മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നിര്‍ണായകമായ നാലാം ടെസ്റ്റിനു വ്യാഴാഴ്ച മെല്‍ബണില്‍ തുടക്കമാവുകയാണ്. പരമ്പരയില്‍ 1-1നു ഒപ്പം നില്‍ക്കുന്നതില്‍ അടുത്ത ടെസ്റ്റില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകളും ലക്ഷ്യമിടില്ലെന്നുറപ്പാണ്. നാലാമങ്കത്തില്‍ ജയിക്കുന്നവര്‍ക്കു പരമ്പര നഷ്ടമാവില്ലെന്നു ഉറപ്പിക്കുകയും ചെയ്യാം.
നേരത്തേ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്റെ ഗംഭീര വിജയവുമായിട്ടാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ അഡ്‌ലെയ്ഡ് ഓവലിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായി തിരിച്ചടിച്ചു. 10 വിക്കറ്റിനാണ് ഇന്ത്യയെ കംഗാരുപ്പട വാരിക്കളഞ്ഞത്. അതിനു ശേഷം ബ്രിസ്ബണിലെ ഗാബയില്‍ മഴ രസം കൊല്ലിയായ മൂന്നാമങ്കത്തില്‍ ഇരുടീമുകളു സമനില സമ്മതിച്ചു പിരിയുകയും ചെയ്തു.
ഈ പരമ്പരയില്‍ ഇന്ത്യക്കു ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നത് ഇടംകൈയന്‍ വെടിക്കെട്ട് ബാറ്ററായ ട്രാവിസ് ഹെഡാണ്. രണ്ടു സെഞ്ച്വറികളടക്കം നേടി പരമ്പരയിലെ ടോപ്‌സ്‌കോററായി മാറിയിരിക്കുകയാണ് താരം. എന്നാല്‍ നാലാമങ്കത്തില്‍ ഹെഡിനെ ഇന്ത്യക്കു ഭയക്കേണ്ടതില്ല. ബോക്‌സിങ് ഡേ ടെസ്റ്റില്‍ താരം ഫ്‌ളോപ്പായി മാറിയേക്കും. ഇതിന്റെ കാരണമറിയാം.

ഹെഡിന്റെ റെക്കോര്‍ഡ്
ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കായി ട്രാവിസ് ഹെഡിന്റെ സമീപകാലത്തെ പ്രകടനങ്ങളാണ് ഇന്ത്യന്‍ ടീമിനു സന്തോഷിക്കാന്‍ വക നല്‍കുന്നത്. ബോക്‌സിങ് ഡേയില്‍ (ഡിസംബര്‍ 26) അവസാനമായി കളിച്ചിട്ടുള്ള നാലു ടെസ്റ്റ് ഇന്നിങ്‌സുകളെടുത്താല്‍ അദ്ദേഹത്തിനു കാര്യമായി തിളങ്ങാനായിട്ടില്ലെന്നു കാണാം.
ഒടുവില്‍ കളിച്ചിട്ടുള്ള അവസാനത്തെ നാലിന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി നേടിയതൊഴിച്ചാല്‍ ഹെഡിന്റെ പ്രകടനം നിരാശാജനകമാണ്. 55 ബോളില്‍ 51 റണ്‍സ് നേടിയതാണ് കഴിഞ്ഞ നാലിന്നിങ്‌സില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതു മാറ്റി നിര്‍ത്തിയാല്‍ 27 റണ്‍സ് (48 ബോള്‍, 17 (32 ബോള്‍), 0 (1) എന്നിങ്ങനെയാണ് ഹെഡിന്റെ സ്‌കോറുകള്‍.
ബോക്‌സിങ് ഡേയില്‍ ഫ്‌ളോപ്പാവുന്ന ശീലം മെല്‍ബണിലും ഹെഡ് ആവര്‍ത്തിക്കുകയാണെങ്കില്‍ ഇതു ഇന്ത്യക്കു വലയ പ്ലസ് പോയിന്റായി മാറും. കാരണം കഴിഞ്ഞ മൂന്നു ടെസ്റ്റുകളെടുത്താല്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ ഏറ്റവും അനായാസമായി നേരിട്ട് റണ്‍സ് വാരിക്കൂട്ടിയ താരം അദ്ദേഹമാണ്. മറ്റുള്ളവരൊന്നും അത്ര ആത്മവിശ്വാസത്തിലല്ല കാണപ്പെട്ടിരുന്നത്. അതിനാല്‍ മെല്‍ബണില്‍ ഹെഡ് നനഞ്ഞ പടക്കമായാല്‍ അതു ഇന്ത്യന്‍ ജയത്തിനു വഴിയൊരുക്കിയേക്കും.
ഹെഡിന്റെ പ്രകടനം
ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി യഥാര്‍ഥത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയു തമ്മിലാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കാരണം അത്രയും വലിയ ഇംപാക്ടാണ് ഈ പരമ്പരയില്‍ ഇടംകൈയന്‍ ബാറ്ററുണ്ടാക്കിയത്. പരമ്പരയിലെ റണ്‍വേട്ടയില്‍ ഹെഡിന്റെ അരികില്‍പ്പോലും മറ്റൊരു താരവും എത്തിയിട്ടില്ലെന്ന കാണാം.

മൂന്നു ടെസ്റ്റുകളിലായി അഞ്ചിന്നിങ്‌സുകളിലാണ് താരം ബാറ്റ് .ചെയ്തത്. ഇവയില്‍ നിന്നും 81.80 ശരാശരിയില്‍ വാരിക്കൂട്ടിയത് 409 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. 47 ഫോറുകളും നാലു സിക്‌സറുകളും ഹെഡ് പായിക്കുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ 152 റണ്‍സുമാണ്.
ഹെഡ് കഴിഞ്ഞാല്‍ പരമ്പരയിലെ രണ്ടാമത്തെ റണ്‍ സ്‌കോററായ ഇന്ത്യന്‍ താരം കെഎല്‍ രാഹുലിന്റെ സമ്പാദ്യം വെറും 235 റണ്‍സ് മാത്രമാണ്. ഹെഡും ഇരുടീമുകളിലെയും മറ്റു താരങ്ങളും തമ്മിലുള്ള അന്തരം എത്ര മാത്രം വലുതാണെന്നു ഇതു കാണിച്ചു തരികയും ചെയ്യുന്നു.