For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: റിഷഭ് കാരണം നഷ്ടം 98 റണ്‍സ്!! രോഹിത്തും ദുരന്തം, ടീം ഇന്ത്യ എങ്ങനെ തോറ്റു?

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ കനത്ത പരാജയത്തിലേക്കാണ് ടീം ഇന്ത്യ വീണിരിക്കുന്നത്. പാറ്റി കമ്മിന്‍സും സംഘവും പത്തു വിക്കറ്റിന് ഇന്ത്യയെ വാരിക്കളയുകയായിരുന്നു. ഈ ടെസ്റ്റിന്റെ വിധി യഥാര്‍ഥത്തില്‍ രണ്ടാംദിനം തന്നെ കുറിക്കപ്പെട്ടിരുന്നു. ഓസീസ് എത്ര ദിവസങ്ങള്‍ കൊണ്ട് ജയിക്കുമെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. മൂന്നാം ദിനം രാവിലെ തന്നെ അവര്‍ ഇന്ത്യയുടെ കഥ കഴിക്കുകയും ചെയ്തു.

നേരത്തേ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം 295 റണ്‍സിന്റെ വമ്പന്‍ ജയം ആഘോഷിച്ചപ്പോള്‍ ഇത്തരമൊരു ദുരന്തമായിരിക്കും രണ്ടാമങ്കത്തില്‍ കാത്തിരിക്കുന്നതെന്നു ആരും പ്രതീക്ഷിച്ചതല്ല. ഓസീസ് ടീമിനു കളിയുടെ ഒരു ഘട്ടത്തിലും വെല്ലുവിളി സൃഷ്ടിക്കാന്‍ കഴിയാതെയാണ് ഇന്ത്യന്‍ ടീം കീഴടങ്ങിയത്. യഥാര്‍ഥത്തില്‍ എന്തുകൊണ്ടാണ് ഇത്രയും കനത്തൊരു തോല്‍വി ഇന്ത്യക്കു നേരിട്ടത്. ഇതിനു പിന്നിലെ കാരണങ്ങളറിയാം.

ROHIT SHARMA

രോഹിത്തിന്റെ ക്യാപ്റ്റന്‍സി

ഇന്ത്യന്‍ പരാജയത്തിന്റെ ഒരു കാരണം രോഹിത് ശര്‍മയുടെ മോശം ക്യാപ്റ്റന്‍സി തന്നെയായിരുന്നു. ക്യാപ്റ്റനെന്ന നിലയിലോ, ബാറ്ററെന്ന നിലയിലോ ടീമിനെ പ്രചോദിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതു മാത്രമല്ല ആദ്യദിനം മുതല്‍ രോഹിത്തിന്റെ ശരീരഭാഷയും അത്ര അത്ര മികച്ചതായിരുന്നില്ല. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിന്‍റെ അഭാവത്തില്‍ ജസ്പ്രീത് ബുംറയായിരുന്നു ടീമിനെ നയിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ വെറും 150 റണ്‍സിനു പുറത്തായിട്ടും ഓസീസിനെ 104ല്‍ എറിഞ്ഞിട്ട് തിരിച്ചടിക്കാന്‍ ഇന്ത്യയെ സഹായിച്ചത് ബുംറയാണ്. അഞ്ചു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു ഒന്നാമിന്നിങ്‌സില്‍ തകര്‍ച്ചയുണ്ടായപ്പോള്‍ ആറാമനായെത്തി ഇതു പോലെയൊരു ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് രോഹിത്തില്‍ നിന്നും ടീം പ്രതീക്ഷിച്ചത്. പക്ഷെ ആര്‍ക്കോ വേണ്ടി കളിക്കുന്നതു പോലെ കാണപ്പെട്ട അദ്ദേഹം വെറും മൂന്നു റണ്‍സെടുത്ത് പുറത്താവുകയായിരുന്നു,

നായകനെന്ന നിലയിലും അത്ര അഗ്രസീവായല്ല അദ്ദേഹം കാണപ്പെട്ടത്. ബൗളിങ് റൊട്ടേഷനുകളിലും രോഹിത് ചില വീഴ്ചകള്‍ വരുത്തി. പേസ് ബൗളിങിന തുണയ്ക്കുന്ന പിച്ചില്‍ 18 ഓവറുകളാണ് ആര്‍ അശ്വിനെക്കൊണ്ട് അദ്ദേഹം ബൗള്‍ ചെയ്യിച്ചത്. നേടിയതാവട്ടെ ഒരേയൊരു വിക്കറ്റ് മാത്രം. മറുഭാഗത്ത് ഓസീസ് തങ്ങളുടെ സ്റ്റാര്‍ സ്പിന്നറായ നതാന്‍ ലയണിന് രണ്ടിന്നിങ്‌സിലായി നല്‍കിയത് ഒരോവര്‍ മാത്രമാണ്.

റിഷഭിന്റെ പ്രകടനം

വിക്കറ്റിനു പിന്നില്‍ റിഷഭ് പന്തിന്റെ ദയനീയ പ്രകടനമാണ് ഇന്ത്യന്‍ പരാജയത്തിന്റെ രണ്ടാമത്തെ കാരണം. ചില നിര്‍ണായക ക്യാച്ചുകളാണ് ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം പാഴാക്കിക്കളഞ്ഞത്. ഇതില്‍ അപകടകാരിയായ ട്രാവിസ് ഹെഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിനാണ് ഏറ്റവും വില കൊടുക്കേണ്ടി വന്നത്. കൂടാതെ ഓസീസ് ഓപ്പണര്‍ നതാന്‍ മക്‌സ്വീനിയുടെ ക്യാച്ച് പാഴാക്കിയതും ക്ഷീണമായി.

ഈ രണ്ടു പേരുടെയും ക്യാച്ചുകള്‍ റിഷഭ് നഷ്ടപ്പെടുത്തിയതു കാരണം 98 റണ്‍സാണ് ഇന്ത്യക്കു അധികമായി വഴങ്ങേണ്ടി വന്നത്. ഒന്നാമിന്നിങ്‌സില്‍ ഓസീസ് 157 റണ്‍സിന്റെ മികച്ച ലീഡ് നേടാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. റിഷഭിനു ഈ പിഴവുകള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഓസീസിന്റെ ലീഡ് വെറും 59 റണ്‍സില്‍ ഒതുങ്ങിയേനെ.

RISHABH PANT

78 റണ്‍സില്‍ നില്‍ക്കെയായിരുന്നു ഹെഡിന്റെ ക്യാച്ച് റിഷഭ് താഴെയിട്ടത്. ആയുസ് നീട്ടിക്കിട്ടിയ ശേഷം 62 റണ്‍സ് കൂടി അടിച്ചെടുത്ത അദ്ദേഹം 140 റണ്‍സില്‍ വച്ചാണ് പുറത്തായത്. മക്‌സ്വീനിയാവട്ടെ ആദ്യദിനം തന്നെ വെറും മൂന്നു റണ്‍സില്‍ പുറത്താവേണ്ടതായിരുന്നു. എന്നാല്‍ റിഷഭിന്റെ പിഴവ് കാരണം രക്ഷപ്പെട്ട താരം 36 റണ്‍സ് കൂടി നേടി രണ്ടാം ദിനമാണ് 39ല്‍ നില്‍ക്കെ മടങ്ങിയത്.

ബൗളിങ് പിഴച്ചു

ഓസ്‌ട്രേലിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ബൗളിങിനു മൂര്‍ച്ച കുറവായിരുന്നുവെന്നതാണ് മൂന്നാമത്തെ കാരണം. ഓസീസ് പേസര്‍മാരുടെ പ്രകടനമെടുത്താല്‍ അവര്‍ കൂടുതാലയും സ്റ്റംപ് ലൈനിലാണ് പന്തെറിഞ്ഞത്. യോര്‍ക്കറും നിരന്തരം പരീക്ഷിച്ചു.

ഇതിനു അവര്‍ക്കു ഫലം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ പേസര്‍മാര്‍ കൂടുതലായും ഓഫ്സ്റ്റംപിന് പുറത്താണ് ബൗള്‍ ചെയ്തിട്ടുള്ളത്. ഇതു കാരണം ലൂസ് ബോളുകളില്‍ ഓസീസ് ബാറ്റര്‍മാര്‍ അനായാസം റണ്‍സ് കണ്ടെത്തുകയും ചെയ്യുകയായിരുന്നു.

Story first published: Sunday, December 8, 2024, 13:04 [IST]
Other articles published on Dec 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+