ഐസിസിയുടെ ടി20 ലോകകപ്പ് കഴിഞ്ഞതോടെ ലോക ക്രിക്കറ്റില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആകര്‍ഷണമായി മാറിയിരിക്കുകയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര. നവംബര്‍ മുതല്‍ അടുത്ത വര്‍ഷം ജനുവരി വരെ നീളുന്ന ഓസീസ് പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളാണ് ടീം ഇന്ത്യ കളിക്കുക. ഈ പരമ്പരയില്‍ ആരാവും ജയിക്കുകയെന്നും വിജയ മാര്‍ജിന്‍ എങ്ങനെയാവുമെന്നും പ്രവചിച്ചിരിക്കുകയാണ് മുന്‍ താരങ്ങള്‍.
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റ്, ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ എന്നിവരാണ് ക്ലബ്ബ് പ്രെയറി ഫയറെന്ന യൂട്യൂബ് ചാനലിലൂടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വിജയികളെ പ്രവചിച്ചത്.

മൂന്നില്‍ രണ്ട് പേരും ഓസീസിനൊപ്പം
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി വിജയികളെക്കുറിച്ച് പ്രവചിച്ച മൂന്നില്‍ രണ്ടു പേരും ഓസ്‌ട്രേലിയയൊണ് ചാംപ്യന്മാരായി തിരഞ്ഞെടുത്തത്. ഇന്ത്യ കിരീടം ചൂടുമെന്നു പ്രവചിച്ചത് യുവരാജ് സിങ് മാത്രമാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പര 3-2നു ഇന്ത്യന്‍ ടീം സ്വന്തമാക്കുമെന്നാണ് യുവിയുടെ പ്രവചനം.
എന്നാല്‍ ആദം ഗില്‍ക്രിസ്റ്റും മൈക്കല്‍ വോനും ഇന്ത്യയെ കൈവിടുകയായിരുന്നു. ഇവരില്‍ ഇന്ത്യക്കു ദയനീയ തോല്‍വി നേരിടേണ്ടതായി വരുമെന്നു പ്രവചിച്ചിരിക്കുന്നത് വോനാണ്. ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ 3-1നു ഇന്ത്യയെ തകര്‍ത്തുവിടുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ശേഷിച്ച ഒരു ടെസ്റ്റ് സമനിലയില്‍ കലാശിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നമുക്കു ഇത്തവണ കാണാന്‍ സാധിക്കുമെന്നാണ് ഗില്‍ക്രിസ്റ്റിന്റെ പ്രവചനം. ഒടുവില്‍ 3-2ന്റെ വിജയവുമായി പരമ്പര ഓസ്‌ട്രേലിയന്‍ ടീം കൈക്കലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കണക്കുകളില്‍ ഇന്ത്യ
1996-97ല്‍ തുടക്കമിട്ട ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുടെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ കൂടുതല്‍ തവണ പരമ്പര നേട്ടം കൊയ്തിട്ടുള്ള ടീം ഇന്ത്യയാണ്. 11 തവണയാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീം മുത്തമിട്ടത്. 2016-17 സീസണ്‍ മുതല്‍ നോക്കിയാല്‍ അതിനു ശേഷം നടന്നിട്ടുള്ള നാലു എഡിഷനുകളിലും ഇന്ത്യയാണ് ചാംപ്യന്‍മാരായത്. എല്ലാ തവണയും 2-1 എന്ന മാര്‍ജിനിലായിരുന്നു ഇന്ത്യന്‍ വിജയം.
ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു ഇന്ത്യയും ഓസ്‌ട്രേലിയയും പോരടിച്ചത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ 2-1ന്റെ വിജയം ഇന്ത്യ കൈക്കലാക്കുകയായിരുന്നു.

തങ്ങളുടെ ആധിപത്യം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ത്യന്‍ ടീം ഇത്തവണ ഓസ്‌ട്രേലിയയിലേക്കു പറക്കുക. എന്നാല്‍ ട്രോഫിക്കായുള്ള നീണ്ട കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പാറ്റ് കമ്മിന്‍സും സംഘവും.
അതേസമയം, അടുത്ത വര്‍ഷത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കു യോഗ്യത നേടാനും വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ഫലം ഇന്ത്യക്കും ഓസ്‌ട്രേലിയക്കും പ്രധാനമാണ്. ഡബ്ല്യുടിസി സൈക്കിളില്‍ ഇന്ത്യക്കു ഇനി എട്ടു ടെസ്റ്റുകളാണ് ബാക്കിയുള്ളത്. ഇതില്‍ നാലെണ്ണമെങ്കിലും ജയിക്കാനായാല്‍ ഇന്ത്യക്കു തുടരെ നാലാം തവണയും ഫൈനല്‍ കളിക്കാം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു മുമ്പ് ബംഗ്ലാദേശുമായി ഒരു ടെസ്റ്റും ന്യൂസിലാന്‍ഡുമായി മൂന്നു ടെസ്റ്റുകള്‍ ഇന്ത്യ കളിക്കാനിരിക്കുകയാണ്.