ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ബാറ്റിങ് മികവുകൊണ്ട് കോലിയെപ്പോലെ വിസ്മയിപ്പിക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ലെന്ന് പറയാം. നടന്നുകയറിയ വഴികളിലെല്ലാം ചരിത്രം രചിച്ച കോലി ഇതിനോടകം പല വമ്പന്‍ റെക്കോഡുകളും സ്വന്തം പേരിലാക്കിക്കഴിഞ്ഞു. അത്ഭുതകരമായ വളര്‍ച്ച കൈവരിച്ച കോലി മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്നു. ഇന്ത്യയുടെ നായകനെന്ന നിലയിലും നിരവധി നേട്ടങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ഏകദിന ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ കോലിയുടെ ബാറ്റിങ് പ്രകടനത്തിലും ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്ക കാലത്തെ മനോഹരമായ ഓര്‍മകള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കോലി. ആദ്യമായി ഓപ്പണറായതും ആദ്യമായി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതുമെല്ലാം ഓര്‍ത്തെടുത്ത് ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് കോലി ആദ്യമായി കളിയിലെ താരമാവുന്നത്.
കോലി അന്ന് ഇന്ത്യന്‍ ടീമിലെ സജീവ താരമായിരുന്നില്ല. 2009ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ യുവരാജ് സിങ്ങിന്റെ കൈവിരലിന് പരിക്കേറ്റതോടെയാണ് കോലിക്ക് ടീമിലേക്ക് വിളിയെത്തിയത്. പാകിസ്താനെതിരേ കളിച്ച മത്സരത്തില്‍ കോലി ഫ്‌ളോപ്പായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം നിര ടീമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വലിയ സ്‌കോര്‍ നേടാമെന്ന പ്രതീക്ഷയിലായിരുന്നു ഇറങ്ങിയത്.
പക്ഷെ കെമാര്‍ റോച്ച് എറിഞ്ഞ ആദ്യ പന്ത് മണിക്കൂറില്‍ 153 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വന്നതെന്നും പന്ത് കണ്ടുപോലുമില്ലെന്നാണ് കോലി പറയുന്നത്. എന്നാല്‍ എന്തുകൊണ്ടോ രണ്ടാം പന്ത് റോച്ച് വേഗം കുറച്ചാണ് എറിഞ്ഞത്. ഈ പന്ത് നേരിട്ടതോടെ ആത്മവിശ്വാസം വീണ്ടെടുക്കുകയും മികച്ച പ്രകടനം നടത്തി ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കുകയും ചെയ്തുവെന്നാണ് കോലി പറഞ്ഞത്.

2009ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ 12ാം മത്സരത്തിലാണ് കോലിയുടെ ഏകദിനത്തിലെ ആദ്യത്തെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കുന്നത്. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് 120 റണ്‍സിനാണ് ഓള്‍ഔട്ടായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പ്രവീണ്‍ കുമാറും ആശിഷ് നെഹ്‌റയും ചേര്‍ന്ന് വിന്‍ഡീസിനെ ചുരുട്ടിക്കൂട്ടുകയായിരുന്നു. എംഎസ് ധോണി വിക്കറ്റ് നേടിയ മത്സരമായിരുന്നു ഇത്. മറുപടിക്കിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തന്നെ ഗൗതം ഗംഭീറിനേയും രാഹുല്‍ ദ്രാവിഡിനേയും നഷ്ടമായി.
അഞ്ചാമനായി ക്രീസിലെത്തിയ വിരാട് കോലി 104 പന്തില്‍ പുറത്താവാതെ 79 റണ്‍സുമായി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയായിരുന്നു. 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് കോലി കസറിയത്. ഇതോടെ കളിയിലെ താരമായി മാറാനും കോലിക്കായി. പിന്നീടങ്ങോട്ട് കോലി നേടിയെടുത്ത നിരവധി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളുടെ തുടക്കമായിരുന്നു ഇത്. കരിയറില്‍ 63 മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഇതിനോടകം കോലി നേടിക്കഴിഞ്ഞു.
ആദ്യമായി ഓപ്പണറായ ഏകദിന മത്സരത്തെക്കുറിച്ചും കോലി മനസ് തുറന്നു. 'പരിശീലനത്തിനിടെ വീരേന്ദര്‍ സെവാഗിന്റെ കാലിന് പരിക്കേറ്റു. ഇതോടെ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. അപ്പോള്‍ എംഎസ് ധോണി ഓപ്പണറാവാമോയെന്ന് ചോദിച്ചു. ആദ്യം ആശങ്ക തോന്നിയെങ്കിലും ഓപ്പണറാവാമെന്ന് സമ്മതിക്കുകയായിരുന്നു' എന്നാണ് കോലി പറഞ്ഞത്. 2008ലെ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലായിരുന്നു കോലിക്ക് ഓപ്പണര്‍ സ്ഥാനം ലഭിച്ചത്.
22 പന്ത് നേരിട്ട് 12 റണ്‍സാണ് കോലിക്ക് നേടാനായത്. നുവാന്‍ കുലശേഖരക്ക് മുന്നില്‍ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഏകദിനത്തില്‍ പിന്നീട് വിരളമായാണ് കോലി ഓപ്പണറായത്. മൂന്നാം നമ്പറിലാണ് കൂടുതലും കളിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ടെസ്റ്റിലെ നാലാം നമ്പര്‍ കോലിക്ക് ലഭിച്ചപ്പോള്‍ ഏകദിനത്തിലും ടി20യിലും മൂന്നാം നമ്പറിലാണ് കോലി കൂടുതല്‍ ശോഭിച്ചത്. പരിമിത ഓവറില്‍ മൂന്നാം നമ്പറിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കോലിയെന്ന് നിസംശയം പറയാം.