സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 185 റണ്‍സിന് പുറത്തായ ഇന്ത്യ ഓസീസിനെ 181 റണ്‍സിനാണ് കൂടാരം കയറ്റിയത്. നിര്‍ണ്ണായകമായ നാല് റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയെടുക്കാനും ഇന്ത്യക്ക് സാധിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ യശ്വസി ജയ്‌സ്വാളും കെ എല്‍ രാഹുലും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പിന്നീട് ചെറിയ ഇടവേളയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. യശ്വസി ജയ്‌സ്വാളിനേയും (22) കെ എല്‍ രാഹുലിനേയും (13) സ്‌കോട്ട് ബോളണ്ട് ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ വിരാട് കോലിയെ (6) ബോളണ്ട് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈയിലെത്തിച്ചു. ഇതില്‍ വിരാട് കോലിയുടെ വിക്കറ്റാണ് നിരാശപ്പെടുത്തുന്നത്. വീണ്ടും ഓഫ് സൈഡ് കെണിയില്‍ വിരാട് കോലി വീണിരിക്കുകയാണ്. കോലിയുടെ ദൗര്‍ബല്യം നികത്താന്‍ ഇതുവരെയായി അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന് പറയാം.
അവസാന 29 തവണയും ക്യാച്ച് ഔട്ട്
ഓസ്‌ട്രേലിയയില്‍ വിരാട് കോലിയുടെ അവസാന 30 ഇന്നിങ്‌സുകള്‍ നോക്കുമ്പോള്‍ അതില്‍ 29 തവണയും അദ്ദേഹം ക്യാച്ചിലൂടെയാണ് പുറത്തായത്. ഒരു തവണ റണ്ണൗട്ടിലൂടെയും മടങ്ങി. ഒരേ രീതിയിലാണ് കോലി പുറത്താവുന്നത്. നേരത്തെ കോലിക്കെതിരേ ഓഫ് സൈഡില്‍ പന്തെറിയാന്‍ താരങ്ങള്‍ ഭയന്നിരുന്നു. മനോഹരമായ കവര്‍ ഡ്രൈവുകളിലൂടെ പന്ത് ബൗണ്ടറിയും സിക്‌സറും പായിക്കാന്‍ കോലിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ മികവ് കോലിക്ക് അവകാശപ്പെടാനാവില്ല.
ഓഫ് സൈഡ് പന്തില്‍ കോലി എഡ്ജാവുന്നത് തുടര്‍ക്കഥയാവുകയാണ്. ഇത്തവണ പുറത്തായപ്പോള്‍ വലിയ നിരാശയോടെയാണ് കോലി കളം വിട്ടത്. ഓഫ് സൈഡ് കെണിയില്‍ വീഴാതിരിക്കാന്‍ പരമാവധി കോലി ശ്രദ്ധ കാട്ടിയിരുന്നു. എന്നാല്‍ ഇത്തവണയും അതേ രീതിയില്‍ത്തന്നെ പുറത്തായത് കോലിക്ക് വലിയ നിരാശയാണുണ്ടാക്കിയത്. എന്തായാലും ഇനിയൊരു ടെസ്റ്റ് മത്സരം ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ വിരാട് കോലിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.

ശുബ്മാന്‍ ഗില്ലും നിരാശപ്പെടുത്തി
ശുബ്മാന്‍ ഗില്ലിന്റെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നു. രോഹിത് ശര്‍മയെ പുറത്തിരുത്തിയാണ് ഇന്ത്യ ശുബ്മാന്‍ ഗില്ലിനെ കളിപ്പിച്ചത്. ഭേദപ്പെട്ട നിലയില്‍ തുടങ്ങാന്‍ ഗില്ലിനായെങ്കിലും മോശം ഷോട്ടിലൂടെ വിക്കറ്റ് തുലച്ചു. 13 റണ്‍സെടുത്ത ഗില്‍ വെബ്‌സ്റ്ററിന്റെ പന്തില്‍ ക്രീസില്‍ നിന്ന് കയറി കളിക്കുകയായിരുന്നു. കൃത്യമായി കണക്ട് ചെയ്യാന്‍ സാധിക്കാതെ പോയപ്പോള്‍ എഡ്ജായി വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി കൈയിലൊതുക്കി.
ആദ്യ ഇന്നിങ്‌സിലും സമാനമായി ക്രീസില്‍ നിന്ന് കയറി കളിച്ചാണ് ഗില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ആക്രമിച്ച് കളിക്കുകയെന്ന വ്യക്തമായ ഉദ്ദേശത്തോടെയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. എന്നാല്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത് കൂടുതലും മോശം ഷോട്ട് കളിച്ചാണ്. ഗില്ലിന്റെ വിദേശ പിച്ചുകളിലെ പ്രകടനം നിലവാരം കാക്കുന്നതല്ല. അതുകൊണ്ടുതന്നെ പകരക്കാരനെക്കുറിച്ച് ഇന്ത്യ ആലോചിച്ചാലും അത്ഭുതപ്പെടാനാവില്ല.
റെക്കോഡ് പ്രകടനവുമായി ജയ്‌സ്വാള്‍
ഇന്ത്യയില്‍ മിന്നും പ്രകടനം നടത്തിയ യശ്വസി ജയ്‌സ്വാള്‍ ഓസ്‌ട്രേലിയയിലേക്കെത്തുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നതായിരുന്നു എല്ലാവരുടേയും സംശയം. എന്നാല്‍ തന്റെ കന്നി ഓസീസ് പര്യടനം ഭേദപ്പെട്ട നിലയില്‍ അവസാനിപ്പിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചു. 10 ഇന്നിങ്‌സില്‍ നിന്ന് 43.44 ശരാശരിയില്‍ 391 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 44 ഫോറും നാല് സിക്‌സുമാണ് ജയ്‌സ്വാള്‍ നേടിയത്.
23കാരനായ ജയ്‌സ്വാള്‍ ഈ പ്രായത്തില്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി. 428 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 368 റണ്‍സെടുത്ത സച്ചിനെയാണ് ജയ്‌സ്വാള്‍ മറികടന്നത്. റിഷഭ് പന്ത് 350 റണ്‍സാണ് നേടിയത്. ഭാവിയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ ജയ്‌സ്വാളിന് സാധിക്കുമെന്ന് ഉറപ്പ് നല്‍കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.