ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റ് കിരീടം നഷ്ടപ്പെടുത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത് സൂര്യകുമാര്‍ യാദവായിരുന്നു. ഫിനിഷര്‍ റോളില്‍ ഇന്ത്യ സൂര്യയെ വിശ്വസിച്ചപ്പോള്‍ താരം തീര്‍ത്തും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ 49 റണ്‍സ് പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ലോകകപ്പില്‍ സൂര്യ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് തന്നെ പറയാം. 2, 12, 22, 2, 1, 18 എന്നിങ്ങനെയാണ് ലോകകപ്പിലെ സൂര്യയുടെ മറ്റ് സ്‌കോറുകള്‍.
ടി20യിലെ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന സൂര്യക്ക് ഏകദിനത്തില്‍ ഈ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. മൈതാനത്തിന്റെ തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിക്കുന്ന സൂര്യക്ക് ടി20 ഫോര്‍മാറ്റില്‍ നിന്ന് ഏകദിനത്തിലേക്ക് മാറുമ്പോള്‍ എന്തുകൊണ്ടാണ് തിളങ്ങാനാവാത്തത്?.
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ 42 പന്തില്‍ 80 റണ്‍സാണ് സൂര്യ നേടിയത്. ഇതില്‍ 9 ഫോറും 4 സിക്‌സും ഉള്‍പ്പെടും. മാച്ച് വിന്നിങ് പ്രകടനം നടത്തി സൂര്യ ഹീറോ ആകുമ്പോള്‍ എന്തുകൊണ്ടാണ് ഈ മികവ് ലോകകപ്പ് ഫൈനലില്‍ കാഴ്ചവെക്കാന്‍ സാധിക്കാതെ പോയതെന്ന ചോദ്യം ഉയരുന്നു.
ഫോര്‍മാറ്റ് മാറുമ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം നിലവാരം ഇത്രത്തോളം താഴേക്ക് പോകുന്നത് എന്തുകൊണ്ടാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതിന് മുമ്പും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുണ്ടായിട്ടുണ്ട്. വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, യുവരാജ് സിങ് എന്നിവരെയെല്ലാം ഈ പട്ടികയില്‍ പെടുത്താം. ഇവരെല്ലാം മൂന്ന് ഫോര്‍മാറ്റിലും കസറി മികവ് തെളിയിച്ചവരാണ്. എന്നാല്‍ സൂര്യകുമാറിന് മാത്രം ടി20ക്ക് അപ്പുറത്തേക്ക് പേരെടുക്കാന്‍ സാധിക്കുന്നില്ല.
സൂര്യ അപൂര്‍വ്വ പ്രതിഭയുള്ള താരങ്ങളിലൊരാളായതിനാലാണ് അദ്ദേഹത്തിനെ രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും ലോകകപ്പിലേക്ക് പിന്തുണച്ചത്. അതിന് മുന്നോടിയായി പല ബാറ്റിങ് പൊസിഷനുകളിലും സൂര്യക്ക് അവസരം നല്‍കിയെങ്കിലും മികവ് കാട്ടാന്‍ താരത്തിന് സാധിക്കാതെ പോയി. ഏകദിനത്തില്‍ ടി20യിലേതുപോലെ കടന്നാക്രമണം നടത്താന്‍ സൂര്യക്ക് സാധിക്കാത്തതിന് കാരണം മാനസികമായ പ്രശ്‌നമാണ്. ഏകദിനത്തില്‍ വലിയ ഇന്നിങ്‌സ് കളിക്കണമെന്ന പദ്ധതി താരത്തിന്റെ മനസിലുണ്ടാവും.

ഇതിനുവേണ്ടി പതിയെ നിലയുറപ്പിച്ച് കളിക്കാനും പിന്നീട് ആക്രമിക്കാനുമാണ് സൂര്യ ഏകദിനത്തില്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ ശൈലി അദ്ദേഹത്തിന് ചേരാതെ വരികയും വിക്കറ്റ് നഷ്ടമാവുകയും ചെയ്യുന്നു. അതേ സമയം ടി20യില്‍ വിക്കറ്റിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കാരണം കടന്നാക്രമിച്ച് കളിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെട്ടാലും അത് വലിയൊരു വിമര്‍ശനത്തിന് കാരണമാവില്ല. എന്നാല്‍ ഏകദിനത്തില്‍ നിലയുറപ്പിച്ച് വലിയ ഇന്നിങ്‌സ് കളിക്കണമെന്ന ലക്ഷ്യം മുന്നിലുണ്ട്.
ഈ ചിന്തയാണ് സൂര്യയെ ഏകദിനത്തില്‍ പിന്നോട്ടടിക്കുന്നതെന്ന് പറയാം. ടി20യിലെ തന്റെ മികവുകളെ ഏകദിനത്തില്‍ അതുപോലെ വിശ്വസിക്കാന്‍ സൂര്യക്ക് സാധിക്കുന്നില്ല. തന്റെ സ്വാഭാവിക ശൈലിയില്‍ ഏകദിനം കളിക്കാന്‍ സൂര്യ മാനസികമായി ധൈര്യം കാട്ടുന്നില്ല. ഈ ആത്മവിശ്വാസക്കുറവാണ് സൂര്യയുടെ പ്രധാന പ്രശ്‌നം. 37 ഏകദിനത്തില്‍ നിന്ന് 773 റണ്‍സാണ് സൂര്യ നേടിയത്. ശരാശരി 25.76. നാല് തവണയാണ് അദ്ദേഹം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടിയത്.
54 ടി20യില്‍ നിന്ന് 46.85 ശരാശരിയില്‍ 1921 റണ്‍സാണ് സൂര്യ നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇതില്‍ നിന്ന് തന്നെ രണ്ട് ഫോര്‍മാറ്റുകള്‍ തമ്മിലുള്ള വ്യത്യാസം വ്യക്തമാവും. ഏകദിനത്തിലെ സൂര്യയുടെ മോശം പ്രകടനത്തെക്കുറിച്ച് മാത്യു ഹെയ്ഡന്‍ നിരീക്ഷിച്ചത് ഇങ്ങനെയാണ്. ടി20യില്‍ സൂര്യ കൂടുതല്‍ റണ്‍സ് കണ്ടെത്തുന്നത് സ്റ്റംപിന് പിറകിലൂടെയാണ്. വിക്കറ്റ് കീപ്പറിന് മുകളിലൂടെ റണ്‍സുയര്‍ത്താനാണ് അവന്‍ ശ്രമിക്കാറ്.
ടി20യിലെ പിച്ച് അല്‍പ്പം കൂടി ഫാസ്റ്റായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം ഷോട്ടുകള്‍ കളിക്കാനാവും. എന്നാല്‍ ഏകദിനത്തിലേത് അല്‍പ്പം സ്ലോ ട്രാക്കാവും. അതുകൊണ്ടുതന്നെ സൂര്യ ടി20യിലെ ഷോട്ടുകള്‍ ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടുന്നു. അല്ലാതെ അവന്റെ സാങ്കേതികതയിലെ പ്രശ്‌നമല്ലെന്നും ഹെയ്ഡന്‍ പറയുന്നു. ഇതാണ് വസ്തുത. രണ്ട് ഫോര്‍മാറ്റിലേയും മാനസിക നിലയും പിച്ചിന്റെ സ്വഭാവവും ശൈലിയും വ്യത്യസ്തമാണ്. ഇതിനോട് പൊരുത്തപ്പെടാന്‍ സൂര്യക്ക് സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം.