Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കെതിരേ തല്ലിത്തകര്‍ക്കും, ഇത്രയും ദേഷ്യം എന്തിന്? കാരണം പറഞ്ഞ് ഹെഡ്

സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ട്രാവിസ് ഹെഡ്. ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ ഓപ്പണര്‍ ആദ്യ പന്ത് മുതല്‍ തല്ലിത്തകര്‍ക്കുന്ന ബാറ്റ്‌സ്മാനാണ്. പേസിനേയും സ്പിന്നിനേയും കടന്നാക്രമിക്കുന്ന താരം ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് ഇതിനോടകം മാറിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിലും തകര്‍പ്പന്‍ പ്രകടനമാണ് ഹെഡ് കാഴ്ചവെച്ചത്.

ഇന്ത്യയ്‌ക്കെതിരേ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് ഹെഡ്. ഇന്ത്യ ആതിഥേയരായ അവസാന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ കിരീട മോഹങ്ങളെ തകര്‍ത്തത് ഹെഡാണെന്ന് പറയാം. സെഞ്ച്വറിയോടെ മാച്ച് വിന്നറായി മാറാന്‍ ഹെഡിന് സാധിച്ചു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കെ ഹെഡിന്റെ പ്രകടനത്തെ ഇന്ത്യ ഭയക്കേണ്ടതായുണ്ട്. എല്ലാ ടീമിനെതിരേയും മികവ് കാട്ടുന്നുണ്ടെങ്കിലും ഇന്ത്യക്കെതിരേ ഹെഡിന്റെ പ്രകടനം സവിശേഷമാണ്. ഇതിന്റെ കാരണം ഓസീസ് താരം തന്നെ പറഞ്ഞിരിക്കുകയാണ്.

ഇന്ത്യയെ ഫേവറേറ്റുകളായി കണ്ടിട്ടില്ല

ഇന്ത്യക്ക് കരുത്തുറ്റ ബൗളിങ് നിരയുണ്ട്. പേസ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരെല്ലാം ഉള്‍പ്പെടുമ്പോള്‍ സ്പിന്‍ നിരയില്‍ അക്ഷര്‍ പട്ടേലും ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമെല്ലാമുണ്ട്. ഇവരുടെയെല്ലാം പ്രകടനം ഗംഭീരമായതിനാല്‍ ഇന്ത്യയുടെ ബൗളിങ് നിരയെ എല്ലാവരും ഭയക്കുന്നു. ഇന്ത്യയെ ഫേവറേറ്റുകളായാണ് പല ടീമുകളും താരങ്ങളും കാണുന്നത്. എന്നാല്‍ തനിക്ക് അങ്ങനെയല്ലെന്നാണ് ഹെഡ് പറയുന്നത്.

'ഇന്ത്യയെ ഫേവറേറ്റുകളായി ഞാന്‍ കരുതിയിട്ടില്ല. സാധാരണ ടീമിനെ നേരിടുന്നത് പോലെ മാത്രമാണ് കണ്ടിട്ടുള്ളത്. ഇന്ത്യക്കെതിരേ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ഭേദപ്പെട്ട ഫോമിലാണുള്ളത്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാണ്. പോരാട്ടങ്ങളെ അധികം കഠിനമായി കാണുന്നില്ല. ഇന്ത്യ ശക്തമായ നിരയാണെങ്കിലും അവര്‍ക്കെതിരേ കളിക്കുകയെന്നത് പ്രത്യേക സുഖമാണ്. വരുന്ന പരമ്പരകളിലും ഈ മികവ് തുടരാനാവുമെന്നാണ് കരുതുന്നത്' ഹെഡ് പറഞ്ഞു.

travis head

ഹെഡിനെ ഇന്ത്യ ഭയക്കണം

ട്രാവിസ് ഹെഡിന്റെ ബാറ്റിങ്ങിനെ ഇന്ത്യ ഭയക്കണം. ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന താരം ഹെഡാണ്. കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനാണ് ഹെഡ്. അതുകൊണ്ടുതന്നെ പിടിച്ചുകെട്ടുക കടുപ്പം. ഇന്ത്യയുടെ പേസര്‍മാര്‍ക്ക് ഏറ്റവും ഭീഷണി ഉയര്‍ത്തുക ഹെഡായിരിക്കുമെന്ന് നിസംശയം പറയാം. ഹെഡിനെതിരേ കൃത്യമായ പദ്ധതി ഇല്ലാത്ത പക്ഷം ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടതായി വരും.

ക്രീസീല്‍ നില്‍ക്കുന്ന കുറഞ്ഞ സമയത്തിനുള്ളില്‍ ഇംപാക്ട് സൃഷ്ടിക്കുന്ന താരമാണ് ഹെഡ്. അതുകൊണ്ടുതന്നെ ഹെഡിനെ പൂട്ടുകയാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ തലവേദന. സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരെക്കാള്‍ ഇന്ത്യ ഭയക്കുന്നത് ഹെഡിനെയാണ്. മാനസികമായി ഇന്ത്യ ഭയക്കുന്നില്ലെന്നും നേരിടാന്‍ ഇഷ്ടമാണെന്നും തുറന്ന് പറഞ്ഞ ഹെഡിനെ ഇന്ത്യ കരുതിത്തന്നെ ഇറങ്ങണം. ജസ്പ്രീത് ബുംറക്ക് ഹെഡിനെ പുറത്താക്കാനാവുമോയെന്നതാണ് കണ്ടറിയണം.

ഇന്ത്യ ഹാട്രിക് അടിക്കുമോ

അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇത്തവണയും ഓസ്‌ട്രേലിയക്ക് പോകുന്നത്. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന് ഉറപ്പാണ്. ഓസീസ് ഇതിനോടകം തന്നെ ശക്തമായ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും പല പ്രശ്‌നങ്ങളും ബാക്കിയാണ്. പുതിയ പരിശീലകന്‍ ഗൗതം ഗംഭീര്‍ എങ്ങനെയാവും ടീമിനെ കളത്തിലിറക്കുകയെന്നതാവും കണ്ടറിയേണ്ടത്.

രവി ശാസ്ത്രിക്കും രാഹുല്‍ ദ്രാവിഡിനുമെല്ലാം ഇന്ത്യന്‍ ടീമിന്റെ നിലവാരം താഴാതെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിരുന്നു. ഗംഭീറിന് ഇത് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യക്ക് ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ വിടവ് നികത്തേണ്ടതായുണ്ട്. റിഷഭ് പന്ത് പരിക്കിന് ശേഷം തിരിച്ചുവന്നെങ്കിലും പഴയ ഫോമില്ല. മുഹമ്മദ് ഷമി പരിക്കിന്റെ പിടിയിലാണ്. ഇതെല്ലാം ഇന്ത്യക്ക് തിരിച്ചടിയായി മാറാനാണ് സാധ്യത കൂടുതല്‍.

Story first published: Sunday, September 15, 2024, 11:16 [IST]
Other articles published on Sep 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+