര്‍ഹനാണെങ്കിലും ഇത്ര തിരക്കിട്ട് അത്തരമൊരു തീരുമാനം എടുക്കേണ്ടിയിരുന്നോയെന്നാണ് മുഹമ്മദ് കൈഫിന്റെ ചോദ്യം. ശുഭ്മന്‍ ഗില്‍ വളരെ ചെറുപ്പവും ഏറെ പ്രതീക്ഷ നല്‍കുന്ന ക്രിക്കറ്ററുമാണ്.

പക്ഷെ എന്തിനാണ് ഇത്ര ധൃതി പിടിച്ച് അദ്ദേഹത്തെ ഏകദിന ടീമിന്റെ നായകസ്ഥാനത്തേക്കു കൊണ്ടു വന്നത്? ഗില്ലിനു എല്ലാം ഇപ്പോള്‍ നല്‍കേണ്ട ആവശ്യം എന്തായിരുന്നു? അവന്റെ സമയം വരും. ഇതു ഇപ്പോഴും രോഹിത് ശര്‍മയുടെ സമയം തന്നെയാണെന്നും കൈഫ് വ്യക്തമാക്കി.
കാര്യങ്ങള്‍ തങ്ങള്‍ പ്രതീക്ഷിച്ചു പോലെ വന്നു കഴിഞ്ഞാല്‍ വിരമിക്കല്‍ തീരുമാനം നീട്ടുകയെന്നത് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണെന്നും പക്ഷെ രോഹിത് അതു ചെയ്തില്ലെന്നും കൈഫ് ചൂണ്ടിക്കാട്ടി.
ഉചിതമായ സമയത്തു വിരമിക്കുന്നതിനൊപ്പം പുതിയ കളിക്കാര്‍ക്കു നേതൃത്വം കൈമാറുന്നതിനായി സ്വയം അവിടെ നിന്നു മാറിയും രോഹിത് തന്റെ മഹത്വം കാണിച്ചിട്ടുള്ളതാണ്. സമ്മര്‍ദ്ദത്തിലായിരുന്ന യുവതാരങ്ങളെ അദ്ദേഹം വഴികാട്ടുകയും പിന്തുണയ്ക്കുകയും പഠിപ്പിക്കുകയുമെല്ലാം ചെയ്തു.
വിജയങ്ങള്‍ ഒരുപാടുണ്ടായിട്ടും 2027ലെ ലോകകപ്പില്‍ ടീമിന്റെ ക്യാപ്റ്റനായി തുടരാന്‍ രോഹിത്തിനെ അനുവദിച്ചില്ല. ഇന്ത്യക്കു ഒന്നിലേറെ ഐസിസി ട്രോഫികള്‍ നേടിത്തന്ന അദ്ദേഹത്തിനോടു കാണിച്ചത് അനീതിയാണെന്നു പലര്‍ക്കും തോന്നുമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.