മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ സമനിലയ്ക്കായുള്ള പോരാട്ടമാണ് നടത്തുന്നത്. വലിയ വിജയലക്ഷ്യം മുന്നിലുള്ളതിനാല്‍ ഇന്ത്യ സമനിലയ്ക്കായാണ് പൊരുതുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് നഷ്ടമായ ഇന്ത്യക്ക് ഇനി ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്തുകയാവും ലക്ഷ്യം.
അതുകൊണ്ടുതന്നെ മെല്‍ബണില്‍ സമനിലക്കായാണ് ഇന്ത്യ പൊരുതുന്നത്. ഈ മത്സരം സമനിലയായാല്‍ സിഡ്‌നിയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റ് വളരെ നിര്‍ണ്ണായകമായി മാറും. അഞ്ചാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് നിരാശയുണ്ടാക്കുന്നത് നായകന്‍ രോഹിത് ശര്‍മയുടേയും സീനിയര്‍ താരം വിരാട് കോലിയുടേയും പ്രകടനമാണ്. രണ്ടാം ഇന്നിങ്‌സില്‍ മികവ് കാട്ടി ഇരുവരും ഇന്ത്യക്ക് കരുത്താവുമെന്ന് കരുതി. പക്ഷെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
രോഹിത് ശര്‍മ 9 റണ്‍സിലും വിരാട് കോലി അഞ്ച് റണ്‍സിലുമാണ് പുറത്തായത്. ഇതോടെ അഞ്ചാം ടെസ്റ്റില്‍ ഇരുവരേയും പുറത്തിരുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. രോഹിത്തും കോലിയും അഞ്ചാം ടെസ്റ്റില്‍ നിന്ന് മാറി നിന്നാല്‍ പകരം ആരൊക്കെയാവും പ്ലേയിങ് 11ലേക്കെത്തുക?. പരിശോധിക്കാം.
രോഹിത്തിന് പകരം ഗില്‍
രോഹിത് ശര്‍മ അഞ്ചാം ടെസ്റ്റില്‍ നിന്ന് മാറി നിന്നാല്‍ പകരക്കാരനായി ശുബ്മാന്‍ ഗില്ലിനെ ഇന്ത്യ ടീമിലേക്ക് കൊണ്ടുവരണം. നിലവില്‍ രോഹിത്തിന് ഓപ്പണറാവാനായി ശുബ്മാന്‍ ഗില്ലിനെ ഇന്ത്യ പുറത്തിരുത്തിയിരിക്കുകയാണ്. സിഡ്‌നിയില്‍ രോഹിത്തിന് പകരം ഇന്ത്യ ഗില്ലിനെ കൊണ്ടുവരണം. കെ എല്‍ രാഹുല്‍ യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് തിരിച്ചുവരുമ്പോള്‍ ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്ക് വരേണ്ടതാണ്. രോഹിത് ശര്‍മയെ ഇനിയും ഇന്ത്യ പിന്തുണക്കുന്നത് മണ്ടത്തരമാണ്.
ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ രോഹിത്തിനുണ്ടോയെന്ന് സംശയം തോന്നിപ്പിക്കുന്ന ശരീര ഭാഷയാണ് അദ്ദേഹത്തിന്റേത്. നായകനെന്ന നിലയില്‍ രോഹിത്തിന്റെ പദ്ധതികളെല്ലാം പാളുകയാണ്. നായകസ്ഥാനമൊഴിഞ്ഞ് രോഹിത് വഴിമാറേണ്ട സമയമായിരിക്കുകയാണെന്ന് പറയാം. അവസാന 15 ഇന്നിങ്‌സിലെ രോഹിത്തിന്റെ ശരാശരി 10.36 മാത്രമാണ്. ഇനിയും രോഹിത്തിന് സമയം നല്‍കുമ്പോള്‍ പ്രതിഭയുള്ള യുവതാരങ്ങളെ വഞ്ചിക്കുകയാണ്. സിഡ്‌നിയില്‍ നിര്‍ണ്ണായക ടെസ്റ്റായതിനാല്‍ ഇന്ത്യ രോഹിത്തിനെ പുറത്തിരുത്തേണ്ടതാണ്.

കോലിക്കും ഇടവേള അത്യാവശ്യം
വിരാട് കോലി വിരമിക്കാന്‍ സമയമായെന്ന് പറയാനാവില്ല. കരിയറില്‍ ഇനിയും സമയം കോലിക്ക് മുന്നിലുണ്ട്. മികച്ച ഫിറ്റ്‌നസ് നിലവാരമുള്ള കോലിയുടെ പ്രശ്‌നം മോശം ഫോമാണ്. സമീപകാലത്തെ കോലിയുടെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ സ്ഥിരത വലിയ പ്രശ്‌നമാണ്. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ മികവ് കാട്ടാന്‍ കോലിക്ക് സാധിക്കുന്നില്ല. കോലി തെറ്റുകളില്‍ നിന്ന് പഠിക്കുന്നില്ലെന്നതാണ് വസ്തുത. കോലിയുടെ സമീപകാലത്തെ പുറത്താകലുകളെല്ലാം ഓഫ് സൈഡ് കെണിയിലാണ്.
അതുകൊണ്ടുതന്നെ കോലിക്ക് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. സിഡ്‌നി ടെസ്റ്റില്‍ കോലിയെ ഇന്ത്യ പുറത്തിരുത്തണം. പകരം ദ്രുവ് ജുറേലിനെ കളിപ്പിക്കണം. ബാക്കപ്പ് വിക്കറ്റ് കീപ്പറായ ദ്രുവ് ജുറേലിന് ആവശ്യത്തിന് അവസരം നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ സിഡ്‌നിയില്‍ താരത്തെ പരിഗണിക്കണം. ഇതിനോടകം പ്രതിഭ തെളിയിച്ചവനാണ് ജുറേല്‍. യുവതാരങ്ങള്‍ കൂടുതല്‍ മികവ് കാട്ടുന്ന സാഹചര്യത്തില്‍ ഇന്ത്യ ജുറേലിന് അവസരം നല്‍കേണ്ടതാണ്.
നായകനായി ബുംറയെ വളര്‍ത്തണം
ഏത് മൈതാനത്തും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന താരമാണ് ജസ്പ്രീത് ബുംറ. ഓസ്‌ട്രേലിയയില്‍ ഗംഭീര ബൗളിങ് പ്രകടനമാണ് ബുംറ കാഴ്ചവെക്കുന്നത്. പെര്‍ത്തില്‍ നായകനായി കളിച്ച് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ ബുംറക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ സിഡ്‌നിയില്‍ രോഹിത്തിനെ പുറത്തിരുത്തുമ്പോള്‍ പകരം ബുംറക്ക് നായകസ്ഥാനം നല്‍കണം. എട്ട് ഇന്നിങ്‌സില്‍ നിന്ന് 30 വിക്കറ്റുകള്‍ വീഴ്ത്തി ഓസീസിന്റെ പേടി സ്വപ്‌നമായി മാറാന്‍ ബുംറക്ക് സാധിച്ചിട്ടുണ്ട്.