മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബാറ്റിങ് വിസ്മയമാണ് വിരാട് കോലി. ക്ലാസിക് ബാറ്റിങ് ശൈലികൊണ്ട് വിസ്മയിപ്പിക്കുന്ന കോലി എല്ലാ മൈതാനത്തും തന്റേതായ മികവുകൊണ്ട് കൈയടി നേടിയ താരമാണ്. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. തുടര്‍ച്ചയായി ഫ്‌ളോപ്പായിട്ടും കോലി ഇന്ത്യന്‍ ടീമില്‍ തുടരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കോലിയുടെ കണക്ക് നോക്കുമ്പോള്‍ പഴയ മികവ് അദ്ദേഹത്തിനില്ലെന്ന് നിസംശയം പറയാം.
നേരത്തെ ഓസ്‌ട്രേലിയയില്‍ മികവ് കാട്ടിയിട്ടുള്ള താരമാണ് കോലി. എന്നാല്‍ ഇപ്പോള്‍ ഓഫ്‌സൈഡ് കെണിയില്‍ കോലി വീഴുകയാണ്. ഫോര്‍ത്ത് സ്റ്റംപ് ലൈനില്‍ കോലി തുടര്‍ച്ചയായി പുറത്താകവെ കോലി ടീമില്‍ നിന്ന് മാറി നില്‍ക്കണമെന്ന അഭിപ്രായം മുന്‍ താരങ്ങളടക്കം മുന്നോട്ട് വെക്കുകയാണ്. എന്നാല്‍ കോലിയെ മോശം ഫോം വേട്ടയാടയെ സച്ചിന്റെ സിഡ്‌നിയിലെ ഇന്നിങ്‌സ് എല്ലാവരും കോലിക്ക് മുന്നിലേക്ക് ഉയര്‍ത്തിക്കാട്ടുകയാണ്.
കോലി മാതൃകയാക്കേണ്ടത് സച്ചിന്റെ ആ സിഡ്‌നിയിലെ ഇന്നിങ്‌സാണെന്നാണ് വലിയൊരു വിഭാഗവും ചൂണ്ടിക്കാട്ടുന്നത്. സച്ചിന്‍ അന്ന് ഓസ്‌ട്രേലിയയില്‍ തിളങ്ങാന്‍ ഉപയോഗിച്ച തന്ത്രം എന്താണെന്ന് പരിശോധിക്കാം.
ഓഫ്‌സൈഡില്‍ ഒരു ഷോട്ട് പോലുമില്ല
വിരാട് കോലിയുടെ സമീപകാലത്തെ പുറത്താകലുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ തവണയും അദ്ദേഹം വിക്കറ്റ് തുലച്ചത് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളിലാണ്. സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളെ മനോഹരമായ കവര്‍ ഡ്രൈവുകളിലൂടെയും അത്ഭുത ഷോട്ടുകളിലൂടെയും കോലി അതിര്‍ത്തി കടത്തുന്നത് പല തവണ കണ്ടിട്ടുള്ളതാണ്. എന്നാല്‍ കോലിക്ക് ഓഫ് സൈഡില്‍ പഴയ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഓഫ് സൈഡില്‍ കോലി ഷോട്ടിന് ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവുകയാണ്.
ഇതേ പ്രശ്‌നത്തിലൂടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരിക്കല്‍ കടന്ന് പോയതാണ്. അന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രയോഗിച്ച തന്ത്രമാണ് സിഡ്‌നിയിലെ അത്ഭുത പ്രകടനത്തിലേക്ക് സച്ചിനെ എത്തിച്ചത്. ഓഫ് സൈഡില്‍ സച്ചിന്‍ നിരന്തരം പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു ഷോട്ട് പോലും ഓഫ് സൈഡില്‍ കളിക്കാതെയാണ് തന്റെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടത്.
ഓഫ് സൈഡ് ഷോട്ടുകള്‍ പൂര്‍ണ്ണമായും അദ്ദേഹം അവഗണിച്ചു. ഇതോടെ 2004ലെ സിഡ്‌നി ടെസ്റ്റില്‍ ലെഗ് സൈഡ് ഷോട്ടുകളിലൂടെ മാത്രം 241 റണ്‍സാണ് സച്ചിന്‍ നേടിയത്. തന്റെ ഫേവറേറ്റ് ഷോട്ടായ കവര്‍ഡ്രൈവ് പോലും കളിക്കാതെ സച്ചിന്‍ നടത്തിയ ക്ഷമയോടെയുള്ള ഇന്നിങ്‌സാണ് അന്ന് സച്ചിനെ ഈ പ്രശ്‌നത്തില്‍ നിന്ന് കരകയറ്റിയത്.

കോലി ക്ഷമ കാട്ടണം
വിരാട് കോലി നിലവിലെ സാഹചര്യത്തില്‍ ക്ഷമ കാട്ടുകയെന്നതാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. ഓഫ് സൈഡ് ഷോട്ടുകള്‍ കോലിയുടെ കെണിയാണെന്ന് എതിര്‍ ബൗളര്‍മാര്‍ മനസിലാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഓഫ് സൈഡിലേക്കെത്തുന്ന പന്തുകള്‍ കോലി ലീവ് ചെയ്യാന്‍ തയ്യാറാവണം. നിലയുറപ്പിച്ച ശേഷം ഓഫ് സൈഡ് ഷോട്ടുകള്‍ കളിച്ചാല്‍ ഇത്ര തന്നെ പ്രശ്‌നം വരില്ല. പെര്‍ത്തില്‍ കോലി ഇത്തരത്തില്‍ ക്ഷമ കാട്ടി.
എന്നാല്‍ ഗാബയില്‍ ക്ഷമ കാട്ടാന്‍ കോലി തയ്യാറായില്ല. ഹെയ്‌സല്‍വുഡിന്റെ ഫിഫ്ത്ത് സ്റ്റംപ് ലൈനിലെ പന്തില്‍ ബാറ്റുവെച്ചാണ് കോലി തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇത്തരമൊരു പ്രകടനം കോലിയെപ്പോലൊരു സൂപ്പര്‍ താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല. നിരന്തരം ഒരേ പിഴവില്‍ പുറത്താവുന്നു എന്നതാണ് കോലിയെ പിന്നോട്ടടിക്കുന്ന കാര്യം. സുനില്‍ ഗവാസ്‌ക്കറും സഞ്ജയ് മഞ്ജരേക്കറുമടക്കം കോലിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോലി അന്ന് സച്ചിന്‍ പയറ്റിയ തന്ത്രം പയറ്റുന്നതാണ് കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നല്ലത്.