സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഒമ്പതു വിക്കറ്റിന്റെ ആധികാരിക ജയം കൊയ്തിട്ടും മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത് പൂര്‍ണമായും സംതൃപ്തനല്ല. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ വലിയൊരു പിഴവ് കളിയില്‍ വരുത്തിയതായും ഇന്ത്യ വിജയിച്ചതിനാല്‍ അതു എടുത്തു കാണിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒമ്പതു വിക്കറ്റിനാണ് ഓസീസിനെ അപ്രസക്തമായ അവസാന കളിയില്‍ ഇന്ത്യ വാരിക്കളഞ്ഞത്. രോഹിത് ശര്‍മയുടെ അപരാജിത സെഞ്ച്വറിയും വിരാട് കോലിയുടെ അപരാജിത ഫിഫ്റ്റിയുമാണ് ഇന്ത്യന്‍ ജയം ഏകപക്ഷീയമാക്കി മാറ്റിയത്. ഇതോടെ പരമ്പരില്‍ സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേടും ഇന്ത്യ ഒഴിവാക്കിരുന്നു.

അവന്റെ ക്വാട്ട തികയ്ക്കാഞ്ഞതെന്ത്?
മൂന്നാം ഏകദിനത്തില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്തിട്ടും ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനെ കൂടുതല്‍ ഉപയോഗിക്കാതിരുന്ന ശുഭ്മന്‍ ഗില്ലിന്റെ തീരുമാനത്തെയാണ് കെ ശ്രീകാന്ത് വിമര്‍ശിച്ചത്. കളിയില്‍ ആറോവറാണ് അക്ഷര്‍ ബൗള്‍ ചെയ്തത്. വെറും മൂന്ന് ഇക്കോണമി റേറ്റില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി.
ഓസീസ് ബാറ്റര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചിട്ടും അക്ഷറിന്റെ 10 ഓവര്‍ തികയ്ക്കാതെ മധ്യ ഓവറുകളില്‍ പ്രസിദ്ധ് കൃഷ്ണയെ കൊണ്ട് ബൗള്‍ ചെയ്യിച്ച തീരുമാനത്തെയാണ് ശ്രീകാന്ത് കുറ്റപ്പെടുത്തിത്. പരമ്പരയില്‍ ആദ്യ മല്‍സരം കളിച്ച പ്രസിദ്ധ് ലക്കും ലഗാനുമില്ലാതെയാണ് പന്തെറിഞ്ഞത്. ഒരു വിക്കറ്റെടുത്തെങ്കിലും ഏഴോവറില്‍ 7.4 ഇക്കോണമി റേറ്റില്‍ 52 റണ്‍സ് വിട്ടുനല്‍കിയിരുന്നു.
അക്ഷറിന്റെ ബൗളിങ് പ്രകടനത്തെ വാനോളം പ്രശംസിച്ച ശ്രീകാന്ത് പക്ഷെ 10 ഓവര്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതില്‍ രോഷവും നിരാശയും പ്രകടിപ്പിക്കുകയും ചെയ്തു. മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിഡ്‌നിയില്‍ അക്ഷര്‍ പട്ടേല്‍ വളരെ നന്നായി പന്തെറിഞ്ഞു. രവീന്ദ്ര ജഡേജയപ്പോലെ കൃത്യമായ ലൈനും ലെങ്ത്തും കാത്തുസൂക്ഷിച്ച് അവന്‍ ബൗള്‍ ചെയ്തു കൊണ്ടേയിരുന്നു. എന്നിട്ടും അക്ഷറിന് എന്തുകൊണ്ടാണ് 10 ഓവര്‍ നല്‍കാതിരുന്നത്?
എന്തിനാണ് അവനെ മാറ്റി മധ്യ ഓവറുകളില്‍ പ്രസിദ്ധ് കൃഷ്ണയെ ശുഭ്മന്‍ ഗില്‍ കൊണ്ടു വന്നത്? എനിക്കു ഈ നീക്കം മനസ്സിലാവുന്നേയില്ല. ആറോവറില്‍ വെറും 18 റണ്‍സാണ് അക്ഷര്‍ വഴങ്ങിയത്. ഒരു വിക്കറ്റുമെടുത്തു. എന്നിട്ടും അവനെ 10 ഓവര്‍ എറിയിക്കാതിരുന്നത് എന്താണെന്നു ശ്രീകാന്ത് ചോദിക്കുന്നു.
പ്രസിദ്ധ് കൃഷ്ണ വളരെ മോശമായിട്ടാണ് ബൗള്‍ ചെയ്തത് എന്നല്ല ഞാന്‍ പറയുന്നത്. അവനു ബൗളിങില്‍ താളം കിട്ടുന്നില്ലായിരുന്നു. അതില്‍ കുഴപ്പമൊന്നുമില്ല. പ്രസിദ്ധിന്റെ ഓവര്‍ അപ്പോള്‍ തന്നെ നിര്‍ത്താമായിരുന്നു. ബാക്കിയെല്ലാവരും വളലെ നല്ല ബൗളിങാണ് കാഴ്ചവച്ചതെന്നും ശ്രീകാന്ത് വിലയിരുത്തി.

വാഷിങ്ടണിനു പ്രശംസ
ഇന്ത്യക്കു വേണ്ടി ഏകദിന പരമ്പരയില്‍ ഒരിക്കല്‍ക്കൂടി ഉജ്ജ്വലമായി ബൗള്‍ ചെയ്ത ഇടംകൈയന്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ വാഷിങ്ടണിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് കെ ശ്രീകാന്ത്. നൂലില്‍ ബോള്‍ കെട്ടി എറിയുന്നതു പോലെയാണ് വാഷിങ്ടണ്‍ സുന്ദര്‍ ഈ മല്‍സരത്തില്‍ ബൗള്‍ ചെയ്തത്.
അത്ര മാത്രം കണിശത അവന്റെ ബൗളിങിനുണ്ടായിരുന്നു. കൃത്യമായ സ്‌പോട്ടില്‍ തന്നെ വാഷി എറിഞ്ഞു കൊണ്ടേയിരുന്നു. മാറ്റ് റെന്‍ഷോയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ ബോള്‍ ഗഭീരമായിരുന്നെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.