ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ഒരു ഘട്ടത്തില്‍ ഫോളോഓണ്‍ ഭീഷണി നേരിട്ടെങ്കിലും വാലറ്റത്തിന്റെ പോരാട്ടവീര്യം ടീമിനെ കൈപിടിച്ചുയര്‍ത്തി. 246 റണ്‍സായിരുന്നു ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്കു വേണ്ടിയിരുന്നത്. ഒമ്പതു വിക്കറ്റിനു 252 റണ്‍സുമായി നാലാംദിനത്തിലെ കളി ഇന്ത്യ അവസാനിപ്പിക്കുകയും ചെയ്തു.
ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനി വേണ്ടത് 193 റണ്‍സാണ്. 27 റണ്‍സുമായി ആകാശ്ദീപും 10 റണ്‍സോടെ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുമാണ് ക്രീസില്‍. അവസാന വിക്കറ്റില്‍ ഈ ജോടി 54 ബോളില്‍ 39 റണ്‍സ് ടീം ടോട്ടലിലേക്കു ചേര്‍ത്തു കഴിഞ്ഞു. ഫോളോഓണ്‍ ഒഴിവക്കാന്‍ ഇന്ത്യയെ സഹായിച്ചതും ഇതു തന്നെയാണ്. കെഎല്‍ രാഹുലിന്റെയും (84) രവീന്ദ്ര ജഡേജയുടയും (77) ഫിഫ്റ്റികളാണ് ടീമിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.

139 ബോളുകള്‍ നേരിട്ട രാഹുലിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറുകളുണ്ടായിരുന്നു. ജഡ്ഡുവാകട്ടെ 123 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സറുമടിച്ചു. മറ്റാരും തന്നെ ഇന്ത്യന്‍ നിരയില്‍ 30 റണ്‍സ് പോലും തികച്ചില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (10), നിതീഷ് റെഡ്ഡി (16), മുഹമ്മദ് സിറാജ് (1) എന്നിവരാണ് ഇന്നു പുറത്തായവര്‍.
യശസ്വി ജയ്‌സ്വാള്‍ (4), ശുഭ്മന്‍ ഗില്‍ (1), വിരാട് കോലി (1), റിഷഭ് പന്ത് (9) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാംദിനം ഇന്ത്യക്കു നഷ്ടമായത്. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലും മിച്ചെല്‍ സ്റ്റാര്‍ക്ക് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഓസ്‌ട്രേലിയ മൂന്നാംദിനം രാവിലെ 445 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു.
ട്രാവിസ് ഹെഡ് (152), സ്റ്റീവ് സ്മിത്ത് (101) എന്നിവരുടെ സെഞ്ച്വറികളാണ് ഓസീസിനു കരുത്തായത്. 160 ബോളുകള്‍ നേരിട്ട ഹെഡ് 18 ഫോറുകളടിച്ചു. സ്മിത്താവട്ടെ 190 ബോളില്‍ 12 ഫോറുകളും നേടി. 70 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരിയാണ് ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 88 ബോളുകള്‍ നേരിട്ട താരം ഏഴു ഫോറും രണ്ടു സിക്‌സറുമടിച്ചു.
ആറു വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ വേറിട്ടുനിന്നത്. 28 ഓവറില്‍ ഒമ്പതു മെയ്ഡനടക്കം 76 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം ആറു പേരെ മടക്കിയത്. മുഹമ്മദ് സിറാജിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ നിതീഷ് റെഡ്ഡിയും ആകാശ്ദീപും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ്.
ഓസ്‌ട്രേലിയ-ഉസ്മാന്‍ ഖവാജ, നതാന്‍ മക്‌സ്വീനി, മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ്, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയണ്‍, ജോഷ് ഹേസല്‍വുഡ്.