Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത് മോശം ക്യാപ്റ്റനോ? ബുംറക്ക് അവസരം നല്‍കണോ? കാറ്റിച്ച് പറയുന്നു

ബ്രിസ്ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തിലൂടെ ഓസീസ് തിരിച്ചുവരവ് നടത്തി. ഇതോടെ ഇനിയുള്ള മൂന്ന് മത്സരങ്ങളും വളരെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ബ്രിസ്ബണിലെ ജയം ഇരു കൂട്ടരെ സംബന്ധിച്ചും അഭിമാന പ്രശ്‌നമാണ്. എന്ത് വിലകൊടുത്തും ജയിക്കാന്‍ ഇരു കൂട്ടരും ഇറങ്ങുമ്പോള്‍ പോരാട്ടം തീപാറുമെന്ന് നിസംശയം പറയാം.

എന്നാല്‍ ഇന്ത്യ മൂന്നാം ടെസ്റ്റിന് ഇറങ്ങും മുമ്പ് എല്ലാവരും ചര്‍ച്ചയാക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഫോമാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ പെര്‍ത്തില്‍ വിജയം നേടിയത് ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. എന്നാല്‍ രണ്ടാം മത്സരത്തില്‍ രോഹിത് നായകനായി എത്തിയതോടെ ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. ഇതോടെ വലിയ വിമര്‍ശനം രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേ ഉയര്‍ന്നു.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ ജസ്പ്രീത് ബുംറ നയിക്കണമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. ഇപ്പോഴിതാ ഇന്ത്യ രോഹിത് ശര്‍മയെ മാറ്റി പകരം ബുംറയെ നായകനാക്കണോ എന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഓസീസ് താരവും പരിശീലകനുമായ സൈമന്‍ കാറ്റിച്ച്.

രോഹിത് ആ തന്ത്രം മറന്ന് പോകുന്നു

പെര്‍ത്തില്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ ജയിപ്പിച്ച തന്ത്രം രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മക്ക് നഷ്ടമായെന്നാണ് കാറ്റിച്ച് പറയുന്നത്. 'രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ആ വിജയ താളം നഷ്ടമായിരിക്കുകയാണ്. ബുംറ നായകനാവുമ്പോള്‍ ബൗളര്‍മാരുടെ ലെങ്ത് നോക്കുക. അവന്‍ മുന്നില്‍ നിന്ന് താരങ്ങള്‍ക്ക് എങ്ങനെ എറിയണമെന്ന് കാട്ടിക്കൊടുക്കുകയാണ്. പെര്‍ത്തില്‍ ഇന്ത്യ സ്റ്റംപിന് ആക്രമിക്കുകയും നേരെയുള്ള ലെങ്ത് ഉപയോഗിക്കുകയും ചെയ്തു.

എന്നാല്‍ അഡ്‌ലെയ്ഡില്‍ ഇത്തരമൊരു ലൈനും ലെങ്തും അവര്‍ ഉപയോഗിച്ചില്ല. ഓസ്‌ട്രേലിയക്ക് എന്തുവിലകൊടുത്തും രണ്ടാം ടെസ്റ്റ് ജയിക്കേണ്ടതായുണ്ടായിരുന്നു. ഈ സമ്മര്‍ദ്ദത്തെ മുതലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതെ പോയി. ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ഫീല്‍ഡൊരുക്കാന്‍ രോഹിത്തിനായില്ല' കാറ്റിച്ച് പറഞ്ഞു. ഓസീസിനെ ഒരു സമയത്തും സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. പെര്‍ത്തിലെ ഗംഭീര ജയം നേടിക്കൊടുത്ത ആധിപത്യം മുതലാക്കാന്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യക്ക് സാധിക്കാതെ പോയി.

rohit sharma

ബുംറ മുന്നില്‍ നിന്ന് നയിക്കുന്നു

ഏത് ടീമിന്റേയും നായകന്‍ മുന്നില്‍ നിന്ന് നയിക്കുന്നവന്‍ ആയിരിക്കണം. രോഹിത് ശര്‍മ സമീപകാലത്തായി ബാറ്റിങ്ങില്‍ വളരെ മോശമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ്ങിലെ മോശം ഫോം ടീമിനേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയില്‍ രോഹിത് ഫ്‌ളോപ്പാവുമ്പോള്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും മോശമായി മാറുന്നു. എന്നാല്‍ ബുംറ അങ്ങനെയല്ല. നായകനെന്ന നിലയില്‍ ബുംറ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ സഹതാരങ്ങള്‍ക്കും ആവേശമാവുന്നു.

ബുംറ പന്തുകൊണ്ട് തുടക്കത്തിലേ വിക്കറ്റ് നേടി എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ പിന്നാലെ എത്തുന്ന ബൗളര്‍മാര്‍ക്കും ഇത് ഗുണം ചെയ്യുന്നു. സമ്മര്‍ദ്ദ സാഹചര്യത്തില്‍ സ്വയം പന്തെടുത്ത് കൂട്ടുകെട്ട് പൊളിക്കാനും ബുംറക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു മികവ് നായകന്‍ രോഹിത് ശര്‍മയില്‍ നിന്ന് ഉണ്ടാവുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ ഇപ്പോള്‍ ദുരന്തമാണ്. പ്രായവും മോശം ഫോമും അദ്ദേഹത്തെ വേട്ടയാടുന്നതിനാല്‍ രോഹിത് വഴിമാറുന്നതാണ് നല്ലത്.

ഗാബയിലേത് അഭിമാന പോരാട്ടം

ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഗാബ ടെസ്റ്റ് അഭിമാന പ്രശ്‌നമാണ്. ഇതിന് മുമ്പ് ഓസ്‌ട്രേലിയയെ ഗാബയില്‍ വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ഇതിന് പകരം വീട്ടേണ്ടത് ആതിഥേയരെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ സ്ഥിരതയോടെ കളിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല.

വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ വലിയ സ്‌കോറോടെ മുന്നില്‍ നിന്ന് നയിക്കേണ്ടതായുണ്ട്. യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, നിതീഷ് കുമാര്‍ എന്നിവര്‍ക്കും വലിയ സംഭാവന നല്‍കാന്‍ സാധിക്കണം. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവുമെന്ന് തന്നെ പറയാം.

Story first published: Thursday, December 12, 2024, 15:11 [IST]
Other articles published on Dec 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+