അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാംദിനം തേര്‍ഡ് അംപയറുടെ ഒരു വിവാദ തീരുമാനം വലിയ ചര്‍ച്ചയായി മാറുകയാണ്. ഉറപ്പായും ഇന്ത്യക്കു ലഭിക്കേണ്ടിയിരുന്ന വിക്കറ്റാണ് തേര്‍ഡ് അംപയറുടെ പിഴവ് കാരണം നിഷേധിക്കപ്പെട്ടത്. വ്യക്തമായ തെളിവില്ലെന്നു പറഞ്ഞായിരുന്നു തേര്‍ഡ് അംപയര്‍ ഇന്ത്യക്കെതിരേ തീരുമാനമെടുത്തത്. പിന്നാലെ ഇതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അംപയര്‍ കുരുക്കിലാവുകയും ചെയ്തു.
ഈ പരമ്പരയില്‍ ഇതാദ്യമായിട്ടല്ല തേര്‍ഡ് അംപയര്‍ ഇന്ത്യക്കെതിരായി വിവാദ തീരുമാനമെടുക്കുന്നത്. നേരത്തേ പെര്‍ത്തില്‍ ഇന്ത്യ ജയിച്ച ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം കെഎല്‍ രാഹുലിനെതിരേയും തേര്‍ഡ് അംപയറുടെ മോശം തീരുമാനം വലിയ വിവാദമായിരുന്നു. അന്നു അംപയറുടെ അബദ്ധം കാരണം രാഹുലിന് നിരാശനായി ക്രീസ് വിടേണ്ടി വരികയായിരുന്നു.

സംഭവം ഇങ്ങനെ
രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനം ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പായിരുന്നു സംഭവം. സ്റ്റാര്‍ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വനെറിഞ്ഞ 58ാമത്തെ ഓവറിലായിരുന്നു ഇത്. ഈ ഓവര്‍ ആരംഭിക്കുമ്പോള്‍ ഓസീസ് നാലു വിക്കറ്റിന് 185 റണ്‍സെന്ന നിലയിലായിരുന്നു. ട്രാവിസ് ഹെഡും (49) മിച്ചെല്‍ മാര്‍ഷുമായിരുനു (0) അപ്പോള്‍ ക്രീസില്‍.
മാര്‍ഷാണ് അശ്വിന്റെ ഈ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത്. ആദ്യത്തെ രണ്ടു ബോളില്‍ അദ്ദേഹത്തിനു റണ്ണൊന്നും ലഭിച്ചില്ല. മൂന്നാമത്തെ ബോളില്‍ ക്രീസിനു ഏറെ പുറത്തേക്കിറങ്ങി മാര്‍ഷ് പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതു പാഡില്‍ പതിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളുടെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ ഇതു തള്ളുകയായിരുന്നു. ബാറ്റില്‍ തട്ടിയ ശേഷമാണോ ബോള്‍ പാഡില്‍ കൊണ്ടതെന്നായിരുന്നു പ്രധാന സംശയം.
മിച്ചെല്‍ മാര്‍ഷിനെതിരായ എല്‍ബിഡബ്ല്യു, വീഡിയോ കാണാം
എന്നാല്‍ അശ്വിനു അതു ഔട്ടാണെന്നുറപ്പായിരുന്നു. അശ്വിനോടും ടീമംഗങ്ങളോടും അഭിപ്രായം തേടിയ ശേഷം രോഹിത് ശര്‍മ റിവ്യു എടുക്കുകയും ചെയ്തു. സ്‌നിക്കോ മീറ്റര്‍ നോക്കിയപ്പോള്‍ ബാറ്റിലാണോ, പാഡിലാണോ ആദ്യം ബോള്‍ തട്ടിയതെന്നു മനസ്സിലാക്കാന്‍ തേര്‍ഡ് അംപയര്‍ റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോയ്ക്കായില്ല.
വശങ്ങളിലെ ആംഗിളുകളാണ് അദ്ദേഹം കൂടുതലായി പരിശോധിച്ചത്. ഇതില്‍ നിന്നും കൃത്യമായ നിഗമനത്തിലെത്താല്‍ തേര്‍ഡ് അംപയര്‍ക്കായില്ല. ഇതോടെ വ്യക്തമായ തെളിവില്ലെന്നു പറഞ്ഞ് അദ്ദേഹം ഓണ്‍ഫീല്‍ഡ് അംപയറുടെ നോട്ടൗട്ട് തീരുമാനം ശരിവയ്ക്കുകയും ചെയ്തു. വിലപ്പെട്ട ഒരു റിവ്യു ഇന്ത്യക്കു നഷ്ടമാവുകയും ചെയ്തു.
സംഭവിച്ചത് വന്‍ പിഴവ്
തേര്‍ഡ് അംപയര്‍ റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോയുടെ ഭാഗത്തു നിന്നും വലിയൊരു പിഴവ് തന്നെയാണ് സംഭവിച്ചതെന്നു തുടര്‍ന്നുള്ള റീപ്ലേകളില്‍ തെളിയുകയും ചെയ്തു. ബോളിന്റെ മുന്‍ഭാഗത്തു നിന്നുള്ള ആംഗിള്‍ അദ്ദേഹം സൂം ചെയ്യാനോ, കൂടുതല്‍ പരിശോധിക്കാനോ തയ്യാറായില്ല. മിച്ചെല്‍ മാര്‍ഷിന്റെ പാഡില്‍ തന്നെയാണ് ബോള്‍ ആദ്യം പതിച്ചെന്നു മുന്‍ ഭാഗത്തു നിന്നുള്ള ആംഗിളില്‍ നിന്നും വളരെ വ്യക്തമായിരുന്നു.
ഈ ബോള്‍ മിഡില്‍ സ്റ്റംപിലാണ് പതിക്കുകയെന്നു ബോള്‍ ട്രാക്കിങില്‍ വ്യക്തമായി കാണുകയും ചെയ്യാം. ബോളിന്റെ മുന്‍ ഭാഗത്തു നിന്നുള്ള റീപ്ലേകള്‍ കൂടി കൃത്യമായി പരിശോധിച്ചിരുന്നെങ്കില്‍ തേര്‍ഡ് അംപയര്‍ ഉറപ്പായും ഇത് ഔട്ട് നല്‍കേണ്ടതായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ധൃതി പിടിച്ചുള്ള തീരുമാനം കാരണം അശ്വിനും ഇന്ത്യക്കും അര്‍ഹിച്ച വിക്കറ്റ് നിഷേധിക്കപ്പെടുകയും ചെയ്തു.
അതേസമയം, പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 180 റണ്‍സിനു മറുപടിയില്‍ രണ്ടാം ദിനം രണ്ടാം സെഷനില്‍ ഓസ്‌ട്രേലിയ 64 ഓവറില്‍ നാലു വിക്കറ്റിനു 208 റണ്‍സെടുത്തിട്ടുണ്ട്. ആറു വിക്കറ്റ് ശേഷിക്കെ ഓസീസ് ഇപ്പോള്‍ 28 റണ്‍സിനു മുന്നിലാണ്. ട്രാവിസ് ഹെഡും (62) മിച്ചെല്‍ മാര്‍ഷുമാണ് (9) ക്രീസിലുള്ളത്.