അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന് മുമ്പ് ഇന്ത്യ പ്രൈം മിനിസ്റ്റേഴ്‌സ് 11നെതിരേ സന്നാഹ മത്സരം കളിച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട മത്സരമായിരുന്നു ഇത്. കഴിഞ്ഞ തവണ ഇന്ത്യ ഓസ്‌ട്രേലയക്കെതിരേ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചപ്പോള്‍ 36 റണ്‍സിനാണ് കൂടാരം കയറിയത്. പകലും രാത്രിയുമായി നടക്കുന്ന മത്സരത്തിനായുള്ള സജീവ മുന്നൊരുക്കത്തിലാണ് ഇന്ത്യ. സന്നാഹ മത്സരത്തില്‍ ഗംഭീര ജയം നേടിയത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു.
പെര്‍ത്തില്‍ ഇന്ത്യക്കായി തിളങ്ങിയ താരങ്ങളെല്ലാം സന്നാഹ മത്സരത്തിലും ഭേദപ്പെട്ട പ്രകടനം നടത്തി. കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളും ഓപ്പണിങ്ങില്‍ മിന്നിച്ചു. എന്നാല്‍ രോഹിത് ശര്‍മ മൂന്ന് റണ്‍സില്‍ പുറത്തായപ്പോള്‍ സര്‍ഫറാസ് ഖാനും (1) നിരാശപ്പെടുത്തി. സര്‍ഫറാസ് ആദ്യ മത്സരത്തില്‍ പ്ലേയിങ് 11ന് പുറത്തായിരുന്നു. രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തുകയായിരുന്നു.
സ്പിന്നറുടെ ലെഗ് സൈഡിലെത്തിയ പന്തില്‍ ബാറ്റുവെച്ച് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് സര്‍ഫറാസ് പുറത്തായത്. മോശം പന്തില്‍ മോശം ഷോട്ട് കളിച്ച് സര്‍ഫറാസ് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് പറയാം. ഇപ്പോഴിതാ സര്‍ഫറാസിന്റെ പുറത്താകലിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മയുടെ പ്രതികരണം വൈറലായിരിക്കുകയാണ്.
വാ പൊത്തി പൊട്ടിച്ചിരിച്ച് രോഹിത്
വിക്കറ്റ് നഷ്ടമായതില്‍ വളരെ നിരാശനായാണ് സര്‍ഫറാസിനെ കാണപ്പെട്ടത്. മോശം പന്തില്‍ വിക്കറ്റ് നഷ്ടമായ നിരാശയില്‍ സര്‍ഫറാസ് മടങ്ങുമ്പോള്‍ നായകനായ രോഹിത് ശര്‍മ വാ പൊത്തി പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. സഹതാരങ്ങളെ നോക്കി രോഹിത് മുഖം മറച്ച് ചിരിക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എന്തുകൊണ്ടാണ് രോഹിത് ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്. നായകന്റെ പക്വതയില്ലാത്ത പെരുമാറ്റമാണിതെന്നാണ് വിമര്‍ശനം.
സര്‍ഫറാസ് വളരെ നിരാശനായാണ് കളം വിട്ടത്. ഈ സാഹചര്യത്തില്‍ രോഹിത്തിന്റെ ചിരി സര്‍ഫറാസിനെ പരിഹസിക്കുന്നത് പോലെയാണെന്നാണ് ആരാധകരുടെ വിമര്‍ശനം. രോഹിത് ശര്‍മ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും രോഹിത് തമാശയാണ് ഉദ്ദേശിച്ചതെങ്കില്‍ അത് സര്‍ഫറാസിനെ വിഷമിപ്പിച്ചുവെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. എന്തായാലും രോഹിത്തിന്റെ പ്രതികരണത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

രോഹിത് ബാറ്റിങ്ങില്‍ ഫ്‌ളോപ്പ്
ആദ്യ മത്സരം കളിക്കാതിരുന്ന രോഹിത് ശര്‍മ രണ്ടാം ടെസ്റ്റില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. നായകനായി രോഹിത് തിരിച്ചെത്തുമ്പോള്‍ ഓപ്പണിങ്ങില്‍ നിന്ന് മാറിക്കൊടുക്കേണ്ടി വന്നേക്കും. കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളും ഓപ്പണര്‍ റോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മക്ക് ഓപ്പണര്‍ റോളിലേക്ക് തിരിച്ചെത്തുക എളുപ്പമാവില്ല. അഞ്ചാം നമ്പറിലാവും രോഹിത് ശര്‍മ കളിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
സന്നാഹത്തില്‍ നാലാം നമ്പറിലാണ് രോഹിത് ബാറ്റ് ചെയ്തത്. മൂന്ന് റണ്‍സെടുത്ത് രോഹിത് ശര്‍മ പുറത്താവുകയും ചെയ്തു. നിലവില്‍ ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത് രോഹിത് ശര്‍മയുടെ മോശം പ്രകടനമാണെന്ന് പറയാം. വിരാട് കോലിയടക്കം ഫോം കണ്ടെത്തി തിരിച്ചുവന്ന സ്ഥിതിക്ക് രോഹിത്തിനും ശക്തമായ തിരിച്ചുവരവ് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ടീമില്‍ നിന്ന് അദ്ദേഹം വഴിമാറിക്കൊടുക്കേണ്ടതായി വരും.
ഇന്ത്യക്ക് ജയം തുടരാനാവുമോ?
പെര്‍ത്ത് ടെസ്റ്റിലെ ജയം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ഈ ജയം തുടരാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യക്ക് മുന്നിലെ വലിയ കടമ്പയാണ്. ഇത് മറികടക്കാനായാല്‍ ഇന്ത്യക്ക് വലിയ കുതിപ്പ് പരമ്പരയില്‍ നടത്താനായേക്കും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വിജയം തുടരേണ്ടത് അത്യാവശ്യമാണ്. ജസ്പ്രീത് ബുംറയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയെ നയിച്ചത്. രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മ നായകസ്ഥാനത്തേക്കെത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമോയെന്നത് കണ്ടറിയണം.