ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റില്‍ ഇന്ത്യ സമനില നേടിയാല്‍ ഏറ്റവും കൂടുതല്‍ കൈയടി അര്‍ഹിക്കുന്നവരിലൊരാള്‍ ആകാശ് ദീപാവും. ഗാബയില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി നേരിടവെ ഇന്ത്യയെ രക്ഷിച്ചത് ആകാശ് ദീപാണ്. അവസാനക്കാരനായി ബാറ്റ് ചെയ്യാനെത്തി 31 റണ്‍സെടുത്താണ് ആകാശ് ഇന്ത്യയെ രക്ഷിച്ചത്. മഴയും വെല്ലുവിളി തീര്‍ക്കവെ ഗാബ ടെസ്റ്റ് സമനിലയിലാകാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.
ഇന്ത്യ തോല്‍വിയിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് പ്രതീക്ഷ നല്‍കുന്ന തിരിച്ചുവരവ് നല്‍കിയത് ആകാശ് ദീപാണ്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളടക്കം പതറിയ പിച്ചിലാണ് ആകാശിന്റെ ഹീറോയിസം. ഇന്ത്യക്കായി ബൗളിങ്ങില്‍ ശോഭിക്കാതെ പോയതിന്റെ ക്ഷീണം ബാറ്റുകൊണ്ട് തീര്‍ക്കാന്‍ ആകാശ് ദീപിന് സാധിച്ചു. ഇപ്പോഴിതാ ഇന്ത്യ ആകാശിനെ ടെസ്റ്റിലേക്ക് പേസറായി മാത്രം പരിഗണിക്കരുതെന്നും ഓള്‍റൗണ്ടര്‍ റോള്‍ നല്‍കണമെന്നും ആവശ്യപ്പെടുകയാണ് ആരാധകര്‍.
ആകാശിന് മികച്ച പേസ് ഓള്‍റൗണ്ടറാവാന്‍ കഴിവുണ്ടെന്നും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ആകാശെന്നുമാണ് ആരാധക പക്ഷം. ഇതിന് ചില കാരണങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വലിയ ഷോട്ട് കളിക്കാന്‍ കഴിവുണ്ട്
ഇന്ത്യയുടെ മറ്റ് വാലറ്റത്തെ ബാറ്റ്‌സ്മാന്‍മാരെക്കാളും മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ ആകാശിന് കഴിവുണ്ട്. മികച്ച ഫിറ്റ്‌നസുള്ള താരമാണ് ആകാശ്. അതുകൊണ്ടുതന്നെ വലിയ ഷോട്ട് കളിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ഓസ്‌ട്രേലിയക്കെതിരേ നാലാം ദിനം ആകാശ് പാറ്റ് കമ്മിന്‍സിനെതിരേ സിക്‌സര്‍ നേടിയിരുന്നു. അദ്ദേഹത്തിന്റെ മികവ് എന്തെന്ന് കാട്ടിത്തരുന്ന ഷോട്ടായിരുന്നു ഇത്. 11ാമനായി ഇന്ത്യ ബാറ്റ് ചെയ്യാനിറക്കിയ ആകാശ് നിര്‍ണ്ണായക പ്രകടനത്തോടെ ഇന്ത്യയുടെ രക്ഷകനായി മാറുന്നതാണ് കാണാനായത്.
ആകാശിനെ ഇന്ത്യ നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറക്കിയാല്‍ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളടക്കം കാണാനായേക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ആഭ്യന്തര ക്രിക്കറ്റിലടക്കം മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ ആകാശിനായിട്ടുണ്ട്. ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ ഇന്ത്യ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കിയാല്‍ വലിയ സ്‌കോര്‍ നേടാന്‍ ആകാശിന് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ആകാശിന്റെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

റെക്കോഡ് ഫിഫ്റ്റി സ്വന്തം പേരിലുണ്ട്
ആഭ്യന്തര ക്രിക്കറ്റിലെ അതിവേഗ ഫിഫ്റ്റി റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള താരമാണ് ആകാശ് ദീപ് എന്നതാണ് എടുത്തു പറയേണ്ടത്. 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് അദ്ദേഹം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ റെക്കോഡിട്ടത്. ഇതില്‍ എട്ട് സിക്‌സുകളും ഉള്‍പ്പെടും. മികച്ച ഷോട്ടുകളിലൂടെയാണ് അദ്ദേഹം കളിക്കുന്നതെന്നത് ആകാശിന്റെ ബാറ്റിങ് മികവ് എത്രത്തോളമാണെന്നത് എടുത്തു കാട്ടുന്നതാണ്. സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അവസരം നല്‍കിയാല്‍ വലിയ പ്രകടനം നടത്താന്‍ ആകാശിനാവും.
ഏകദിന ഫോര്‍മാറ്റിലേക്കടക്കം ഇന്ത്യക്ക് ആകാശിനെ പരിഗണിക്കാവുന്നതാണ്. മുഹമ്മദ് ഷമിക്ക് ശേഷം ഈ റോളില്‍ ഇന്ത്യക്ക് വളര്‍ത്താവുന്ന താരമാണ് ആകാശ്. സ്വിങ് പേസറായ ആകാശിന് പേസ് പിച്ചില്‍ വലിയ മികവ് കാട്ടാന്‍ സാധിച്ചേക്കും. ബൗളിങ്ങിനോടൊപ്പം ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും സാധിക്കുന്ന താരങ്ങളെ കിട്ടുകയെന്നത് പ്രയാസമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ആകാശ് ദീപിനെ ഓള്‍റൗണ്ടര്‍ പരിഗണന നല്‍കിത്തന്നെ വളര്‍ത്തേണ്ടത് അത്യാവശ്യമാണ്.
കോലിയുടെ ബാറ്റുമായി തിളങ്ങുന്നു
ആകാശ് ദീപ് എംആര്‍എഫിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ബാറ്റുമായി തിളങ്ങുന്നത് പലരേയും അത്ഭുതപ്പെടുത്തുന്നുണ്ട്. വിരാട് കോലി ആകാശിന് സമ്മാനിച്ച ബാറ്റാണിത്. ബംഗ്ലാദേശിനെതിരേ ഇതേ ബാറ്റ് ഉപയോഗിച്ച് ആകാശ് രണ്ട് സിക്‌സുകള്‍ പറത്തി. ഇപ്പോള്‍ ഇതേ ബാറ്റുമായി ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് കരകയറ്റുകയും പാറ്റ് കമ്മിന്‍സിനെ ഫോറും സിക്‌സും പറത്തുകയും ചെയ്തു. ബാറ്റിങ്ങില്‍ ആകാശിന് പ്രതിഭയുണ്ടെന്ന് ഇതിനോടകം വ്യക്തം.
ബൗളിങ്ങിനോടൊപ്പം ആകാശിന്റെ ബാറ്റിങ്ങിനും കൂടുതല്‍ പിന്തുണ ലഭിക്കേണ്ടതായുണ്ട്. ഇത്തരത്തില്‍ പിന്തുണ ലഭിച്ചാല്‍ വലിയ സ്‌കോറിലേക്കുയരാനും വാലറ്റത്ത് ഇന്ത്യക്ക് നിര്‍ണ്ണായക സ്‌കോര്‍ നേടിത്തരുന്ന താരമായി മാറാനും ആകാശിന് സാധിക്കുമെന്ന് തന്നെ പറയാം.