പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയ പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഇതിനിടെ മൂന്നാംദിനത്തില്‍ ഒരു വമ്പന്‍ റെക്കോര്‍ഡും കുറിച്ചിരിക്കുകയാണ് റണ്‍മെഷീനും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി. ബാറ്റിങില്‍ സെഞ്ച്വറിയുമായി മിന്നിച്ച ശേഷമായിരുന്നു ക്യാച്ചിങില്‍ അദ്ദേഹം റെക്കോര്‍ഡിന് അവകാശിയായത്. ഇതോടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും കോലി ഓവര്‍ടേക്ക് ചെയ്തു.
534 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ജസ്പ്രീത് ബുറ നയിക്കുന്ന ടീം ഇന്ത്യ ഓസ്‌ട്രേലിയക്കു മുന്നില്‍ വച്ചിരിക്കുന്നത്. മറുപടി ബാറ്റിങില്‍ മൂന്നാംദിനത്തിലെ കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിനു 12 റണ്‍സെന്ന നിലയില്‍ പരുങ്ങലിലാണ് കംഗാരുപ്പട. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ഓസീസിനു ജയിക്കാന്‍ ഇനി 522 റണ്‍സ് കൂടി വേണം.

റെക്കോര്‍ഡിട്ട് കോലി
ഇന്ത്യക്കു വേണ്ടി രണ്ടാമിന്നിങ്‌സില്‍ അപരാജിത സെഞ്ച്വറിയുമായി കസറിയതിനു പിന്നാലെയാണ് വിരാട് കോലി ക്യാച്ചുകളുടെ കാര്യത്തിലും റെക്കോര്‍ഡ് കുറിച്ചത്. ബാറ്റിങില്‍ മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്ന കോലി പുറത്താവാതെ 100 റണ്‍സാണ് നേടിയത്. 143 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറും രണ്ടു സിക്‌സറുകളുമുണ്ടായിരുന്നു. കോലിയുടെ സെഞ്ച്വറിക്കു പിന്നാലെ ആറു വിക്കറ്റിനു 487 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സും ഡിക്ലര്‍ ചെയ്യുകയായിരുന്നു.
ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ക്യാച്ചുകളെടുത്ത മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്. നേരത്തേ മൂന്നാസ്ഥാനത്തുണ്ടായിരുന്നത് സച്ചിനായിരുന്നു. 115 ക്യാച്ചുകളാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുള്ളത്. ഇതാണ് 116ാം ക്യാച്ചോടെ കോലി പിന്തള്ളിയത്. ഈ ലിസ്റ്റില്‍ ഇനി മുന്‍ ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ മാത്രമേ കോലിക്കു മുന്നിലുള്ളൂ.
210 ക്യാച്ചുകളുമായി ദ്രാവിഡിന്റെ പേരിലാണ് ക്യാച്ചുകളിലെ ഓള്‍ടൈം റെക്കോര്‍ഡ്. 135 ക്യാച്ചുകളുമായി ലക്ഷ്മണ്‍ രണ്ടാസ്ഥാനത്തും നില്‍ക്കുന്നു. ഈ റെക്കോര്‍ഡ് കോലി മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് പഴങ്കയാക്കുക അദ്േഹത്തിനു ഏറെക്കുറെ അസാധ്യം തന്നെയായിരിക്കും.
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ക്യാച്ചെടുത്തതോടെയാണ് സച്ചിനെ മറികടന്ന് കോലി എലൈറ്റ് ക്ലബ്ബില്‍ മൂന്നാംസ്ഥാനത്തേക്കു കയറിയത്. രണ്ടാമിന്നിങ്‌സില്‍ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ കമ്മിന്‍സിനെ രണ്ടാമിന്നിങ്‌സിലെ നാലാമത്തെ ഓവറില്‍ മുഹമ്മദ് സിറാജാണ് മടക്കിയത്. ഓവറിലെ ആദ്യ ബോളില്‍ തന്നെ കമ്മിന്‍സ് വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ രണ്ടാം സ്ലിപ്പിലുണ്ടായിരുന്ന കോലിയുടെ കൈകളിലെത്തുകയായിരുന്നു.