മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താന്‍ ശക്തമായ പോരാട്ടം തുടരുകയാണ് ഇന്ത്യ. പെര്‍ത്തില്‍ ജയിച്ച ഇന്ത്യ അഡ്‌ലെയ്ഡില്‍ 10 വിക്കറ്റിനാണ് തോറ്റത്. ഗാബയില്‍ ഇന്ത്യയെ മഴ തുണച്ചതോടെ സമനില നേടാനും സാധിച്ചു. ഇതോടെ പരമ്പരയില്‍ 1-1 എന്ന നിലയിലാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വളരെ നിര്‍ണ്ണായകമായിരിക്കുകയാണെന്ന് പറയാം. ഇനി എല്ലാവരുടേയും ശ്രദ്ധ ബോക്‌സിങ് ഡെ ടെസ്റ്റിലാണ്.
മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ വിജയത്തോടെ ആരാവും പുതു വര്‍ഷത്തിലേക്ക് കടക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഒരു ജയം അകലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താനുള്ള അവസരമാണ് മുന്നിലെത്തിയിരിക്കുന്നത്. ഗാബയിലെ സമനില ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ജയത്തോടെ തിരിച്ചുവരാന്‍ ഇന്ത്യക്ക് സാധിക്കുമോ?. പരിശോധിക്കാം.
കണക്കുകള്‍ ഇന്ത്യക്ക് എതിരാണ്
ബോക്‌സിങ് ഡേ ടെസ്റ്റിലെ ഇന്ത്യയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിജയം നേടാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം. 14 മത്സരങ്ങളാണ് ഇന്ത്യ ബോക്‌സിങ് ഡേ ടെസ്റ്റ് മെല്‍ബണില്‍ കളിച്ചത്. ഇതില്‍ നാല് തവണ ഇന്ത്യ ജയിച്ചപ്പോള്‍ എട്ട് മത്സരം ടീം തോറ്റു. രണ്ട് മത്സരങ്ങള്‍ സമനിലയിലുമായി. 2020ലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ ത്രില്ലിങ് ജയമാണ് നേടിയെടുത്തത്. അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ വിജയം നേടുകയായിരുന്നു.
അഡ്‌ലെയ്ഡില്‍ 36 റണ്‍സിന് ഓള്‍ഔട്ടായതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ഈ തിരിച്ചുവരവ്. അന്ന് സെഞ്ച്വറിയോടെ രഹാനെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. ഇത്തവണ മുന്നില്‍ നിന്ന് നയിക്കാന്‍ ആര്‍ക്കാണ് സാധിക്കുകയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ശരാശരി മാത്രമാണ്. ഈ സാഹചര്യത്തില്‍ വിജയം നേടിയെടുക്കുക ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമാണെന്നതാണ് വസ്തുത.

പ്രതീക്ഷ ബുംറയുടെ മികവില്‍
മെല്‍ബണില്‍ ഇന്ത്യക്ക് ജയിക്കണമെങ്കിലും ജസ്പ്രീത് ബുംറ മിന്നും ഫോം തുടരണം. നിലവില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ബുംറ കാഴ്ചവെക്കുന്നത്. ഇതേ ഫോം ബുംറ തുടരുന്നതോടൊപ്പം ഒപ്പം പന്തെറിയുന്ന ആകാശ് ദീപിനും മുഹമ്മദ് സിറാജിനും തുടക്കത്തിലേ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കണം. എന്നാല്‍ ഇതിന് സാധിക്കാതെ പോകുന്നുവെന്നതാണ് കഴിഞ്ഞ മത്സരങ്ങളിലെ ഫലങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ബുംറ മെല്‍ബണില്‍ ബോക്‌സിങ് ഡേയില്‍ കളിയിലെ താരമായിട്ടുണ്ട്.
ഈ മികവ് ഇത്തവണയും ആവര്‍ത്തിക്കാന്‍ ബുംറക്ക് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യ നന്നായി പ്രയാസപ്പെട്ടേക്കും. സച്ചിനും അജിന്‍ക്യ രഹാനെയുമാണ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ മെല്‍ബണില്‍ കളിയിലെ താരങ്ങളായ മറ്റ് ഇന്ത്യക്കാര്‍. വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊന്നും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ മെല്‍ബണില്‍ ഇന്ത്യക്ക് എന്ത് ചെയ്യാനാവുമെന്നത് കാത്തിരുന്ന് കാണാം.
സീനിയേഴ്‌സ് മികവ് കാട്ടണം
ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ഫോമിലേക്കെത്തേണ്ടത് അത്യാവശ്യമാണ്. വിരാട് കോലിക്കും രോഹിത് ശര്‍മക്കും മികവിനൊത്ത പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് വിജയം നേടാന്‍ സീനിയര്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. എന്തായാലും ഒരു ജയം അകലെ ഇന്ത്യയെ കാത്തിരിക്കുന്നത് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താനുള്ള അവസരമാണ്. ഇന്ത്യക്കത് സാധിക്കുമോയെന്നത് കണ്ടറിയാം. എന്തായാലും മെല്‍ബണില്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.