IND vs AUS: ഇന്ത്യയെ ജയിപ്പിച്ചത് മുകേഷ്, ആ ഓവര്‍ കളി മാറ്റി- റിയല്‍ ഹീറോ
ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ് ഇന്ത്യ. അവസാന ഓവറിലേക്ക് നീണ്ട ആവേശത്തിനൊടുവില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 160 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടാനായത്. ഇതോടെ അഞ്ച് മത്സര പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
ഇന്ത്യക്കായി ബാറ്റിങ്ങില്‍ ശ്രേയസ് അയ്യരും (53) ബൗളിങ്ങില്‍ മുകേഷ് കുമാറും രവി ബിഷ്‌നോയിയും അര്‍ഷ് ദീപ് സിങ്ങുമെല്ലാം തിളങ്ങി. അഞ്ചാം ടി20യില്‍ അവസാന ഓവറില്‍ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അര്‍ഷ്ദീപ് സിങ് വെറും 3 റണ്‍സാണ് വിട്ടുകൊടുത്തത്. ഓള്‍റൗണ്ട് പ്രകടനം നടത്തിയ അക്ഷര്‍ പട്ടേലാണ് കളിയിലെ താരമായത്. എന്നാല്‍ ഇന്ത്യയുടെ ശരിയായ മാച്ച് വിന്നര്‍ മുകേഷ് കുമാറാണെന്നാണ് ആരാധകര്‍ പറയുന്നത്.
മത്സരഫലം മാറ്റിയത് അദ്ദേഹത്തിന്റെ 17ാം ഓവറാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നാല് ഓവറില്‍ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 37 റണ്‍സാണ്. 17ാം ഓവര്‍ എറിയാനെത്തിയ മുകേഷ് ഓവറിലെ മൂന്നാം പന്തില്‍ മാത്യു ഷോര്‍ട്ടിനെ പുറത്താക്കി. നാലാം പന്തില്‍ ബെന്‍ ദൗര്‍ഷ്യൂയിസിനെയും മടക്കി. തൊട്ടടുത്ത പന്തുകളില്‍ മുകേഷ് വീഴ്ത്തിയ വിക്കറ്റുകള്‍ ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുകയും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയും ചെയ്തു.
ടി20യില്‍ കൂടുതല്‍ അവസരം മുകേഷ് അര്‍ഹിക്കുന്നു. വലിയ സ്‌റ്റൈലോ, താര പദവിയോ ഇല്ലെങ്കിലും നിര്‍ണ്ണായക സമയത്ത് മികവ് കാട്ടാന്‍ സാധിക്കുന്ന ബൗളറാണ് മുകേഷ്. മുഹമ്മദ് ഷമിയുടെ ഭാവിയിലെ പകരക്കാരനാണ് മുകേഷ് എന്നാണ് ആരാധകര്‍ പറയുന്നത്. മികച്ച സ്വിങ്ങും ലൈനും ലെങ്തും താരത്തിനുണ്ട്. വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ മൂന്ന് ഫോര്‍മാറ്റിലേക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ബൗളറാണ് മുകേഷ് എന്ന് നിസംശയം പറയാം.

എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് ശേഷം മുകേഷിനെ വിലയിരുത്താമെന്നാണ് ആരാധകര്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യം പേസിന് അനുകൂലമാണ്. മുകേഷിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയാമെന്നാണ് ആരാധകര്‍ പറയുന്നത്. അര്‍ഷ്ദീപ് സിങ്ങിന്റെ അവസാന ഓവര്‍ മികച്ചതായിരുന്നു. ആദ്യത്തെ രണ്ട് പന്തുകളും ഡോട്ട് ബോളാക്കിയ അര്‍ഷ്ദീപ് മൂന്നാം പന്തില്‍ മാത്യു വേഡിനെ പുറത്താക്കി.
ഓസീസ് നായകനായ വേഡ് കഴിഞ്ഞ മത്സരങ്ങളിലെല്ലാം നോട്ടൗട്ടായിരുന്നു. എന്നാല്‍ അഞ്ചാം മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് താരത്തെ മികച്ച തന്ത്രത്തിലൂടെ കുടുക്കിയിരിക്കുകയാണ്. നാല് ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്തെങ്കിലും നിര്‍ണ്ണായകമായ രണ്ട് വിക്കറ്റുകള്‍ നേടിയെടുക്കാന്‍ അര്‍ഷ്ദീപിനായി. രവി ബിഷ്‌നോയിയുടെ പരമ്പരയിലെ പ്രകടനം എടുത്തു പറയേണ്ടതാണ്. അപകടകാരിയായ ട്രവിസ് ഹെഡിനെ പുറത്താക്കിയത് ബിഷ്‌നോയിയാണ്.
തല്ലിത്തകര്‍ത്ത് തുടങ്ങിയ ഹെഡിനെ ബിഷ്‌നോയ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. മധ്യനിരയിലെ അപകടകാരിയായ ആരോണ്‍ ഹാര്‍ഡിയേയും ബിഷ്‌നോയ് പുറത്താക്കി. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് യുവതാരനിര കാഴ്ചവെക്കുന്നത്. എന്നാല്‍ സ്വന്തം തട്ടകത്തില്‍ നിന്ന് മാറി വിദേശ പിച്ചിലേക്കെത്തുമ്പോള്‍ എന്താവും അവസ്ഥയെന്നത് കണ്ടറിയണം. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കന്‍ പരമ്പര ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാവും.
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ യുവനിരക്ക് പരമ്പര നേടാനായാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യ യുവനിരയുമായിത്തന്നെ മുന്നോട്ട് പോയേക്കും. അല്ലാത്ത പക്ഷം ഇന്ത്യ സീനിയര്‍ താരങ്ങളെ തിരിച്ചുവിളിച്ചേക്കും. എന്തായാലും ഓസ്‌ട്രേലിയക്കെതിരായ പരമ്പര നേട്ടം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിനും അഭിമാനിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications