പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പുറത്താവലിനെതിരേ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തു വന്നിരിക്കുകയാണ്. കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെയാണ് അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ മടങ്ങിയത്. വെറും നാലു ബോളുകളുടെ ആയുസ് മാത്രമേ റിഷഭിനുണ്ടായുള്ളൂ. നേടിയത് ഒരു റണ്‍സ് മാത്രം.
ഓസീസിന്റെ വെറ്ററന്‍ സ്പിന്നര്‍ നതാന്‍ ലയണിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു തുനിഞ്ഞ റിഷഭിനെ വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരി സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. മൂന്നാംദിനം ലഞ്ച് ബ്രേക്കിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. റിഷഭ് പുറത്തായ രീതിയില്‍ ആരാധകര്‍ക്കു നിരാശയും രോഷവുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ഇതു പ്രകടിപ്പിക്കുകയും ചെയ്തു.

റിഷഭിന്റെ മടക്കം
മൂന്നാംദിനം ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിലെ 96ാമത്തെ ഓവറിലായിരുന്നു റിഷഭ് പന്തിന്റെ നിര്‍ഭാഗ്യകരമായ പുറത്താവല്‍. സ്പിന്നറായ നതാന്‍ ലയണിനെതിരേ രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം നേരിട്ട ആദ്യ ഓവര്‍ കൂടിയായിരുന്നു ഇത്. 95 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന്ന 320 റണ്‍സെന്ന നിലയിലായിരുന്നു.
ലഞ്ച് ബ്രേക്കിനു ശേഷം ലയണിനെ ആദ്യ ഓവറിനായി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തിരികെ വിളിക്കുകയായിരുന്നു. ലയണ്‍ ബോള്‍ ചെയ്യും മുമ്പ് തന്നെ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ട് കളിക്കാന്‍ റിഷഭ് തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഇതു ഓസീസ് സ്പിന്നര്‍ മുന്‍കൂട്ടി കാണുകയും ചെയ്തു.
റിഷഭിനു എത്തിപ്പിടിക്കാനാവാത്ത തരത്തില്‍ ഒരു വൈഡായിരുന്നു ലയണ്‍ പരീക്ഷിച്ചത്. ഇതോടെ ഇന്ത്യന്‍ താരത്തിന്റെ കണക്കുകൂട്ടലും പാളി. ബോള്‍ മിസ്സായ റിഷഭ് ബാറ്റ് തിരികെ ക്രീസിലെത്തിക്കുമ്പോഴേക്കും വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരി സ്റ്റംപിങ് നടത്തിക്കഴിഞ്ഞിരുന്നു. ഇതോടെ റിഷഭിനു നിരാശനായി ക്രീസ് വിടേണ്ടി വരികയും ചെയ്തു.
വിമര്‍ശിച്ച് ഫാന്‍സ്
റിഷഭ് പന്തിന്റെ പുറത്താവലിനെതിരേ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. നതാല്‍ ലയണിനെതിരേ രണ്ടാമിന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ റിഷഭ് പന്ത് ഇത്തരമൊരു സാഹസത്തിനു തുനിഞ്ഞത് എന്തിനാണെന്നു മനസ്സിലാവുന്നില്ല. ഇത്രയും വൈഡായ ഒരു ബോളിനെതിരേ എന്തിനാണ് അദ്ദേഹം ക്രീസിനു പുറത്തേക്കിറങ്ങി കളിച്ചത്? വളരെ മോശം ക്രിക്കറ്റ് തന്നെയാണിതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
റിഷഭ് പന്ത് രണ്ടാമിന്നിങ്‌സില്‍ ഫ്‌ളോപ്പായി മാറാന്‍ ഒരു കാരണമുണ്ട്. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ മറ്റുള്ളവരെല്ലാം ഫ്‌ളോപ്പാവുമ്പോള്‍ മാത്രമേ അദ്ദേഹം മികച്ച ഇന്നിങ്‌സുകള്‍ കളിക്കാറുള്ളൂ. പെര്‍ത്തില്‍ ഇന്ത്യക്കു വേണ്ടി യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറിയും കെഎല്‍ രാഹുല്‍ ഫിഫ്റ്റിയും കുറിച്ചു. ഈ കാരണത്താലാണ് റിഷഭ് നേരത്തേ വിക്കറ്റ് വലിച്ചെറിഞ്ഞതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ തമാശരൂപേണയുള്ള ഒരു പ്രതികരണം.
വമ്പന്‍ ലീഡ്
പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ വമ്പന്‍ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. മൂന്നാം സെഷനില്‍ 118 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റിനു 385 റണ്‍സെടുത്തിട്ടുണ്ട്. ഫിഫ്റ്റിയോടെ വിരാട് കോലിയും (52*) വാഷിങ്ടണ്‍ സുന്ദറുമാണ് (19*) ക്രീസീല്‍. അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കു ഇപ്പോള്‍ 431 റണ്‍സിന്റെ ആധികാരിക ലീഡുണ്ട്.