For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഓസീസ് പരമ്പരയില്‍ ജയ്‌സ്വാള്‍ ഓപ്പറാവണം! തഴഞ്ഞാല്‍ തിരിച്ചടി ഉറപ്പ്; കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് മുന്നിലുള്ള വലിയ വെല്ലുവിളികളിലൊന്ന് വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഇത്തവണ തീപാറുമെന്നുറപ്പാണ്. ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ അവസാന രണ്ട് തവണയും കീഴടക്കാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ പകരം വീട്ടേണ്ടത് ഓസ്‌ട്രേലിയയെ സംബന്ധിച്ച് അത്യാവശ്യമാണ്.

എന്നാല്‍ ഇന്ത്യക്ക് ഓസീസിനെ വീണ്ടും തോല്‍പ്പിച്ച് ഹാട്രിക് പരമ്പര നേട്ടമെന്ന സ്വപ്‌നത്തിലേക്കെത്തേണ്ടതായുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ വേണമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം നടക്കുന്ന ആദ്യത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. അതുകൊണ്ടുതന്നെ പരമ്പര തോറ്റാല്‍ ഗംഭീറിനും അത് വലിയ നാണക്കേടായി മാറുമെന്നുറപ്പ്. ഇന്ത്യക്ക് മുന്നില്‍ ടീം തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാണ്.

ചില പ്രധാന താരങ്ങളെ തഴയാനും ചില താരങ്ങളെ ടീമിലേക്കെത്തിക്കാനും ഗംഭീര്‍ നീക്കം നടത്തുന്നുണ്ട്. സൂര്യകുമാര്‍ യാദവിനെ ടെസ്റ്റ് ടീമിലേക്കെത്തിക്കാന്‍ ഗംഭീര്‍ നീക്കം നടത്തുന്നുണ്ട്. എന്നാല്‍ യശ്വസി ജയ്‌സ്വാളിനെ തഴഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. പക്ഷെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ തീര്‍ച്ചയായും ജയ്‌സ്വാള്‍ വേണം. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാരണം ജയ്‌സ്വാളിന്റെ ബാറ്റിങ് ശൈലിയാണ്.

ബൗണ്‍സും വേഗവും നിറഞ്ഞ പേസ് പിച്ചില്‍ കളിക്കാന്‍ ജയ്‌സ്വാള്‍ മിടുക്കനാണ്. ജയ്‌സ്വാള്‍ നന്നായി പുള്‍ഷോട്ട് കളിക്കുന്ന താരമാണ്. ഓസ്‌ട്രേലിയയിലെ പിച്ചില്‍ നല്ല ബൗണ്‍സ് പ്രതീക്ഷിക്കാം. ഈ സാഹചര്യത്തില്‍ ജയ്‌സ്വാളിന് പുള്‍ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ സാധിക്കും. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനായ ജയ്‌സ്വാള്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവനുമാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് എതിരാരികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ജയ്‌സ്വാളിനാവും.

Yashasvi Jaiswal

ഓസ്‌ട്രേലിയയുടെ കരുത്തുറ്റ പേസ് നിരക്കെതിരേ ജയ്‌സ്വാളിന്റെ ബാറ്റിങ് ശൈലി ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുകയും ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ജയ്‌സ്വാള്‍ നല്‍കുന്ന തുടക്കം ഇന്ത്യക്ക് അത്യാവശ്യമാണ്. രണ്ടാമത്തെ കാര്യം ജയ്‌സ്വാളിന്റെ മികച്ച കണക്കുകളാണ്. ഇതുവരെ 9 ടെസ്റ്റാണ് ജയ്‌സ്വാള്‍ കളിച്ചത്. 68ന് മുകളില്‍ ശരാശരിയില്‍ 1028 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഇത്രയും മികച്ച കണക്കുകളുള്ള ജയ്‌സ്വാളിനെ മാറ്റിനിര്‍ത്തുകയെന്നത് എളുപ്പമല്ല. രോഹിത് ശര്‍മയ്‌ക്കൊപ്പം ശുബ്മാന്‍ ഗില്ലിനെ ഓപ്പണറാക്കുന്നതിലും നല്ലത് ഗില്ലിനെ മൂന്നാം നമ്പറിലിറക്കി ജയ്‌സ്വാളിനെ ഓപ്പണറാക്കുന്നത്. രോഹിത്തും ജയ്‌സ്വാളും ഒരുപോലെ ആക്രമിക്കുന്നവരായതിനാല്‍ ആദ്യ സെക്ഷനില്‍ത്തന്നെ എതിരാളികളെ വിറപ്പിക്കാന്‍ ഈ കൂട്ടുകെട്ടിനാവും. ജയ്‌സ്വാളിന്റെ മികച്ച കണക്കുകള്‍ നോക്കുമ്പോള്‍ അദ്ദേഹം ടീമില്‍ തുടരണം.

അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ ഗംഭീര പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. അഞ്ച് മത്സരത്തില്‍ നിന്ന് 712 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഓസ്‌ട്രേലിയ തന്നെ ജയ്‌സ്വാളിനെ കരുതിയിരിക്കുകയാണെന്ന് പറഞ്ഞുകഴിഞ്ഞു. അതുകൊണ്ടുതന്നെ ജയ്‌സ്വാള്‍ ടീമില്‍ തുടരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. എന്നാല്‍ ജയ്‌സ്വാളിനെ ഇന്ത്യ ടീമിലെടുക്കാതിരുന്നാല്‍ അതിന്റെ കാരണം ദക്ഷിണാഫ്രിക്കയിലെ പ്രകടനമാവും. ദക്ഷിണാഫ്രിക്കയില്‍ രണ്ട് ടെസ്റ്റ് കളിച്ച് 50 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്.

ദക്ഷിണാഫ്രിക്കയിലേതുപോലെ പേസിനെ തുണക്കുന്ന പിച്ചാണ് ഓസ്‌ട്രേലിയയിലേത്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയിലെ കണക്ക് വിലയിരുത്തി ഇന്ത്യ ജയ്‌സ്വാളിനെ തഴയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ ഓസ്‌ട്രേലിയയടക്കം ജയ്‌സ്വാളിന്റെ മികവിനെ വാഴ്ത്തുമ്പോള്‍ ഇന്ത്യ അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ അത് ലോക മണ്ടത്തരമായിരിക്കുമെന്ന് പറയാം. എന്തായാലും ഗംഭീറിന്റെ തീരുമാനമാവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക.

Story first published: Friday, August 30, 2024, 10:26 [IST]
Other articles published on Aug 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+