അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ഏകദിന ടീമിലേക്കുള്ള മടങ്ങിവരവില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ് ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി. തുടരെ രണ്ടു കളിയിലും അക്കൗണ്ട് പോലും തുറക്കാനാവാതെയാണ് അദ്ദേഹത്തിനു ക്രീസ് വിടേണ്ടി വന്നത്. ഇതോടെ 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കുകയെന്ന കോലിയുടെ മോഹങ്ങള്‍ക്കും തിരിച്ചടി നേരിട്ടു.
പെര്‍ത്തിലെ ആദ്യ കളിയില്‍ ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ഷോട്ടിനു ശ്രമിച്ച് അദ്ദേഹം ക്യാച്ചാവുകയായിരുന്നു. എന്നാല്‍ അഡ്‌ലെയ്ഡിലാവട്ടെ മികച്ചൊരു ഇന്‍സ്വിങറിനു മുന്നില്‍ കോലി വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയും ചെയ്തു. ഈ ഫ്‌ളോപ്പ് ഷോയ്ക്കു പിന്നാലെ വലിയ ട്രോളിനും അദ്ദേഹം ഇരയായിരിക്കുകയാണ്.

എല്ലാത്തിനും കാരണം പാക് താരം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പല പ്രധാനപ്പെട്ട സംഭവങ്ങളുണ്ടായാലും തമാശരൂപേണയുള്ള പോസ്റ്റുകളുമായി രംഗത്തു വരാറുള്ള ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് (Iceland Cricket) ഇത്തവണയും പതിവു തെറ്റിച്ചില്ല. അവരുടെ പുതിയ ഇരയായി മാറിയതാവട്ടെ വിരാട് കോലിയുമാണ്.
ഏകദിന കരിയറിലാദ്യമായി തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹം ഡെക്കായതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഐസ്‌ലാന്‍ഡ് ക്രിക്കറ്റിന്റെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതില്‍ അവര്‍ കോലിയെ താരതമ്യം ചെയ്തതാവട്ടെ പാകിസ്താന്റെ യുവ താരവും ബാറ്റിങ് ഓള്‍റൗണ്ടറുമായ സയീ അയൂബുമായിട്ടാണ്.
സയീം അയൂബിന്റെ കോച്ചിങ് വീഡിയോകള്‍ വിരാട് കോലി കാണാറുള്ളതു പോലെയാണ് തോന്നുന്നതെന്നായിരുന്നു ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് അവരുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ കുറിച്ചത്. സയീമുമായി കോലിയെ അവര്‍ താരതമ്യം ചെയ്യാന്‍ ഒരു കാരണം കൂടിയുണ്ട്.
അടുത്തിടെ യുഎഇയില്‍ സമാപിച്ച ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റുകളില്‍ ഡെക്കുകളുടെ ചാകര തീര്‍ത്ത് സയീം ദുരന്തമായി മാറിയിരുന്നു. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലാണ് അദ്ദേഹത്തിനു ഡെക്കായി ക്രീസ് വിടേണ്ടി വന്നത്. നാണക്കേടുകളുടെ ചില റെക്കോര്‍ഡുകളും ഇതോടെ സയീമിനെ തേടിയെത്തുകയും ചെയ്തിരുന്നു.

പിന്തുണയുമായി പോണ്ടിങ്
ഓസ്‌ട്രേലിയക്കെതിരായ ആദ്യത്തെ രണ്ടു ഏകദിനങ്ങളിലും തിളങ്ങാനായില്ലെങ്കിലും അതിന്റെ പേരില്‍ വിരാട് കോലി മാനസികമായി തളരാന്‍ പാടില്ലെന്നു ഉപദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരം റിക്കി പോണ്ടിങ്. മുമ്പ് കളിച്ചിട്ടുള്ള മല്‍സരങ്ങളില്‍ കാണിച്ചതു പോലെയൊരു ദാഹം ഇനിയും പുറത്തെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
വിവിധ ഫോര്‍മാറ്റുകളിലായി ദേശീയ ടീമിനായി കാഴ്ചവച്ചിട്ടുള്ള നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കാരണം ഓസ്‌ട്രേലിയന്‍ കാണികള്‍ക്കു ഏറെ പ്രിയങ്കരനാണ് കോലി. മാത്രമല്ല, ഓസീസിനെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളും കൂടിയാണ് അദ്ദേഹം.
വിരാട് കോലിക്കു ഇനിയും ചില ചെറിയ ലക്ഷ്യങ്ങളുണ്ടാവണമന്നാണ് ഞാന്‍ കരുതുന്നത്. 2027ലെ ലോകകപ്പ വരെ ടീമില്‍ പിടിച്ചുനില്‍ക്കുകയെന്നതു മാത്രമായിരിക്കരുത് അതെന്നും ഐസിസി റിവ്യുവില്‍ സംസാരിക്കവെ പോണ്ടിങ് ആവശ്യപ്പെടുന്നു.
അതേസമയം, ആദ്യ രണ്ടു ഏകദിനങ്ങളിലെയും മോശം പ്രകടനത്തിന്റെ ക്ഷീണം ഇനി സിഡ്‌നിയിലെ അവസാന കളിയില്‍ തീര്‍ക്കാനായിരിക്കും കോലി ശ്രമിച്ചേക്കുക. ഫിഫ്റ്റി പ്ലസ് സ്‌കോറോ, സെഞ്ച്വറിയോ നേടാനായാല്‍ കഴിഞ്ഞ രണ്ടു കളിയിലെയും ഡെക്കുകളുടെ ക്ഷീണവും അദ്ദേഹത്തിനു തീര്‍ക്കാം.